തൃശൂർ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക് നടപ്പു സാമ്പത്തിക വർഷത്തെ (2025-26) മൂന്നാംപാദമായ ഒക്ടോബർ-ഡിസംബറിൽ രേഖപ്പെടുത്തിയത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം. മുൻവർഷത്തെ സമാനപാദത്തിലെ 341.87 കോടി രൂപയിൽ നിന്ന് 9% വർധനയുമായി റെക്കോർഡ് 374.32 കോടി രൂപയുടെ ലാഭമാണ് ബാങ്ക് നേടിയത്.
∙ കിട്ടാക്കടം കുറഞ്ഞു
പ്രവർത്തനലാഭം 529 കോടി രൂപയിൽ നിന്ന് 584 കോടി രൂപയിലെത്തി; വളർച്ച 10.49%.
അറ്റ പലിശ വരുമാനം (എൻഐഐ) 1.31% ഉയർന്ന് 881 കോടി രൂപയായി. കിട്ടാക്കടനിരക്ക് കുറഞ്ഞതും ബാങ്കിന് നേട്ടമായി.
മൊത്തം നിഷ്ക്രിയ ആസ്തി അനുപാതം (ജിഎൻപിഎ) 4.30 ശതമാനത്തിൽ നിന്ന് 2.67 ശതമാനത്തിലേക്കാണ് കുത്തനെ താഴ്ന്നത്. അറ്റ നിഷ്ക്രിയ ആസ്തി (എൻഎൻപിഎ) 1.25 ശതമാനത്തിൽ നിന്ന് 0.45 ശതമാനത്തിലേക്കും മെച്ചപ്പെട്ടു.
∙ വായ്പയും നിക്ഷേപവും
ബാങ്കിന്റെ മൊത്തം വായ്പകൾ 11.27% ഉയർന്ന് 96,764 കോടിയും റീട്ടെയ്ൽ നിക്ഷേപങ്ങൾ 12.83% വർധിച്ച് 1.15 ലക്ഷം കോടി രൂപയുമായി.
എൻആർഐ നിക്ഷേപം 9.10%, കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട്സ് (കാസ) നിക്ഷേപം 14.65% എന്നിങ്ങനെ ഉയർന്നതും കാസ അനുപാതം 31.15 ശതമാനത്തിൽ നിന്ന് 31.84 ശതമാനമായി മെച്ചപ്പെട്ടതും ബാങ്കിന് വൻ നേട്ടമായി.
∙ 9-മാസ ലാഭം
ഡിസംബർ 31ന് സമാപിച്ച ആദ്യ 9 മാസക്കാലത്തെ ബാങ്കിന്റെ ലാഭം മുൻവർഷത്തെ സമാനകാലത്തെ 960.69 കോടി രൂപയിൽ നിന്നുയർന്ന് 1,047.64 കോടി രൂപയുമായിട്ടുണ്ട്. കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരുപ്പ് ബാധ്യത (പ്രൊവിഷനിങ്) കഴിഞ്ഞപാദത്തിൽ നികുതികഴിച്ച് 80 കോടി രൂപ; 21.76% ഉയർന്നു.
പുതിയ കിട്ടാക്കടനിരക്കിനെ സൂചിപ്പിക്കുന്ന സ്ലിപ്പേജ് അനുപാതം 0.33 ശതമാനത്തിൽ നിന്ന് 0.16 ശതമാനത്തിലേക്ക് താഴ്ന്നതും മികവാണ്.
∙ ഗോൾഡ് ലോൺ, ഓട്ടോ ലോൺ
സ്വർണപ്പണയ വായ്പയിൽ 26%, വാഹന വായ്പയിൽ 24% എന്നിങ്ങനെ വളർച്ച കഴിഞ്ഞപാദത്തിൽ ബാങ്ക് രേഖപ്പെടുത്തി. വളർച്ച ലക്ഷ്യമിട്ടുള്ള മികച്ച പ്രവർത്തനതന്ത്രങ്ങളാണ് റെക്കോർഡ് ലാഭം ഉൾപ്പെടെ രേഖപ്പെടുത്തിയുള്ള പ്രകടനത്തിന് അടിത്തറയായതെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ പി.ആർ.
ശേഷാദ്രി പറഞ്ഞു.
∙ കുതിപ്പ് തുടരുമോ ഓഹരി?
എൻഎസ്ഇയിൽ കഴിഞ്ഞ സെഷനിൽ 5.11% മുന്നേറി 42.54 രൂപയിലാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 60 ശതമാനത്തിലധികം നേട്ടം സമ്മാനിച്ച ഓഹരിയാണ് സൗത്ത് ഇന്ത്യൻ ബാങ്ക്.
മെച്ചപ്പെട്ട പ്രവർത്തനഫലം പുറത്തുവിട്ടത് ഇന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികളെ കൂടുതൽ ശ്രദ്ധാകേന്ദ്രമാക്കിയേക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

