
ന്യൂഡൽഹി ∙ നിരക്കു പരിഷ്കരണത്തിനു പുറമേ ജിഎസ്ടി ഘടന അടിമുടി മാറ്റാനുള്ള നിർദേശങ്ങളും കേന്ദ്രസർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്. ചട്ടങ്ങൾ ലഘൂകരിക്കുന്നതിലൂടെ ജിഎസ്ടിയിലേക്ക് കൂടുതൽ സംരംഭകരെ കേന്ദ്രം ലക്ഷ്യമിടുന്നുണ്ട്.
നിലവിൽ 1.15 കോടി സംരംഭങ്ങളാണ് ജിഎസ്ടിയിലുള്ളത്. ഇത് വൈകാതെ 2 കോടിയാക്കാനാണ് പദ്ധതിയിടുന്നത്.
സർക്കാർ പദ്ധതിയിടുന്ന മറ്റ് ജിഎസ്ടി പരിഷ്കാരങ്ങൾ ചുവടെ:
റജിസ്ട്രേഷൻ: 95% സംരംഭങ്ങൾക്കും വെറും 3 ദിവസത്തിനകം ജിഎസ്ടി റജിസ്ട്രേഷൻ നൽകും. നിലവിൽ 6 ദിവസം വരെയൊക്കെ എടുക്കാം.
റിസ്ക് കുറവുണ്ടെന്ന് ബോധ്യപ്പെടുന്ന കേസുകളിൽ മാത്രമാണ് ഈ അതിവേഗ ചാനൽ.
ഓട്ടമേറ്റഡ് റീഫണ്ട്
: ജിഎസ്ടി റീഫണ്ട് പലപ്പോഴും തടഞ്ഞുവയ്ക്കപ്പെടുന്നത് ബിസിനസുകളെ കാര്യമായി ബാധിക്കാറുണ്ട്. ഇതൊഴിവാക്കാനായി റീഫണ്ടിന്റെ ഭൂരിഭാഗവും അപേക്ഷ ലഭിച്ച് നിശ്ചിത സമയത്തിനുള്ളിൽ തനിയെ (ഓട്ടമേറ്റഡ്) തിരികെ നൽകുന്ന സംവിധാനവും നടപ്പാക്കും.
ഇൻവെർട്ടഡ് ഡ്യൂട്ടി: ഉൽപന്നം വിൽക്കുമ്പോൾ ലഭിക്കുന്ന നികുതിയെക്കാൾ (ഔട്ട്പുട്ട്) കൂടുതൽ അതിനുള്ള അസംസ്കൃത വസ്തുക്കൾ വാങ്ങുമ്പോൾ (ഇൻപുട്ട്) നൽകേണ്ടി വരുന്ന ഇൻവെർട്ടഡ് ഡ്യൂട്ടി ഘടന തിരുത്താനുള്ള നടപടികളുണ്ടാകും.
നിലവിൽ ഇത്തരം സാഹചര്യങ്ങളിൽ ബാക്കി തുക റീഫണ്ടായി സംരംഭകർക്കു നൽകുകയാണ് പതിവ്. പലപ്പോഴും ഇതിന് കാലതാമസമുണ്ടാകുമെന്നതിനാൽ സംരംഭങ്ങളുടെ പണലഭ്യതയെ ബാധിക്കും.
റീഫണ്ട് ഓട്ടമേറ്റ് ചെയ്യുകയും ഇൻവെർട്ടഡ് ഡ്യൂട്ടി പ്രശ്നം പരിഹരിക്കുകയും ചെയ്യുന്നതോടെ ഈ പ്രതിസന്ധി ഒഴിവാകും.
ഇൻവെർട്ടഡ് ഡ്യൂട്ടി പ്രശ്നമുള്ളതിനാൽ അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതിനു പകരം ഫിനീഷ്ഡ് ഉൽപന്നങ്ങൾ വാങ്ങി വിൽക്കുന്ന രീതിയുണ്ട്. ഇത് പരിഹരിക്കപ്പെടുന്നതോടെ ആഭ്യന്തര മൂല്യവർധന (വാല്യു അഡീഷൻ) ശക്തിപ്പെടുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.
ടെക്സ്റ്റൈൽസ്, വളം നിർമാണ മേഖല എന്നിവയ്ക്ക് ഗുണകരമാകും.
ജിഎസ്ടി റിട്ടേൺ
: റിട്ടേണിൽ രേഖപ്പെടുത്തുന്ന വിവരങ്ങളിലെ പൊരുത്തക്കേടുകൾ മൂലം സംരംഭകർക്ക് നോട്ടിസ് അടക്കം ലഭിക്കുന്ന സ്ഥിതിയുണ്ട്. ഇതൊഴിവാക്കാനായി പല വിവരങ്ങളും ഓട്ടമാറ്റിക് ആയി പൂരിപ്പിക്കപ്പെട്ട
(പ്രീഫിൽഡ്) ഫോമുകൾ ലഭ്യമാക്കും.
ആശയക്കുഴപ്പം ഒഴിവാക്കും
: നിലവിൽ ഒരേ ഉൽപന്നം വിവിധ രീതിയിൽ (ഉദാ: ലൂസ്, പായ്ക്ക്ഡ്) വിൽക്കുമ്പോൾ വിവിധ നിരക്കാണ് ബാധകം. ഇത് വൻതോതിൽ ആശയക്കുഴപ്പത്തിനും തർക്കങ്ങൾക്കും കാരണമാകുന്നുണ്ട്.
ഇവയ്ക്ക് കുറഞ്ഞ ഏകീകൃത നികുതി നടപ്പാക്കും.
സ്ഥിരത
: അടിക്കടി നികുതി നിരക്ക് മാറ്റിക്കൊണ്ടിരിക്കുന്ന രീതി ബിസിനസുകൾക്കു വ്യക്തതക്കുറവുണ്ടാക്കും. ഇതവരുടെ ആസൂത്രണത്തെയും ബാധിക്കും.
ദീർഘകാലത്തേക്ക് വ്യക്തത നൽകുന്ന തരത്തിലായിരിക്കും ഇനിയുള്ള പരിഷ്കാരങ്ങൾ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]