
കൊച്ചിൻ ഷിപ്പ്യാർഡ് (Cochin Shipyard) ഓഹരികൾക്ക് ഇതെന്തുപറ്റി? ഈ ചോദ്യം ഏറെക്കാലം മുമ്പുവരെ കേട്ടത് ഓഹരിവില വലിയതോതിൽ താഴെപ്പോയപ്പോഴായിരുന്നു. ഇപ്പോൾ വീണ്ടും ആ ചോദ്യം ഉയരുന്നത് പക്ഷേ, ഓഹരിവില അനുദിനം കുതിച്ചുകയറുന്ന പശ്ചാത്തലത്തിൽ. കഴിഞ്ഞ 6 വ്യാപാര സെഷനുകളിലായി മാത്രം 40 ശതമാനത്തോളം മുന്നേറിയ, കേരളം ആസ്ഥാനമായ ഈ കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ (Defence PSU) ഓഹരികൾ ഇന്നു വ്യാപാരം ചെയ്യുന്നത് 14 ശതമാനത്തോളം ഉയർന്ന് 2,063.70 രൂപയിൽ.
കഴിഞ്ഞവർഷം ജൂലൈ എട്ടിന് 2,979.45 രൂപ എന്ന റെക്കോർഡിലെത്തിയിരുന്നെങ്കിലും പിന്നീട് ഓഹരിവില കുത്തനെ ഇടിയുന്നതായിരുന്നു കണ്ടത്. ലാഭമെടുപ്പ് സമ്മർദമായിരുന്നു പ്രധാന തിരിച്ചടി. ഇക്കഴിഞ്ഞ ഫെബ്രുവരി 18ന് വില 52-ആഴ്ചത്തെ താഴ്ചയായ 1,180.20 രൂപയായിരുന്നു. പക്ഷേ, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ‘കഥ’ ആകെ മാറി. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം ഇന്ത്യ പാക്കിസ്ഥാനെതിരെ പ്രത്യാക്രമണം നടത്തിയതിന് പിന്നാലെ പ്രതിരോധ ഓഹരികളിലുണ്ടായ കുതിപ്പിന്റെ ആവേശം കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരികൾക്കും നേട്ടമായി.
കഴിഞ്ഞപാദത്തിൽ മികച്ച പ്രവർത്തനഫലം () കൂടി പുറത്തുവിട്ടതോടെ ഓഹരികൾ കുതിച്ചു. അതിർത്തിയിൽ പാക്കിസ്ഥാനു പുറമെ ചൈനയിൽ നിന്നും വെല്ലുവിളി ഉയരുന്ന പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പ്രതിരോധശക്തി വർധിപ്പിക്കാനുള്ള നീക്കത്തിലാണ്. നിലവിൽ നടപ്പു സാമ്പത്തിക വർഷത്തെ ബജറ്റിൽ 6.81 ലക്ഷം കോടി രൂപയാണ് കേന്ദ്രം പ്രതിരോധ മേഖലയ്ക്കായി നീക്കിവച്ചിരിക്കുന്നത്.
ഓപ്പറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിൽ ഇതിൽ 50,000 കോടി രൂപയുടെ കൂടി വർധന വരുത്താനാണ് കേന്ദ്രത്തിന്റെ ആലോചനയെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിന്റെ നേട്ടം കപ്പൽ നിർമാണക്കമ്പനികൾക്കു കൂടി ലഭിക്കുമെന്ന വിലയിരുത്തലുമാണ് കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരികൾക്ക് കുതിപ്പേകുന്നത്. ഈ രംഗത്തെ മറ്റ് കമ്പനികളായ മാസഗോൺ ഡോക്ക് ഷിപ്പ്ബിൽഡേഴ്സിന്റെ (Mazagon Dock) ഓഹരി 12 ശതമാനത്തിലധികവും ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്സിന്റെ (GRSE) ഓഹരി 12 ശതമാനത്തോളവും ഉയർന്നാണ് ഇന്ന് വ്യപാരം ചെയ്യുന്നത്.
വിപണിമൂല്യം വീണ്ടും 54,000 കോടിക്ക് മുകളിൽ
കൊച്ചിൻ ഷിപ്പ്യാർഡിന്റെ വിപണിമൂല്യം ഇന്നു വീണ്ടും 54,000 കോടി രൂപ തൊട്ടു. ഓഹരിവില 2,053 രൂപയായപ്പോൾ മൂല്യം 54,031 കോടി രൂപയായി. 84,419 കോടി രൂപ വിപണിമൂല്യമുള്ള മുത്തൂറ്റ് ഫിനാൻസ് (Muthoot Finance) ആണ് കേരളത്തിൽ നിന്നുള്ള ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനി. രണ്ടാമത് 57,997 കോടി രൂപയുമായി കല്യാൺ ജ്വല്ലേഴ്സ് (Kalyan Jewellers). 56,812 കോടി രൂപയുമായി കൊച്ചി ആസ്ഥാനമായ മറ്റൊരു കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട് (FACT) ആണ് മൂന്നാംസ്ഥാനത്ത്. നാലാമത് കൊച്ചിൻ ഷിപ്പ്യാർഡ്. നാലാമതായിരുന്ന ഫെഡറൽ ബാങ്കിനെ (Federal Bank – 48,907 കോടി രൂപ) 5-ാം സ്ഥാനത്തേക്ക് കൊച്ചി കപ്പൽശാല പിന്തള്ളി.
കൊച്ചിൻ ഷിപ്പ്യാർഡിന്റെ നാലാംപാദ പ്രവർത്തനഫലം, ഓർഡർ മൂല്യം, ഹ്യുണ്ടായിയുമായി 10,000 കോടി രൂപയുടെ സഹകരണത്തിനുള്ള സാധ്യത തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങൾ വായിക്കാം.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)