സംസ്ഥാനത്തെ സ്വർണവില കുറഞ്ഞു. ഗ്രാമിന് 75 രൂപ ഇടിഞ്ഞ് 13,125 രൂപയാണ് ഇന്നത്തെ വില.
പവന് 600 രൂപ കുറഞ്ഞ് 1,05,000 രൂപയുമായി. ഇന്നലെ രണ്ട് തവണയായി പവന് 1,080 രൂപ വർധിച്ച് റെക്കോർഡ് തുകയായ 1,05,600 രൂപയിലെത്തിയിരുന്നു. എന്നാല്‍ രാജ്യാന്തര വില റെക്കോർഡിൽ നിന്ന് താഴ്ന്നതോടെയാണ് കേരളത്തിലും വില മാറിയത്.
അതേസമയം, വെള്ളി വില ഗ്രാമിന് 10 രൂപ വർധിച്ച് 295 രൂപയായി.
രാജ്യാന്തര വിപണിയിൽ കഴിഞ്ഞ ദിവസം റെക്കോർഡ് വിലയായ ഔൺസിന് 4,641.62 ഡോളറിലെത്തിയ സ്വർണം ലാഭമെടുപ്പിനെ തുടർന്ന് ഇടിഞ്ഞു.
മൂന്ന് ദിവസത്തെ തുടർച്ചയായ കയറ്റത്തിന് ശേഷമാണിത്. ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിലപാട് മയപ്പെടുത്തിയതും വില കുറയാൻ കാരണമായി.
ഒരുവേള 4,582.91 ഡോളറിലേക്ക് താഴ്ന്ന സ്വർണം പിന്നീട് തിരിച്ചു കയറി. ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ അയവില്ലാതെ തുടരുന്നത് സ്വർണത്തിലെ ഡിമാൻഡ് നിലനിർത്തി.
നിലവിൽ ഔൺസിന് 4,593 ഡോളറെന്ന നിലയിലാണ് സ്വർണ വില.
ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെ പുറത്താക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. നീതിന്യായ വകുപ്പിന്റെ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇപ്പോൾ അദ്ദേഹത്തെ പുറത്താക്കാൻ ഉദ്ദേശിക്കുന്നില്ല.
ഇക്കാര്യത്തിൽ അന്തിമ തീരുമാനം എന്താകുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാൻ വിഷയത്തിൽ ട്രംപ് നിലപാട് മയപ്പെടുത്തിയേക്കുമെന്ന സൂചനകളും ചില രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
സൈനിക നടപടിയ്ക്ക് പകരം സാമ്പത്തിക ഉപരോധം, സൈബർ ആക്രമണം പോലുള്ള നടപടികളിലേക്ക് ട്രംപ് കടന്നേക്കുമെന്നും സൂചനയുണ്ട്.
അതിനിടെ ഇന്ന് പുലർച്ചെ അപ്രതീക്ഷിതമായി ഇറാൻ തങ്ങളുടെ വ്യോമാതിർത്തി അടച്ചത് ആശങ്ക പരത്തി. മിസൈൽ ആക്രമണം പോലുള്ള സാഹചര്യങ്ങളിൽ മിക്ക രാജ്യങ്ങളും വ്യോമാതിർത്തി ഒഴിച്ചിടാറുണ്ട്.
ഇതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. യുഎസ് ആക്രമണമുണ്ടായാൽ മിഡിൽ ഈസ്റ്റിലേത് അടക്കമുള്ള അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ തിരിച്ചടിക്കുമെന്ന് ഇറാൻ പ്രതികരിച്ചിരുന്നു.
18 കാരറ്റും വെള്ളിയും
18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇന്നും രണ്ട് വിലയാണ്.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) ഗ്രാമിന് 10,880 രൂപയിലാണ് 18 കാരറ്റ് സ്വർണം വിൽക്കുന്നത്. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനിൽ (കെജിഎസ്എംഎ) അംഗമായ ജ്വല്ലറികളിൽ 10,790 രൂപയ്ക്കും വിൽപ്പന നടക്കും.
ആഭരണത്തിന്
ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,19,000 രൂപയെങ്കിലും നൽകേണ്ടി വരും.
സ്വർണാഭരണങ്ങൾക്ക് സാധാരണ മൂന്ന് മുതല്‍ 30 ശതമാനം വരെയാണ് പണിക്കൂലി ഈടാക്കുന്നത്. സ്വർണത്തിന്റെ വിലയും പണിക്കൂലിയും ചേർത്ത് മൂന്ന് ശതമാനം ജിഎസ്ടിയും ബാധകമാണ്.
ഹോൾമാര്‍ക്കിംഗ് ചാർജായി 45 രൂപയും അതിന് 18 ശതമാനം ജിഎസ്ടിയും ചേർത്ത് 53.5 രൂപയും നൽകണം. കുറഞ്ഞത് 10 ശതമാനം പണിക്കൂലി കണക്കാക്കിയുള്ള വിലയാണ് മുകളിൽ നൽകിയിരിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

