പ്രമുഖ പ്രവാസി മലയാളി വ്യവസായി എം.എ. യൂസഫലി (Yusuff Ali MA) നയിക്കുന്ന അബുദാബി ആസ്ഥാനമായ ലുലു റീട്ടെയിൽ (Lulu Retail) 2025ന്റെ ആദ്യപാദമായ ജനുവരി-മാർ‌ച്ചിൽ (Q1) 7.3% വളർച്ചയോടെ 210 കോടി ഡോളറിന്റെ (ഏകദേശം 17,800 കോടി രൂപ) വരുമാനം (Revenue) നേടി. റമസാൻ നാളുകളിലെ മികച്ച വിൽപന ഉയർന്ന വരുമാനനേട്ടത്തിന് സഹായകമായെന്ന് കമ്പനി വ്യക്തമാക്കി. ലാഭം (net profit) 15.8% ഉയർന്ന് 6.97 കോടി ഡോളറാണ് (600 കോടി രൂപ). ലാഭ മാർജിൻ (net profit margin) കാൽ ശതമാനം ഉയർന്ന് 3.4 ശതമാനമായും മെച്ചപ്പെട്ടു.

ഇ-കൊമേഴ്സ് വിഭാഗം 25.3% വിൽപനനേട്ടം രേഖപ്പെടുത്തി. 9.34 കോടി ഡോളറാണ് (800 കോടി രൂപ) ഈയിനത്തിൽ നേടിയത്. കമ്പനിയുടെ മൊത്തം വിൽപനയുടെ 4.7 ശതമാനമാണ് ഇ-കൊമേഴ്സിന്റെ പങ്ക്. കഴിഞ്ഞപാദത്തിൽ 5 പുതിയ സ്റ്റോറുകൾ ആരംഭിച്ചുവെന്ന് സിഇഒ സൈഫി രൂപാവാല പറഞ്ഞു. 2025ൽ ആകെ 20 പുതിയ സ്റ്റോറുകളാണ് ലക്ഷ്യം. കഴിഞ്ഞപാദ പ്രകാരം മൊത്തം സ്റ്റോറുകൾ 255 ആയി.

ജിസിസി രാഷ്ട്രങ്ങളിലെ ഏറ്റവും വലിയ റീട്ടെയ്ൽ ശൃംഖലയായ ലുലു റീട്ടെയ്‍ലിന് യുഎഇയിൽ 109, സൗദി അറേബ്യയിൽ 61, ഒമാനിൽ 32, ഖത്തറിൽ 24, കുവൈത്തിൽ 16, ബഹ്റൈനിൽ 13 എന്നിങ്ങനെ ഷോറൂമുകളാണുള്ളത്. പുതുതായി തുറന്ന സ്റ്റോറുകളിൽ രണ്ടെണ്ണം ഹൈപ്പർമാർക്കറ്റുകളും മൂന്നെണ്ണം എക്സ്പ്രസ് സ്റ്റോറുകളുമാണ്. മക്കയിലും ബഹ്റൈനിലുമാണ് പുതിയ ഹൈപ്പർമാർക്കറ്റുകൾ. മദീന, യുഎഇ എന്നിവിടങ്ങളിൽ‌ പുതിയ എക്സ്പ്രസ് സ്റ്റോറുകളും തുറന്നു.

കമ്പനിയുടെ ഏറ്റവും വലിയ വിപണിയായ യുഎഇയിൽ നിന്നുള്ള വരുമാനം 5.2 ശതമാനവും സൗദിയിൽ നിന്നുള്ളത് 10.3 ശതമാനവും വർധിച്ചു. ഒമാൻ 7.8 ശതമാനം, ഖത്തർ 6.7 ശതമാനം, കുവൈറ്റ് 4.8 ശതമാനം എന്നിങ്ങനെയും വളർച്ച രേഖപ്പെടുത്തി. ആദ്യപാദത്തിൽ ലുലു റീട്ടെയ്‍ലിന്റെ എബിറ്റ്ഡ മാർജിൻ (EBITDA Margin) 10.3 ശതമാനമാണ്. മുൻവർഷത്തെ സമാനപാദത്തിൽ 10.4 ശതമാനമായിരുന്നു. പ്രവർത്തനമികവിന്റെ അളവുകോലുകളിലൊന്നാണ് നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുമ്പുള്ള ലാഭമായ (EBITDA). ലുലു റീട്ടെയ്‍ലിന്റെ അറ്റ കടവും (net debt) കുറഞ്ഞിട്ടുണ്ട്. അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ (ADX) ലിസ്റ്റ് ചെയ്ത ലുലു റീട്ടെയ്ൽ ഓഹരികൾ 1.37 ദിർഹത്തിലാണ് വ്യാപാരം ചെയ്യുന്നത്.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

Lulu Retail reports Q1 2025 revenue of $2.1 billion, up 7.3% year-on-year