കൊച്ചി ∙ കേരള ഗവ.ഐടി പാർക്കുകൾക്കു വേണ്ടി രാജ്യാന്തര പ്രോപ്പർട്ടി കൺസൽറ്റന്റുമാരെ (ഐപിസി) നിയമിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം കേരളത്തിലെ ഐടി നഗരങ്ങളെ ആഗോളതലത്തിൽ ‘മാർക്കറ്റ്’ ചെയ്യാൻ കൂടി ലക്ഷ്യമിട്ട്. പാർക്കുകളിൽ അവശേഷിക്കുന്ന ഓഫിസ് ഇടവും നിർമാണത്തിനായി അവശേഷിക്കുന്ന സ്ഥലവും പാട്ടത്തിന് എടുക്കാൻ കമ്പനികളെ ആകർഷിക്കുകയാണ് പ്രോപ്പർട്ടി കൺസൽറ്റന്റുമാരുടെ ദൗത്യം. ഡിലോയ്റ്റ് നാസ്കോം റിപ്പോർട്ട് പ്രകാരം രാജ്യത്തെ എമേർജിങ് ടെക് ഹബ്’ പട്ടികയിൽ തിരുവനന്തപുരവും കൊച്ചിയും ഇടം പിടിച്ചിരുന്നു.
ഈ നഗരങ്ങളെ ദേശീയ, രാജ്യാന്തര കമ്പനികൾക്കു മുന്നിൽ അവതരിപ്പിക്കാനും ഇവിടേക്ക് ആകർഷിക്കാനുമാണ് ഐടി ഇക്കോസിസ്റ്റം നന്നായി അറിയാവുന്ന ഐപിസികളുടെ സേവനം ഉപയോഗിക്കുക. തിരുവനന്തപുരം ടെക്നോപാർക്കിൽ128 ഏക്കർ സ്ഥലവും 35,000 ചതുരശ്ര അടി ഓഫിസ് ഇടവും ലഭ്യമാണ്. ഇതിൽ 118 ഏക്കർ സ്ഥലവും 15,000 ചതുരശ്ര അടി ഓഫിസ് ഇടവും ഫെയ്സ് നാലാണ്. ഫെയ്സ് മൂന്നിൽ 10 ഏക്കർ ഭൂമിയും ടെക്നോപാർക്ക് കൊല്ലത്ത് 20,000 ചതുരശ്ര അടി അധിക ഓഫിസ് ഇടവും ബാക്കിയുണ്ട്. ഇൻഫോപാർക്ക് കാക്കനാട് ക്യാംപസിൽ 20,000 ചതുരശ്ര അടിയും തൃശൂർ കൊരട്ടി ക്യാംപസിൽ 1,25,000 ചതുരശ്ര അടിയും ചേർത്തലയിൽ 1,40,000 ചതുരശ്ര അടിയും ഓഫിസ് ഇടം ലഭ്യമാണ്. കോഴിക്കോട് സൈബർ പാർക്കിൽ കെട്ടിട നിർമാണത്തിനായി 23 ഏക്കർ സ്ഥലം ബാക്കിയുണ്ട്.
ഐപിസികളുടെ സേവനം ഐടി പാർക്കുകളെയും നഗരങ്ങളെയും ആഗോള കാഴ്ചയിൽ എത്തിക്കുമെന്നു ഇൻഫോപാർക്ക് ആൻഡ് സൈബർപാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സുശാന്ത് കുറുന്തിൽ പറഞ്ഞു. തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ആഗോള തലത്തിൽ കേരളത്തെ ഐടി ഹബ്ബായി അടയാളപ്പെടുത്താനുമാണു ലക്ഷ്യമിടുന്നതെന്നു ടെക്നോപാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ റിട്ട.കേണൽ സഞ്ജീവ് നായർ പറഞ്ഞു. പുതിയ കമ്പനികളെയും കോഡവലപ്പർമാരെയും ആകർഷിക്കുന്നതിനായി ഐപിസികൾക്കു പ്രതിഫലം നൽകും. ഐടി ഓഫിസ് ഇടം പാട്ടത്തിനെടുക്കാൻ കമ്പനികളെ എത്തിക്കുന്ന ഐപിസികൾക്കു 2 മാസത്തെ വാടകയ്ക്കു തുല്യമായ മൂല്യം ലഭിക്കും. സ്ഥലം പാട്ടം ഇടപാടിനു ഫീസ് പാട്ടത്തുക പ്രീമിയത്തിന്റെ ഒരു ശതമാനമായിരിക്കും.
Content Highlight: Property Consultant for IT Parks
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]