സ്വകാര്യ മേഖലയിൽ ജോലി കിട്ടിയാൽ തുടക്കത്തിൽ നേടാം ‘സർക്കാർ ശമ്പളം’. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സ്വാതന്ത്രദിന പ്രസംഗത്തിൽ പ്രത്യേക ആനുകൂല്യ പദ്ധതി പ്രഖ്യാപിച്ചത്.
സ്വകാര്യ മേഖലയിൽ തൊഴിലവസരങ്ങൾ കൂട്ടാനുള്ള പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജനയാണ് (പിഎം-വിബിആർവൈ) പ്രഖ്യാപിച്ചത്.
മൊത്തം 99,446 കോടി രൂപയുടെ ആനുകൂല്യം ഇതുപ്രകാരം കേന്ദ്രം നൽകും. 2027 ജൂലൈ 31വരെയാണ് കാലാവധി.
തന്റെ ആദ്യ ജോലി സ്വകാര്യ മേഖലയിൽ സ്വന്തമാക്കുന്നയാൾക്ക്, കേന്ദ്രം 15,000 രൂപ സമ്മാനിക്കും. തൊഴിൽ നിയമനത്തിനുള്ള ഇൻസെന്റീവ് തൊഴിലുടമയ്ക്കും കേന്ദ്രം നൽകും.
ആരാണ് യോഗ്യർ?
തന്റെ ആദ്യ ജോലി സ്വകാര്യമേഖലയിൽ സ്വന്തമാക്കുന്നവരാണ് 15,000 രൂപയുടെ ആനൂകൂല്യം നേടാൻ അർഹർ.
ശമ്പളപരിധി ഒരുലക്ഷം രൂപയിൽ താഴെയായിരിക്കണം എന്ന നിബന്ധനയുമുണ്ട്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) റജിസ്ട്രേഷനും ഉണ്ടായിരിക്കണം.
ആനുകൂല്യം നേടാനുള്ള നിബന്ധനകൾ ഇങ്ങനെ:
∙ 2025 ഓഗസ്റ്റ് ഒന്നിനും 2027 ജൂലൈ 31നും മധ്യേ ഇപിഎഫ്ഒ റജിസ്ട്രേഷൻ എടുത്തിരിക്കണം.
∙ 2025 ഓഗസ്റ്റ് ഒന്നിന് മുൻപ് ഇപിഎഫ്ഒ റജസിട്രേഷൻ എടുത്തവർക്ക് ആനുകൂല്യത്തിന് അർഹതയില്ല.
∙ പ്രതിമാസ ശമ്പളം ഒരുലക്ഷം രൂപയിൽ താഴെയായിരിക്കണം.
∙ 2025 ഓഗസ്റ്റിലെയോ അതിനുശേഷമോ ഉള്ള മാസങ്ങളിലെ ഇപിഎഫ് വിഹിതം അടച്ചിരിക്കണം.
∙ ജോലി ലഭിച്ച് കുറഞ്ഞത് 6 മാസമെങ്കിലും അതേ കമ്പനിയിൽ തുടരണം.
എന്താണ് കേന്ദ്രത്തിന്റെ ലക്ഷ്യം?
രാജ്യത്ത് തൊഴിലവസരങ്ങൾ വർധിപ്പിക്കുകയാണ് മുഖ്യ ലക്ഷ്യം. രണ്ടുവർഷത്തിനകം മൂന്നരക്കോടിയിലധികം തൊഴിലുകൾ സൃഷ്ടിക്കാനാണ് ശ്രമം.
2047 ഇന്ത്യയെ വികസിത രാജ്യമാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗവുമാണ് പദ്ധതി.
∙ ആനുകൂല്യം നേടണമെങ്കിൽ കമ്പനികൾ ഇപിഎഫ്ഒ റജിസ്ട്രേഷനുള്ളവയായിരിക്കണം.
∙ പുതുതായി ജീവനക്കാരെ നിയമിക്കുന്ന കമ്പനികൾക്കാണ് ആനുകൂല്യം.
∙ നിലവിൽ 50ലേറെ ജീവനക്കാരുണ്ടെങ്കിൽ പുതുതായി 5 പേർക്കെങ്കിലും ജോലി നൽകണം. നിലവിൽ ജീവനക്കാർ 50ൽ താഴെയെങ്കിൽ പുതുതായി ജോലി നൽകേണ്ടത് മിനിമം 2 പേർക്ക്.
∙ ഓരോ നിയമനത്തിനും ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ 3,000 രൂപവീതം കമ്പനിക്ക് ലഭിക്കും.
രണ്ടുവർഷത്തേക്ക് ഓരോ മാസവും ഇതു നൽകും. മാനുഫാക്ചറിങ് മേഖലയ്ക്ക് ഇത് 4 വർഷമാണ്.
15,000 രൂപ എങ്ങനെ കിട്ടും?
ഗഡുക്കളായാണ് തുക വിതരണം ചെയ്യുക.
ഉദാഹരണത്തിന് നിങ്ങൾക്ക് സ്വകാര്യ മേഖലയിൽ ആദ്യ ജോലി ലഭിച്ചെന്ന് കരുതുക. 6 മാസത്തിനുശേഷം ആദ്യ ഗഡു നൽകും.
12 മാസത്തിനുശേഷം രണ്ടാം ഗഡുവും ലഭിക്കും. രണ്ടാംഗഡു സേവിങ്സ് പദ്ധതിയിലേക്കാകും നിക്ഷേപിക്കുക.
സമ്പാദ്യശീലം വളർത്തുകയാണ് ലക്ഷ്യം. നിശ്ചിത കാലത്തിനുശേഷം പണം പിൻവലിക്കാൻ അനുവദിക്കുകയും ചെയ്യും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]