
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തോത് (റീട്ടെയ്ൽ പണപ്പെരുപ്പം) ദേശീയതലത്തിൽ കുത്തനെ കുറഞ്ഞിട്ടും കടകവിരുദ്ധമായി കേരളത്തിൽ വൻ കയറ്റം. മാറുകയും ചെയ്തു.
ഉപഭോക്തൃവില സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം അഥവാ റീട്ടെയൽ പണപ്പെരുപ്പം ജൂണിൽ ആറര വർഷത്തെ താഴ്ചയായ 2.10 ശതമാനമായാണ് ഇടിഞ്ഞത്.
മേയിൽ ഇത് 2.82 ശതമാനമായിരുന്നു. എന്നാൽ, കേരളത്തിൽ പണപ്പെരുപ്പം മേയിലെ 6.46 ശതമാനത്തിൽ നിന്ന് 6.71 ശതമാനമായി കുതിച്ചുകയറി.
ജനുവരി മുതൽ വിലക്കയറ്റത്തോതിൽ കേരളമാണ് നമ്പർ വൺ. ദേശീയതലത്തിൽ ഓരോ മാസവും പണപ്പെരുപ്പം കുറയുമ്പോൾ കേരളത്തിൽ കൂടുകയാണ്.
കേരളത്തിലെ കഴിഞ്ഞമാസങ്ങളിലെ പണപ്പെരുപ്പക്കണക്ക് ഇങ്ങനെ:
∙ ജനുവരി : 6.79%
∙ ഫെബ്രുവരി : 7.31%
∙ മാർച്ച് : 6.59%
∙ ഏപ്രിൽ : 5.94%
∙ മേയ് : 6.46%
∙ ജൂൺ : 6.71%
ഗ്രാമീണ മേഖലകളിലെ പണപ്പെരുപ്പമാണ് കേരളത്തെ കൂടുതൽ വലയ്ക്കുന്നത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട
റിപ്പോർട്ട് പ്രകാരം കേരളത്തിലെ ഗ്രാമമേഖലകളിലെ പണപ്പെരുപ്പം മേയിലെ 6.88ൽ നിന്ന് കഴിഞ്ഞമാസം 7.31 ശതമാനമായി കൂടി. നഗരങ്ങളിലേത് 5.65ൽ നിന്നുയർന്ന് 5.69 ശതമാനവുമായി.
എന്തുകൊണ്ടാണ് കേരളത്തിൽ ‘വില’ കൂടുന്നത്?
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എന്തുകൊണ്ടാണ് കേരളം വിലക്കയറ്റത്തിൽ മുന്നിൽ നിൽക്കുന്നത്? കാരണങ്ങൾ നോക്കാം:
∙ മറ്റ് മുൻനിര സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളം ഒരു ഉപഭോക്തൃ കേന്ദ്രീകൃത വിപണിയാണ്.
പച്ചക്കറികൾ ഉൾപ്പെടെ അവശ്യവസ്തുക്കൾ കൂടുതലും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങുകയാണ് കേരളം.
∙ പ്രവാസിപ്പണമൊഴുക്ക് കൂടുതലുള്ള സംസ്ഥാനങ്ങിൽ ഒന്നാണ് കേരളം. ആളോഹരി വരുമാനത്തിലും താരതമ്യേന മുൻനിരയിലാണ്.
അതുകൊണ്ടുതന്നെ, വിപണിയിൽ ഉപഭോക്തൃചെലവിടൽ (കൺസ്യൂമർ സ്പെൻഡിങ്) കൂടുതലാണ്. ഇതും പണപ്പെരുപ്പം കൂടാനൊരു ഘടകമാണ്.
ദേശീയതലത്തിൽ വൻ ആശ്വാസം
പണപ്പെരുപ്പം 4 ശതമാനമായി നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം.
ഇതു രണ്ടു ശതമാനം വരെ താഴ്ന്നാലോ 6 ശതമാനം വരെ ഉയർന്നാലോ ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് ഭീഷണിയല്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
∙ കഴിഞ്ഞ ഒക്ടോബറിൽ പണപ്പെരുപ്പം 6.21 ശതമാനമായിരുന്നു. ഇതാണ് ഇക്കുറി ജൂണിൽ 2.10 ശതമാനത്തിലേക്ക് എത്തിയത്.
∙ അവശ്യവസ്തുക്കളുടെ വിലയിൽ ഒരുവർഷത്തിനിടെ ഉണ്ടായ വിലവർധനയാണ് പണപ്പെരുപ്പം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
∙ മുൻവർഷത്തെ അപേക്ഷിച്ച് ഒരു ഉൽപന്നത്തിന്റെ വിലയിൽ ഇപ്പോൾ എത്ര ശതമാനം വർധനയുണ്ടായി എന്നതാണ് ഇതു സൂചിപ്പിക്കുന്നത്.
∙ ദേശീയതലത്തിൽ ഗ്രാമങ്ങളിലെ പണപ്പെരുപ്പം മേയിലെ 2.59ൽ നിന്ന് ജൂണിൽ 1.72 ശതമാനത്തിലേക്കും നഗരങ്ങളിലേത് 3.12ൽ നിന്ന് 2.56 ശതമാനത്തിലേക്കും ഇടിഞ്ഞു.
ഭക്ഷ്യവിലപ്പെരുപ്പം കുറഞ്ഞത് വൻ നേട്ടം
റിസർവ് ബാങ്കിനെയും കേന്ദ്രസർക്കാരിനെയും കഴിഞ്ഞവർഷം ഏറ്റവുമധികം വലച്ചത് ഭക്ഷ്യവിലപ്പെരുപ്പമായിരുന്നു (ഫുഡ് ഇൻഫ്ലേഷൻ).
2024 ഒക്ടോബറിൽ ഇതു 10.87 ശതമാനമായിരുന്നു. എന്നാൽ, കഴിഞ്ഞമാസം കുറിച്ചത് നെഗറ്റീവ് 1.06 ശതമാനം.
2019 ജനുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞനിരക്കാണിത്.
∙ രാജ്യത്ത് ഭക്ഷ്യോൽപന്നങ്ങളുടെ ലഭ്യത കൂടിയെന്നും വില കുറഞ്ഞുവെന്നും വ്യക്തമാക്കുന്നതാണ് ഫുഡ് ഇൻഫ്ലേഷനിലുണ്ടായ വൻ ഇടിവ്.
പണപ്പെരുപ്പം കുറഞ്ഞാൽ പലിശയും കുറയും
റീട്ടെയ്ൽ പണപ്പെരുപ്പം വിലയിരുത്തിയാണ് റിസർവ് ബാങ്ക് പ്രധാനമായും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്നത്. .
ആനുപാതികമായി ബാങ്ക് വായ്പകളുടെ പലിശനിരക്ക് കുറഞ്ഞത് ഇടപാടുകാർക്കും നേട്ടമായി. ഇഎംഐ ഭാരം കുറയുമെന്നതാണ് പ്രധാന ആശ്വാസം.
പണപ്പെരുപ്പം ആശ്വാസതലത്തിലെങ്കിൽ അടുത്ത യോഗങ്ങളിലും പലിശ കുറച്ചേക്കാമെന്ന സൂചന റിസർവ് ബാങ്ക് നൽകുകയും ചെയ്തിരുന്നു.
പണപ്പെരുപ്പം കൂടുതലുള്ള സംസ്ഥാനങ്ങൾ
∙ കേരളം : 6.71%
∙ പഞ്ചാബ് : 4.67%
∙ ജമ്മു കശ്മീർ : 4.38%
∙ ഉത്തരാഖണ്ഡ് : 3.40%
∙ ഹരിയാന : 3.10%
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]