
റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച കനത്ത തീരുവ പുനഃപരിശോധിക്കുമെന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അലാസ്കയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി നടന്ന ചർച്ചയ്ക്കുശേഷം ഒരു അമേരിക്കൻ മാധ്യമത്തോടാണ് ട്രംപ് ഇതു സംബന്ധിച്ച് വ്യക്തമാക്കിയത്.
യോഗത്തിൽ റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ സംബന്ധിച്ച് ധാരണയിലെത്താൻ ട്രംപിനും പുട്ടിനും കഴിഞ്ഞില്ല.
എന്നാൽ, ചർച്ചയിൽ പുരോഗതിയുണ്ടെന്ന് ട്രംപ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. റഷ്യൻ എണ്ണ വിഷയത്തിൽ കൂടുതൽ കടുത്ത നിലപാടിലേക്ക് പോകുമോ എന്ന് തുടർ ചോദ്യമുണ്ടായപ്പോൾ പുട്ടിനുമായുള്ള ചർച്ച നന്നായിരുന്നെന്നും അതുകൊണ്ട് ഇനി കടുത്ത നിലപാട് വേണമെന്ന് കരുതുന്നില്ലെന്നും ട്രംപ് മറുപടി നൽകി.
രണ്ടോ മൂന്നോ ആഴ്ചയ്ക്കകം ഇക്കാര്യത്തിൽ തുടർ നടപടിയെടുക്കുമെന്നും ട്രംപ് പറഞ്ഞു. റഷ്യൻ എണ്ണ വലിയതോതിൽ വാങ്ങുന്ന ചൈനയ്ക്കെതിരെ തൽക്കാലം നടപടിയുണ്ടാവില്ലെന്നും ട്രംപ് പറഞ്ഞു.
വെടിനിർത്തൽ സംബന്ധിച്ച് ഡീൽ ഉണ്ടായില്ലെങ്കിലും ചർച്ച ഫലപ്രദമായിരുന്നുവെന്ന് ട്രംപ് പറഞ്ഞത് മഞ്ഞുരുകലിനുള്ള സാധ്യതയായാണ് നിരീക്ഷകർ കാണുന്നത്.
അതുകൊണ്ടുതന്നെ, റഷ്യയ്ക്കും ഇന്ത്യ ഉൾപ്പെടെ റഷ്യൻ ഉൽപന്നങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്കുംമേൽ കൂടുതൽ കടുത്ത നടപടികളിലേക്ക് ട്രംപ് കടന്നേക്കില്ല. ഇനിയും ചർച്ചകൾ നടക്കേണ്ടതുള്ളതിനാൽ ഇന്ത്യയ്ക്കുമേലുള്ള തീരുവ പുനഃപരിശോധിക്കാനും ട്രംപ് തയാറായേക്കും.
താരിഫ് ഏറ്റെന്ന് ട്രംപ്; റഷ്യ ചർച്ചയ്ക്ക് വഴങ്ങി!
ഇന്ത്യയ്ക്കുമേൽ കനത്ത തീരുവ പ്രഖ്യാപിച്ചതിന് ഫലമുണ്ടായെന്ന് പുട്ടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപ് ട്രംപ് പറഞ്ഞിരുന്നു.
‘‘റഷ്യയുമായി അവർ (ഇന്ത്യ) ഇടപാടുകൾ നടത്തുകയാണ്. അതുകൊണ്ട് കനത്ത തീരുവ ചുമത്തുമെന്ന് ഞാനവരോട് പറഞ്ഞിരുന്നു.
തീരുവ ചുമത്തിയതോടെ റഷ്യയ്ക്ക് ഒരു ഉപഭോക്താവിനെ നഷ്ടപ്പെട്ടു’’, ട്രംപ് പറഞ്ഞു.
ഇന്ത്യയ്ക്കുമേൽ കടുത്ത തീരുവ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് താനുമായി ചർച്ചയ്ക്ക് വേണമെന്ന് റഷ്യ ആവശ്യപ്പെട്ടതെന്നും ട്രംപ് പറഞ്ഞു. ഏറ്റവും വലിയൊരു ഉപഭോക്താവിനെ നഷ്ടപ്പെടുമെന്ന് കണ്ടപ്പോൾ ചർച്ച വേണമെന്ന് റഷ്യ തന്നെ ആവശ്യപ്പെടുകയായിരുന്നു.
‘‘റഷ്യയുടെ രണ്ടാമത്തെ വലിയ എണ്ണ ഉപഭോക്താവാണ് ഇന്ത്യ, ഒന്നാമതുള്ള ചൈനയ്ക്ക് അരികെയാണ് അവർ’’, ട്രംപ് പറഞ്ഞു.
എന്നിട്ടും, റഷ്യയെ കൈവിടാതെ ഇന്ത്യ
ട്രംപ് കനത്ത തീരുവ പ്രഖ്യാപിച്ച പശ്ചാത്തലത്തിലും ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി കുറച്ചില്ലെന്ന് ഏറ്റവും പുതിയ കണക്കുകൾ. ഓഗസ്റ്റിൽ പ്രതിദിനം 20 ലക്ഷം ബാരൽ വീതം റഷ്യൻ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്തെന്ന് വിപണിനിരീക്ഷകരായ കെപ്ലർ വ്യക്തമാക്കി.
ജൂലൈയിൽ ഇതു ശരാശരി 16 ലക്ഷം ബാരൽ വീതമായിരുന്നു.
ഇറാഖിൽ നിന്നുള്ള ഇറക്കുമതി പ്രതിദിനം 7.30 ലക്ഷം ബാരലിലേക്കും സൗദിയിൽ നിന്നുള്ളത് 5.26 ലക്ഷം ബാരലിലേക്കും കുറഞ്ഞു. യുഎസിൽ നിന്ന് 2.64 ലക്ഷം ബാരൽ വീതം വാങ്ങി.
ഇന്ത്യയിലേക്ക് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ 5-ാം സ്ഥാനത്താണ് യുഎസ്. റഷ്യൻ എണ്ണ ഇറക്കുമതി നിർത്താൻ തീരുമാനമില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) ചെയർമാൻ എ.എസ്.
സാഹ്നിയും കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]