കോർപ്പറേറ്റ് ലോകത്ത് വലിയ ചർച്ചയായ സംഭവത്തിന് പിന്നാലെ, സൂം കോൺഫറൻസിലൂടെ നൂറുകണക്കിന് ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ട് വിവാദത്തിലായ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് തിരിച്ചടി. 2021-ൽ ഇന്ത്യൻ വംശജനായ വിശാൽ ഗാർഗ് 900 ജീവനക്കാരെ ഒരുമിച്ച് പിരിച്ചുവിട്ട
നടപടി കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബെറ്റർ ഹോം ആൻഡ് ഫിനാൻസ് എന്ന കമ്പനി അദ്ദേഹത്തെ സിഇഒ സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരിക്കുന്നത്.
തന്റെ പഴയ ജോലി തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് നിലവിൽ വിശാൽ ഗാർഗ്. തന്റെ പുതിയ സിഇഒ സ്ഥാനത്തേക്ക് ഹെഡ്ജ് ഫണ്ട് മാനേജരായ ഡാനിയൽ ലൂയിസ് എത്തിയത് കൃത്രിമവും തട്ടിപ്പിലൂടെയുമാണെന്ന് വിശാൽ ആരോപിക്കുന്നു.
തന്നെ കബളിപ്പിച്ചാണ് ലൂയിസ് ഈ പദവി കൈക്കലാക്കിയത്. ഏതാനും മാസങ്ങൾക്ക് മുൻപ് കമ്പനിയുടെ ചെലവുകൾ കുറയ്ക്കുന്നതിനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുമുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിക്കാമെന്ന് പറഞ്ഞാണ് ലൂയിസ് തന്നെ സമീപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
കമ്പനിയുടെ നയങ്ങളെ സോഷ്യൽ മീഡിയയിലൂടെ പിന്തുണച്ചതോടെ ഇവർ തമ്മിലുള്ള ബന്ധം ദൃഢമാവുകയും, തുടർന്ന് ഡയറക്ടർ ബോർഡ് അംഗങ്ങളെ പരിചയപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ജൂലൈ 27-ന് ലൂയിസ് ഡയറക്ടർ ബോർഡിൽ അംഗമായി.
തൊട്ടടുത്ത മാസം, അതായത് ഓഗസ്റ്റ് 3-ന് ബോർഡിലെ മറ്റ് അംഗങ്ങളെ സ്വാധീനിച്ച് തന്നെ സിഇഒ സ്ഥാനത്തുനിന്ന് പുറത്താക്കുകയായിരുന്നു എന്നാണ് വിശാലിന്റെ പ്രധാന ആരോപണം. നഷ്ടപ്പെട്ട
പദവി തിരിച്ചുപിടിക്കുന്നതിനായി ശക്തമായ നിയമപോരാട്ടത്തിനൊരുങ്ങുകയാണ് അദ്ദേഹം. ഇതിനായി ഇതിനോടകം തന്നെ പ്രമുഖ അഭിഭാഷകനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, ഡയറക്ടർ ബോർഡിലെ മറ്റ് അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള നീക്കങ്ങളും അദ്ദേഹം ആരംഭിച്ചു. കമ്പനി വീണ്ടും ലാഭകരമാകുന്നതുവരെ പ്രതിവർഷം വെറും ഒരു ഡോളർ ശമ്പളത്തിൽ സേവനം അനുഷ്ഠിക്കാൻ തയ്യാറാണെന്നാണ് അദ്ദേഹത്തിന്റെ പുതിയ വാഗ്ദാനം.
എന്നാൽ ഈ സംഭവത്തിൽ കമ്പനി അധികൃതർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. താൻ കമ്പനിയുടെ സ്ഥാപകരിൽ ഒരാളും ബോർഡ് അംഗവും ഏറ്റവും കൂടുതൽ വോട്ടിങ് അധികാരമുള്ള വ്യക്തിയുമാണെന്ന് വിശാൽ തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ വ്യക്തമാക്കി.
താൻ എളുപ്പത്തിൽ തോറ്റു പിന്മാറാൻ തയ്യാറല്ലെന്നും കമ്പനിയുടെ സുസ്ഥിരമായ ഭാവിക്കായി തുടർന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോർപ്പറേറ്റ് തലത്തിൽ വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചതായിരുന്നു 2021 ഡിസംബർ മാസത്തിൽ വിശാൽ നടപ്പിലാക്കിയ കൂട്ടപ്പിരിച്ചുവിടൽ.
കമ്പനിയുടെ ആകെ ജീവനക്കാരുടെ 15 ശതമാനത്തോളം വരുന്നവരെയാണ് അന്ന് അദ്ദേഹം ഒഴിവാക്കിയത്. ‘ഈ കോളിൽ ഉള്ളവരെയെല്ലാം പിരിച്ചു വിടുകയാണെന്ന്’ വിശാൽ വളരെ നിസ്സാരമായി പ്രഖ്യാപിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത് കമ്പനിക്ക് വൻ തിരിച്ചടിയായി മാറി.
ഇതിന്റെ പ്രതിഫലനമെന്നോണം മാർക്കറ്റിങ്, പബ്ലിക് റിലേഷൻസ് എന്നീ പ്രധാന വകുപ്പുകളിലെ ഒട്ടനവധി ഉന്നത ഉദ്യോഗസ്ഥർ കമ്പനിയിൽ നിന്ന് രാജിവെച്ചു പുറത്തുപോയി. തുടർന്ന് കടുത്ത പ്രതിഷേധത്തെ തുടർന്ന് മാപ്പ് പറഞ്ഞ വിശാൽ അവധിയിൽ പ്രവേശിക്കുകയുണ്ടായി.
അദ്ദേഹത്തിനെതിരെ ഔദ്യോഗിക അന്വേഷണവും കമ്പനി പ്രഖ്യാപിച്ചിരുന്നു. ജീവനക്കാർ അങ്ങേയറ്റം മാനസിക സംഘർഷത്തിലാണ് ജോലി ചെയ്യുന്നതെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ കമ്പനി കടുത്ത പ്രതിരോധത്തിലായി.
ഈ സാഹചര്യങ്ങളുടെ തുടർച്ചയായാണ് ഒടുവിൽ വിശാലിനെ കമ്പനി പുറത്താക്കാൻ തീരുമാനിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

