സാധാരണക്കാരന് എത്തിപ്പിടിക്കാനാവാത്ത ഉയരങ്ങളിലേക്ക് കത്തിക്കയറി സ്വർണം. കേരളത്തിൽ ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 300 രൂപയും പവന് 2,400 രൂപയുമാണ് കൂടിയത്.
ഒറ്റദിവസം ഇത്രയും വില കൂടുന്നത് ആദ്യം. പവൻ 94,000 രൂപയെന്ന നാഴികക്കല്ലും തകർത്തു.
94,360 രൂപയാണ് ഇന്നുവില. ഗ്രാമിന് 300 രൂപ ഉയർന്ന് വില 11,795 രൂപയുമായി.
രാജ്യാന്തര വിപണിയിലെ മുന്നേറ്റമാണ് കേരളത്തിലും ആഞ്ഞടിക്കുന്നത്.
ഔൺസിന് 140ലേറെ ഡോളർ മുന്നേറി വില ചരിത്രത്തിലെ ഏറ്റവും ഉയരമായ 4,163.24 ഡോളറിൽ എത്തി. വില 4,100 ഡോളർ കടന്നതും ഇതാദ്യം.
രാജ്യാന്തരവില ഓരോ ഡോളർ ഉയരുമ്പോഴും കേരളത്തിൽ ഗ്രാമിന് ശരാശരി 2 രൂപ കൂടാം. ഇതാണ്, സംസ്ഥാനത്ത് ഇന്ന് വില കത്തിക്കയറാൻ വഴിയൊരുക്കിയത്.
ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇന്നുരാവിലെ 7 പൈസ താഴ്ന്ന് 88.74ൽ എത്തിയതും തിരിച്ചടിയായി.
വീണ്ടും കലുഷിതമായ യുഎസ്-ചൈന വ്യാപാരബന്ധം, യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത, ട്രംപിന്റെ സർക്കാർ നേരിടുന്ന ഭരണസ്തംഭനം (ഗവൺമെന്റ് ഷട്ട്ഡൗൺ), കറൻസി വിപണിയിലെ അസ്ഥിരത, ശമനമില്ലാത്ത റഷ്യ-യുക്രെയ്ൻ സംഘർഷം എന്നിവയുടെ ബലത്തിലാണ് സ്വർണത്തിന്റെ സമീപകാലത്തെങ്ങുമില്ലാത്ത
. കേരളത്തിൽ ഈമാസം മാത്രം ഇതുവരെ പവന് കൂടിയത് 8,240 രൂപയാണ്.
ഗ്രാമിന് 1,030 രൂപയും. ജിഎസ്ടിയും (3%) പണിക്കൂലിയും (3-35%) ഹോൾമാർക്ക് ഫീസും (53.10 രൂപ) കൂടിച്ചേരുമ്പോഴുള്ള സ്വർണാഭരണ വാങ്ങൽവില ഇതിലുമേറെയാണെന്നത് ഉപഭോക്താക്കളെ വലയ്ക്കുകയാണ്.
രാജ്യാന്തരവില 2026ൽ 5,000 ഡോളർ ഭേദിക്കുമെന്നാണ് നിരീക്ഷകരുടെ വാദം.
ആഗോള സാമ്പത്തികമേഖലയിലെ അസ്വാരസ്യങ്ങൾ ഓഹരി, കടപ്പത്രം, കറൻസി വിപണികളെ അലോസരപ്പെടുത്തുന്നതാണ് സ്വർണത്തിന് നേട്ടമാകുന്നത്. നിക്ഷേപം സുരക്ഷിതമാക്കാനായി നിക്ഷേപകർ ഗോൾഡ് ഇടിഎഫിലേക്കും മറ്റും പണം മാറ്റുകയാണ്.
റിസർവ് ബാങ്ക് ഉൾപ്പെടെയുള്ള കേന്ദ്രബാങ്കുകൾ കറൻസികളെ കൈവിട്ട് കരുതൽ ശേഖരത്തിലേക്കും വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നു. ഇത്തരത്തിൽ അതിശയകരമായ ഡിമാൻഡ് കിട്ടുന്നതിന്റെ ആവേശത്തിലാണ് സ്വർണക്കുതിപ്പ്.
കേരളത്തിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് ഇന്ന് 250 രൂപ കുതിച്ച് റെക്കോർഡ് 9,755 രൂപയായി.
സുരക്ഷിത നിക്ഷേപപ്പെരുമ സ്വർണത്തിനൊപ്പം കിട്ടിയ വെള്ളിവിലയും കത്തുകയാണ്. രാജ്യാന്തരവില ഔൺസിന് 5 ശതമാനത്തിലധികം ഉയർന്ന് 52 ഡോളർ മറികടന്നു.
കേരളത്തിൽ ഗ്രാമിന് ഇന്ന് ഒറ്റയടിക്ക് 5 രൂപ കൂടി റെക്കോർഡ് 193 രൂപയായി. കേരളത്തിൽ ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് ഇന്ന് 250 രൂപ ഉയർന്ന് 9,700 രൂപയാണ്.
ഇവർ വെള്ളിക്ക് നൽകിയ വില ഗ്രാമിന് 5 രൂപ ഉയർത്തി 190 രൂപയും. ∙ സംസ്ഥാനത്ത് 14 കാരറ്റ് സ്വർണവില പോലും ഗ്രാമിന് 7,500 രൂപയായി.
9 കാരറ്റിന് വില 4,865 രൂപയും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]