
ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ അമേരിക്കയിൽ വിലക്കയറ്റം വീണ്ടും പിടിവിട്ട് കുതിക്കുന്നു. മേയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ റീട്ടെയ്ൽ പണപ്പെരുപ്പം 0.3 ശതമാനവും വാർഷികാടിസ്ഥാനത്തിൽ 2.7 ശതമാനവും ഉയർന്നെന്ന് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി.
കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നിയന്ത്രണപരിധിയായ രണ്ടു ശതമാനത്തേക്കാൾ ഏറെ ഉയരെ. സമീപഭാവിയിലെങ്ങും പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതയും ഇതോടെ മങ്ങി.
മേയിൽ 0.1 ശതമാനവും വാർഷികാടിസ്ഥാനത്തിൽ 2.4 ശതമാനവുമായിരുന്നു പണപ്പെരുപ്പം. മുട്ട, പഴം, പച്ചക്കറി, ഊർജം തുടങ്ങിയവയ്ക്കെല്ലാം അമേരിക്കയിൽ വൻ വിലയാണ്.
എന്നാൽ, പണപ്പെരുപ്പം ഇപ്പോഴും ആശ്വാസതലത്തിലാണെന്നും ഫെഡറൽ റിസർവ് ഉടൻ പലിശനിരക്ക് കുറയ്ക്കണമെന്നും പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടു.
അടിസ്ഥാന പലിശനിരക്ക് കഴിഞ്ഞ ഡിസംബർ മുതൽ 4.25-4.5 ശതമാനത്തിൽ തുടരുകയാണ്. ട്രംപ് പലതവണ ആവശ്യപ്പെട്ടിട്ടും പലിശ കുറയ്ക്കാൻ ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ തയാറായിട്ടില്ല.
പവലിന്റെ പകരക്കാരെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ ട്രംപ്. അടുത്ത മേയിലാണ് പവൽ വിരമിക്കുന്നതെങ്കിലും പകരക്കാരനെ ഉടൻ പ്രഖ്യാപിക്കാനാണ് ട്രംപിന്റെ നീക്കം.
ഓഹരികളിൽ കനത്ത ഇടിവ്, ‘രക്ഷ’യായി എൻവിഡിയ
യുഎസിൽ പണപ്പെരുപ്പം കൂടുകയും പലിശനിരക്ക് കുറയാൻ സാധ്യത മങ്ങുകയും ചെയ്തതോടെ ഓഹരി വിപണികൾ ഇടിഞ്ഞു.
കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ജൂൺപാദ പ്രവർത്തനഫലം ഉടൻ പുറത്തുവരുമെന്ന ആശങ്കയും നിക്ഷേപകരെ വിൽപനസമ്മർദത്തിലേക്ക് നയിച്ചു. ഡൗ ജോൺസ് 0.98%, എസ് ആൻഡ് പി500 സൂചിക 0.40% എന്നിങ്ങനെ ഇടിഞ്ഞു.
ചൈനയ്ക്ക് ചിപ് വിതരണം ചെയ്യാനുള്ള നിയന്ത്രണം യുഎസ് നീക്കിയ പശ്ചാത്തലത്തിൽ നാസ്ഡാക് 0.18% കയറി. ചൈനയിലേക്ക് എച്ച്20 എഐ ചിപ് നൽകാനുള്ള എൻവിഡിയയുടെ തീരുമാനമാണ് നാസ്ഡാക്കിന് കുതിപ്പേകിയത്.
അതേസമയം, പലിശയും കോർപ്പറേറ്റ് പ്രവർത്തനഫലവും സംബന്ധിച്ച ആശങ്കയുടെ പശ്ചാത്തലത്തിൽ യുഎസ് ഫ്യൂച്ചേഴ്സ് തളർന്നു.
എസ് ആൻഡ് പി500 ഫ്യൂച്ചേഴ്സ് 0.4 ശതമാനവും ഡൗ ജോൺസ് 400 പോയിന്റും ഇടിഞ്ഞു. നാസ്ഡാക് മാത്രം 0.2% നേട്ടം കുറിച്ചു.
പണപ്പെരുപ്പം കൂടിയ പശ്ചാത്തലത്തിൽ യുഎസ് ഡോളർ ഇൻഡക്സ് 98.6 നിലവാരത്തിലേക്ക് കയറിയെങ്കിലും പിന്നീട് 98.57ലേക്ക് താഴ്ന്നു. യുഎസ് ട്രഷറി യീൽഡും നേരിയ നഷ്ടവുമായി 4.483 ശതമാനത്തിലാണുള്ളത്.
ഇന്തൊനീഷ്യൻ ഡീലും ഏശിയില്ല; ഇടിഞ്ഞ് ഏഷ്യൻ വിപണികൾ
ട്രംപ് ഇന്തൊനീഷ്യയ്ക്കുള്ള താരിഫ് ഇന്നലെ പ്രഖ്യാപിച്ചു.
ഇന്തൊനീഷ്യയിൽ നിന്ന് യുഎസിലെത്തുന്ന ഉൽപന്നങ്ങൾക്ക് 19% തീരുവ ഈടാക്കും. യുഎസിൽ നിന്ന് ഇന്തൊനീഷ്യ വാങ്ങുന്ന ഉൽപന്നങ്ങൾക്ക് തീരുവ വെറും പൂജ്യം.
ഫലത്തിൽ നേട്ടം ട്രംപിനും അമേരിക്കയ്ക്കും.
“This morning I finalized an important Deal with the Republic of Indonesia… Thank you to the People of Indonesia for your friendship and commitment to balancing our Trade Deficit. We will keep DELIVERING for the American People, and the People of Indonesia!” – President Trump
അമേരിക്കയുടെ മാത്രം നേട്ടമാണ് ട്രംപിന്റെ ഉന്നമെന്നത് മറ്റു രാജ്യങ്ങൾക്ക് ആശങ്കയാവുകയാണ്.
ഇന്ത്യ-യുഎസ് ഡീലിലും ഇനിയും സമവായമായിട്ടില്ല. ചെറു രാജ്യങ്ങൾക്കെതിരായ തീരുവയും ട്രംപ് ഉടൻ പ്രഖ്യാപിക്കും.
10 ശതമാനം വരെ താരിഫിനാണ് സാധ്യത.
ഇന്തൊനീഷ്യൻ ഡീൽ പ്രഖ്യാപനത്തിനു പിന്നാലെ ഏഷ്യൻ ഓഹരി വിപണികൾ നേരിട്ടത് ഇടിവ്. യുഎസിൽ പലിശനിരക്ക് താഴാനുള്ള സാധ്യത മങ്ങിയതാണ് ഏഷ്യൻ ഓഹരികളെയും വീഴ്ത്തിയത്.
ജാപ്പനീസ് നിക്കേയ് 0.13%, ദക്ഷിണ കൊറിയയുടെ കോസ്പി 0.5%, ഓസ്ട്രേലിയയുടെ എഎസ്എക്സ്200 സൂചിക 0.82% എന്നിങ്ങനെ നഷ്ടത്തിലായി. ചൈനയിൽ ഷാങ്ഹായ് സൂചിക 0.02%, ഹോങ്കോങ് 0.92% എന്നിങ്ങനെ ഉയർന്നു.
ചൈനയുടെ ജൂൺപാദ ജിഡിപി പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ടത് നേട്ടമാണ്. കയറ്റുമതിയിലും ഉണർവുണ്ട്.
ഇന്ത്യയിൽ ആശങ്ക, ഇടിഞ്ഞ് ഗിഫ്റ്റ് നിഫ്റ്റി
ഇന്ത്യയിൽ ഡെറിവേറ്റീവ് വിപണിയായ ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 0.50 പോയിന്റ് നഷ്ടത്തിലായി.
സെൻസെക്സും നിഫ്റ്റിയും ഇന്ന് നഷ്ടത്തിൽ വ്യാപാരം തുടങ്ങുമെന്ന സൂചനയാണിത് നൽകുന്നത്.
രാജ്യാന്തര തലത്തിൽ നിന്നുള്ള വെല്ലുവിളികൾക്ക് പുറമെ കോർപ്പറേറ്റ് പ്രവർത്തനഫലം സംബന്ധിച്ച ആശങ്കകളുമാണ് ഇന്ത്യയിൽ ആശങ്ക വിതയ്ക്കുന്നത്. എച്ച്ഡിഎഫ്സി ലൈഫ്, എച്ച്ഡിബി ഫിനാൻഷ്യൽ തുടങ്ങിയവയുടെ ജൂൺപാദ പ്രവർത്തനഫല കണക്കുകൾ ഇന്നറിയാം.
അതേസമയം, വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) വീണ്ടും ഇന്ത്യൻ ഓഹരികൾ വാങ്ങിത്തുടങ്ങിയിട്ടുണ്ടെന്നത് ആശ്വാസമാണ്.
ഇന്നലെ അവർ 100 കോടിയോളം രൂപ നിക്ഷേപിച്ചു. രൂപ ഇന്നലെ ഡോളറിനെതിരെ 16 പൈസ ഉയർന്ന് 85.76ൽ എത്തി.
എന്നാൽ ഡോളർ ഇൻഡക്സ്, ക്രൂഡ് ഓയിൽ എന്നിവയുടെ കരകയറ്റം രൂപയ്ക്കും സമ്മർദമായേക്കും.
ട്രംപിന്റെ ഭീഷണി ഏറ്റില്ല, ക്രൂഡ് ഓയിൽ മുന്നോട്ട്
റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 100% ഇറക്കുമതി തീരുവ ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം രാജ്യാന്തര ക്രൂഡ് ഓയിൽ വിലയെ താഴേക്ക് നയിച്ചെങ്കിലും വീഴ്ചയ്ക്ക് അൽപായുസ്സായിരുന്നു. ഡബ്ല്യുടിഐ ക്രൂഡ് വില 0.56% ഉയർന്ന് 66.89 ഡോളറിലും ബ്രെന്റ് വില 0.39% ഉയർന്ന് 68.98 ഡോളറിലും എത്തി.
50 ദിവസത്തിനകം യുക്രെയ്നുമായി സമാധാന ഡീൽ സ്ഥാപിക്കണമെന്നും അല്ലെങ്കിൽ റഷ്യയ്ക്കുമേൽ ഉപരോധം കടുപ്പിക്കുമെന്നും റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 100% തീരുവ ചുമത്തുമെന്നുമായിരുന്നു ട്രംപിന്റെ ഭീഷണി.
എന്നാൽ, ട്രംപിനെ തൽകാലം ഗൗനിക്കേണ്ടെന്നും യുദ്ധം തുടരാനുമാണ് പുട്ടിന്റെ തീരുമാനം. യുഎസ് ഉപരോധം കടുപ്പിച്ചാലും പിടിച്ചുനിൽക്കാനുള്ള കരുത്ത് റഷ്യയ്ക്കുണ്ടെന്നും പുട്ടിൻ ഭരണകൂടം വ്യക്തമാക്കുന്നു.
അതേസമയം, സ്വർണവില കനത്ത ചാഞ്ചാട്ടത്തിലാണ്.
യുഎസിൽ പലിശ കുറയാനുള്ള സാധ്യത കുറഞ്ഞത് സ്വർണത്തിനു തിരിച്ചടിയായി. ഡോളറും ബോണ്ട് യീൽഡും മെച്ചപ്പെട്ടതും പ്രതികൂലമാണ്.
ഔൺസിന് 21 ഡോളർ ഇടിഞ്ഞ് 3,328 ഡോളറിലാണ് നിലവിൽ രാജ്യാന്തര സ്വർണവില. കേരളത്തിൽ ഇന്നു വില നേരിയതോതിൽ കുറഞ്ഞേക്കാം.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് x/whitehouseൽ നിന്ന് എടുത്തിട്ടുള്ളതാണ്.
ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]