കൊച്ചി ∙ കേരള യുവത്വത്തിന്റെ ഐടി തൊഴിൽ സ്വപ്നങ്ങൾക്കു കൂടൊരുക്കുന്ന ഇൻഫോപാർക്കിൽ ഇടം തേടി ക്യൂ നിൽക്കുന്നത് ഒന്നും രണ്ടുമല്ല, ചെറുതും വലുതുമായ 120 കമ്പനികൾ! അവർക്കു നൽകാൻ ഇടമില്ലാതെ ഞെരുങ്ങുകയാണ് ഇൻഫോപാർക്ക്.
ആകെയുള്ള 92 ലക്ഷം ചതുരശ്ര അടി ബിൽറ്റ് അപ് സ്പേസിൽ അവശേഷിക്കുന്നതു കഷ്ടിച്ച് 41,799 ചതുരശ്ര അടി ഓഫിസ് സ്പേസ് മാത്രം.
ഏതാനും കമ്പനികൾക്കു കൂടി ഇടം ലഭിച്ചേക്കാമെന്നു മാത്രം. നിലവിൽ 582 കമ്പനികളാണ് ഇൻഫോപാർക്കിന്റെ വിവിധ ക്യാംപസുകളിലായി പ്രവർത്തിക്കുന്നത്; ജോലി ചെയ്യുന്നത് 73,500 പ്രഫഷനലുകൾ.
മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ഇൻഫോപാർക്കിലേക്കു കമ്പനികളെ ആകർഷിക്കുന്നത്.
ഐടി കമ്പനികൾക്കു പ്രവർത്തിക്കാൻ സ്ഥല ദൗർലഭ്യമെന്ന സ്ഥിതി കണക്കിലെടുത്താണു പുതിയ ക്യാംപസിനായി സ്ഥലം കണ്ടെത്താൻ ഇൻഫോപാർക്ക് നാളുകളായി ശ്രമിക്കുന്നത്. വിശാല കൊച്ചി വികസന അതോറിറ്റിയുമായി (ജിസിഡിഎ) സഹകരിച്ചു ലാൻഡ് പൂളിങ് മാതൃകയിൽ സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
നിലവിലെ ക്യാംപസുകൾക്ക് അടുത്തുള്ള കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലായി 300 – 500 ഏക്കർ സ്ഥലം കണ്ടെത്തി വികസിപ്പിക്കാനാണു ശ്രമം. 100 ഏക്കർ സ്ഥലം ഇൻഫോപാർക്കിനു നൽകാനാണു ധാരണ.
ഫെയ്സ് 3 സജ്ജമാകുന്നതോടെ ഐടി ഇടം 2 കോടി ചതുരശ്ര അടിയായി വർധിക്കുമെന്ന പ്രതീക്ഷയിലാണ് ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ.
നിലവിൽ നമുക്കുള്ളത് 92 ലക്ഷം ചതുരശ്ര അടി സ്പേസാണ്.
ഫെയ്സ് 3 സജ്ജമാകുന്നതോടെ ഐടി സ്പേസ് ഗണ്യമായി വർധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിനു പക്ഷേ, കാത്തിരുന്നേ പറ്റൂ.
നടപടികളെല്ലാം പ്രാഥമിക ഘട്ടത്തിലേ എത്തിയിട്ടുള്ളൂ. സ്ഥലം കണ്ടെത്തലും നിർമാണവുമെല്ലാം പൂർത്തിയാകാൻ വർഷങ്ങൾ വേണ്ടിവന്നേക്കാം.
എങ്കിലും, 2030ൽ ടൗൺഷിപ് സജ്ജമാകുമെന്നാണു പ്രതീക്ഷ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]