
കേരളത്തിൽ സ്വർണവില ഇന്ന് നേരിയതോതിൽ കുറഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 9,145 രൂപയും പവന് 80 രൂപ കുറഞ്ഞ് 73,160 രൂപയുമായി.
കഴിഞ്ഞ 4 ദിവസത്തിനിടെ ഗ്രാമിന് 155 രൂപയും പവന് 1,240 രൂപയും കൂടിയശേഷമാണ് ഇന്നത്തെയിറക്കം. സംസ്ഥാനത്ത് 18 കാരറ്റ് സ്വർണവിലയും വെള്ളിവിലയും ഇന്നു കുറഞ്ഞിട്ടുണ്ട്.
ചില കടകളിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 5 രൂപ കുറഞ്ഞ് 7,535 രൂപയായി.
മറ്റു ചില കടകളിൽ 5 രൂപ കുറഞ്ഞ് 7,500 രൂപ. സംസ്ഥാനത്ത് ചില അസോസിയേഷനുകൾ ഏതാനും നാളുകളായി 18 കാരറ്റ് സ്വർണത്തിനും വെള്ളിക്കും വ്യത്യസ്ത വിലയാണ് നിശ്ചയിക്കുന്നത്.
വെള്ളി വില ചില കടകളിൽ റെക്കോർഡിൽ നിന്ന് താഴ്ന്നിറങ്ങി 123 രൂപയായി; കുറഞ്ഞത് 2 രൂപ. മറ്റു ചില കടകളിൽ 2 രൂപതന്നെ താഴ്ന്ന് 122 രൂപ.
സ്വർണത്തിൽ കനത്ത ഡിപ്-ബയിങ്!
രാജ്യാന്തര സ്വർണവില ഇന്നലെ കുറിച്ച 3,370 ഡോളറിൽ നിന്ന് ഇന്നു 3,360 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നത് കേരളത്തിലും ചെറിയ വിലയിറക്കത്തിന് വഴിവച്ചു.
അതേസമയം, ഔൺസിന് 3,341 ഡോളർ വരെ താഴ്ന്നശേഷമാണ് രാജ്യാന്തര വിലയിലെ കരകയറ്റം. വില കുറഞ്ഞുനിൽക്കുമ്പോഴുള്ള കനത്ത വാങ്ങൽ ട്രെൻഡ് അഥവാ ഡിപ്-ബയിങ് തകൃതിയായതാണ് കാരണം.
ഈ ട്രെൻഡ് സ്വർണവിലയെ കൂടുതൽ മുന്നോട്ട് നയിക്കും.
അതേസമയം, യുഎസ് ഡോളർ ഇൻഡക്സ് അഥവാ യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്കെതിരായ ഡോളറിന്റെ മൂല്യം മൂന്നാഴ്ചത്തെ ഉയരത്തിലേക്ക് കരകയറിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച 97 നിലവാരത്തിലായിരുന്ന മൂല്യം ഇപ്പോൾ 98ന് മുകളിലെത്തി.
ഡോളർ ശക്തിയാർജിക്കുന്നത് സ്വർണവില കൂടാനൊരു കാരണമാകും. സ്വർണത്തിന് ഡിമാൻഡ് നിലനിൽക്കുകയും ഡോളർ ഉയരുകയും ചെയ്യുമ്പോൾ വാങ്ങൽച്ചെലവും കൂടുമെന്നതാണ് കാരണം.
വലയ്ക്കുമോ അമേരിക്കൻ വിലക്കയറ്റം?
യുഎസിന്റെ പണപ്പെരുപ്പക്കണക്കുകളിലേക്കാണ് ഏവരുടെയും കണ്ണ്.
ഇന്ന് ഇന്ത്യൻ സമയം വൈകിട്ടോടെ കണക്കുകൾ പുറത്തുവരും. അടിസ്ഥാന പലിശനിരക്ക് കുറയണമെങ്കിൽ പണപ്പെരുപ്പം ആശ്വാസനിരക്കിലെത്തിയേ പറ്റൂ.
കണക്കുകൾ ആശാവഹമെങ്കിൽ പലിശഭാരം കുറയ്ക്കാൻ യുഎസ് കേന്ദ്രബാങ്ക് (ഫെഡറൽ റിസർവ്) നിർബന്ധിതരാകും.
പലിശ കുറയുന്നത് സ്വർണവിലയുടെ കുതിച്ചുകയറ്റത്തിന് വഴിവയ്ക്കും. കാരണങ്ങൾ നോക്കാം:
1) പലിശനിരക്ക് കുറഞ്ഞാൽ ആനുപാതികമായി യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്കും (ട്രഷറി ബോണ്ട് യീൽഡ്) കുറയും.
ഫലത്തിൽ, ബോണ്ടിൽ പണം നിക്ഷേപിക്കുന്നവർക്ക് തിരികെ കിട്ടുന്ന നേട്ടം കുറയും. ബോണ്ടിലെ നിക്ഷേപം അനാകർഷകമാകും.
2) ബാങ്ക് നിക്ഷേപ പലിശയും കുറയുമെന്നതിനാൽ ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപങ്ങളിലേക്ക് ഇടപാടുകാർ മാറും.
ഇത് സ്വർണത്തിന്റെ ഡിമാൻഡും വിലയും കൂടാൻ കളമൊരുക്കും.
3) യുഎസിലേക്ക് നിക്ഷേപമെത്തുന്നതിലുണ്ടാകുന്ന വീഴ്ച ഡോളറിനെയും ദുർബലമാക്കും. ഡോളർ തളരുമ്പോൾ ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങൾക്ക് സ്വർണം വാങ്ങുന്നത് ചെലവുകുറഞ്ഞ കാര്യമാകും.
സ്വർണത്തിന് ഡിമാൻഡ് കൂടും. വിലയും കുതിക്കും.
മറിച്ച്, പണപ്പെരുപ്പം കൂടുകയാണ് ചെയ്യുന്നതെങ്കിൽ സ്വർണത്തിനത് തിരിച്ചടിയാവുകയും വില താഴേക്കിറങ്ങുകയും ചെയ്യും.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]