രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വരുത്തിയ വർധനവ് വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്ക ശക്തമാകുന്നു. ഇത് രാജ്യത്തെ പണപ്പെരുപ്പം വർധിപ്പിക്കാനും ജിഡിപി വളർച്ചയുടെ വേഗത കുറയ്ക്കാനും കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ചരക്കുനീക്കത്തിനുള്ള ചെലവ് വർധിക്കുന്നത് കമ്പനികളുടെ പ്രവർത്തനക്ഷമതയെ ബാധിക്കുകയും മൊത്തത്തിലുള്ള ലാഭക്ഷമതയിൽ ഇടിവുണ്ടാക്കുകയും ചെയ്യും. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതിനെത്തുടർന്ന് എണ്ണക്കമ്പനികൾക്കുണ്ടായ ഒരു ലക്ഷം കോടി രൂപയുടെ നഷ്ടം നികത്തുന്നതിന്റെ ഭാഗമായാണ് ഈ വില വർധനയെന്നാണ് ഔദ്യോഗിക വിശദീകരണം.
ഓഹരി വിപണിയിൽ നേരിയ ഉണർവ് പ്രകടമാണെങ്കിലും, ആഗോള സാഹചര്യങ്ങൾ നിക്ഷേപകരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇറാൻ-യുഎസ് സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും ക്രൂഡ് ഓയിൽ വിലയെ വീണ്ടും ഉയർത്തിയിട്ടുണ്ട്.
ബ്രെന്റ് ക്രൂഡ് ബാരലിന് 107 ഡോളർ കടന്നു. ഇതിനിടയിൽ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും തമ്മിലുള്ള ചർച്ചകൾ ആഗോള വിപണി ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
വ്യാപാര തർക്കങ്ങൾക്കും ഇറാൻ വിഷയത്തിലും ഈ കൂടിക്കാഴ്ചയിൽ നിർണ്ണായക തീരുമാനങ്ങൾ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. രൂപയുടെ മൂല്യം ഡോളറിനെതിരെ 95.64 എന്ന നിലവാരത്തിലേക്ക് താഴ്ന്നു.
ഈ വർഷം മാത്രം രൂപയ്ക്ക് ആറു ശതമാനത്തോളം മൂല്യത്തോഷം സംഭവിച്ചു. ഏഷ്യൻ കറൻസികളിൽ ഏറ്റവും വലിയ തകർച്ച നേരിടുന്നതും രൂപയാണ്.
ഇതിനിടെ, ആഭ്യന്തര വിപണിയിൽ പഞ്ചസാരയുടെ ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം പിടിച്ചുനിർത്താനും ലക്ഷ്യമിട്ട്, സെപ്റ്റംബർ 30 വരെ പഞ്ചസാര കയറ്റുമതിക്ക് കേന്ദ്ര സർക്കാർ പൂർണ്ണ നിരോധനം ഏർപ്പെടുത്തി. ഈ തീരുമാനം പഞ്ചസാര ഉൽപ്പാദന കമ്പനികളുടെ ഓഹരികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
രാജ്യാന്തര വിപണിയിൽ പണപ്പെരുപ്പ ഭീഷണിയും ക്രൂഡ് ഓയിൽ വിലക്കയറ്റവും സ്വർണ വിലയിൽ കനത്ത ഇടിവുണ്ടാക്കി. ഔൺസിന് 4613 ഡോളർ എന്ന നിലവാരത്തിലേക്കാണ് സ്വർണം ഇടിഞ്ഞത്.
സെൻസെക്സ് 789.74 പോയിന്റ് ഉയർന്ന് 75,398.72ലും നിഫ്റ്റി 277 പോയിന്റ് ഉയർന്ന് 23,689.60ലും വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം 463 ലക്ഷം കോടി രൂപയായി ഉയർന്നെങ്കിലും, ആഗോള വിപണികളിലെ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ ഇന്ത്യൻ വിപണി ജാഗ്രതയോടെയാണ് മുന്നോട്ട് പോകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

