യുക്രെയ്നെതിരായ പുട്ടിന്റെ യുദ്ധത്തിന് സാമ്പത്തിക പിന്തുണ നൽകുന്നു എന്നാരോപിച്ചായിരുന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കുമേൽ 25% പിഴച്ചുങ്കം ഉൾപ്പെടെ മൊത്തം 50% തീരുവ ചുമത്തിയത്. റഷ്യൻ എണ്ണയുടെ പേരിൽ ട്രംപ് പിഴച്ചുങ്കം ചുമത്തിയ ഏക രാജ്യവും ഇന്ത്യയാണ്.
ഇപ്പോഴിതാ, ‘സമാന മാതൃകയിൽ’ ഇറാൻ വിഷയത്തിലും കടുത്ത നടപടിക്ക് ഒരുങ്ങുകയാണ് ട്രംപ്.
ഇറാനുമായി വ്യാപാരബന്ധം പുലർത്തുന്ന രാജ്യങ്ങൾക്കുമേൽഡ 25% തീരുവ ചുമത്തുമെന്നാണ് ഭീഷണി.
ഇറാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് ഇന്ത്യ. ഇറാനിൽ ഇന്ത്യയ്ക്ക് വലിയ നിക്ഷേപത്തോടെ ചബഹാറിൽ തുറമുഖ പദ്ധതിയുമുണ്ട്.
അതേസമയം, ഇന്ത്യയുടെ ടോപ് 50 വ്യാപാര പങ്കാളികളിൽപ്പോലും ഇറാനില്ലെന്ന് ട്രംപിനുള്ള മറുപടിയായി ഇന്ത്യ വ്യക്തമാക്കിയിരുന്നു. എങ്കിലും, ഇറാനുമായുള്ള വ്യാപാരബന്ധം ചൂണ്ടിക്കാട്ടി ട്രംപ് 25% തീരുവ കൂടി ചുമത്തിയാൽ യുഎസിലേക്ക് പോകുന്ന ഇന്ത്യൻ ഉൽപന്നങ്ങളുടെ മൊത്തം തീരുവ 75 ശതമാനമാകും.
ട്രംപിന്റെ ഭീഷണിക്കെതിരെ പ്രതികരണവുമായി ശശി തരൂർ എംപി രംഗത്തുവന്നിരുന്നു.
ട്രംപ് ആദ്യം പ്രഖ്യാപിച്ച 25 ശതമാനം തീരുവ തന്നെ ഇന്ത്യൻ കമ്പനികൾക്ക് താങ്ങാനാവുന്നതല്ല. അതിനിടയിലാണ് റഷ്യൻ ബന്ധം ചൂണ്ടിക്കാട്ടി തീരുവ 50 ശതമാനമാക്കിയത്.
ഇറാൻ വിഷയത്തിൽ 25 ശതമാനം കൂടി തീരുവ ചുമത്തിയാൽ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 75 ശതമാനം തീരുവ നൽകേണ്ടി വരും. ഈ നിരക്കിൽ യുഎസിലേക്കുള്ള കയറ്റുമതി ഒരു ഇന്ത്യൻ കമ്പനിക്കും ലാഭകരമാകില്ലെന്ന് തരൂർ പറഞ്ഞു.
പുതുതായി സ്ഥാനമേറ്റെടുത്ത യുഎസ് അംബാസഡർ സെർജിയോ ഗോറിന് ഇന്ത്യ–യുഎസ് വ്യാപാര ചർച്ചയിൽ നിർണായക പങ്കുവഹിക്കാനാകുമെന്നും പാർലമെന്റിന്റെ വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ തരൂർ പറഞ്ഞു.
‘‘ഇന്ത്യയ്ക്ക് മേലുള്ള യുഎസ് താരിഫിൽ ഞാന്‍ തുടക്കം മുതൽ ആശങ്കയിലാണ്. ആദ്യത്തെ 25 ശതമാനം തീരുവ തന്നെ പ്രശ്നമാണ്.
അതിനിടയിലാണ് കൂടുതൽ തീരുവ കൂടി ചുമത്തിയത്.
യുഎസ് വിപണിയില്‍ ഇന്ത്യയോടൊപ്പം മൽസരിക്കുന്ന വിയറ്റ്നാം, തായ്ലൻഡ്, ഇന്തോനേഷ്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങൾക്ക് ശരാശരി 15–19 ശതമാനം വരെയാണ് തീരുവ ചുമത്തിയിരിക്കുന്നത്. ഇതും ഇന്ത്യയ്ക്ക് തിരിച്ചടിയാണ്’’ – തരൂർ പറഞ്ഞു.
മരുന്നുകൾ പോലുള്ള ചില ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ മാത്രമാണ് യുഎസ് ഒഴിവാക്കിയിരിക്കുന്നത്.
തുടർന്നും യുഎസിൽ വിൽപ്പന നടത്താൻ കഴിയുന്ന ഉൽപന്നങ്ങളാണിത്. മറ്റ് ഉൽപന്നങ്ങളൊന്നും തന്നെ ലാഭകരമാകില്ല.
ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാടെന്താണെന്ന് എനിക്ക് അറിയില്ല. എന്നാല്‍ നിലവിലെ സാഹചര്യം ഗുരുതരമാണെന്നാണ് തനിക്ക് തോന്നുന്നതെന്നും (സീരിയസ് കൺസേൺ) അദ്ദേഹം പറഞ്ഞു.
ഇറാൻ വിഷയത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിലപാട് കടുപ്പിക്കുന്നതിനിടെയാണ് തരൂരിന്റെ പരാമർശമെന്നതും ശ്രദ്ധേയം.
ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് 25 ശതമാനം അധിക തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ട്രംപ് പുറത്തുവിട്ടിട്ടില്ല.
പ്രധിഷേധിക്കുന്നവരെ സഹായിക്കാൻ സൈനിക നടപടി അടക്കം പരിഗണിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

