
യുക്രെയ്നെതിരായ യുദ്ധം റഷ്യയെ കടുത്ത സാമ്പത്തിക ഞെരുക്കത്തിലാക്കിയെന്ന് വ്യക്തമാക്കി, രാജ്യത്ത് ‘തൊഴിൽ’ മേഖലയിൽ പ്രതിസന്ധി അതിരൂക്ഷം. ഒട്ടേറെ കമ്പനികൾ രണ്ടുലക്ഷത്തോളം ജീവനക്കാരെ ശമ്പളമില്ലാത്ത ലീവിലേക്ക് പറഞ്ഞുവിട്ടുവെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ തന്നെ ആരോപണമുയർത്തിയത് പ്രതിസന്ധിയുടെ ഗൗരവം വ്യക്തമാക്കുന്നതായി നിരീക്ഷകർ ചൂണ്ടിക്കാട്ടി.
കമ്പനികൾ ജീവനക്കാരെ ശമ്പളരഹിത അവധിക്ക് നിർബന്ധിക്കുകയോ ജോലി സമയം വെട്ടിക്കുറയ്ക്കുകയോ ചെയ്യുകയാണ്.
കമ്പനികൾ ജീവനക്കാരെ ‘ഒളിപ്പിക്കുന്നു’ എന്നാണ് പുട്ടിന്റെ ആരോപണം. 2025ന്റെ തുടക്കത്തിൽ 98,000 ജീവനക്കാരാണ് റഷ്യയിൽ ഇത്തരം പ്രതിസന്ധി നേരിട്ടതെന്ന് പറഞ്ഞ പുട്ടിൻ ജൂണിൽ ഇത് 1.53 ലക്ഷത്തിലേക്കും ഓഗസ്റ്റ് ആദ്യവാരം 1.99 ലക്ഷത്തിലേക്കും ഉയർന്നുവെന്നും വ്യക്തമാക്കിയെന്ന് റഷ്യൻ മാധ്യമങ്ങൾതന്നെ റിപ്പോർട്ട് ചെയ്തു.
റഷ്യയിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം 2.2% മാത്രമാണ് തൊഴിലില്ലായ്മ നിരക്ക്.
യുക്രെയ്നുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്കുമേൽ അമേരിക്കയും യൂറോപ്യൻ യൂണിയനും കടുത്ത ഉപരോധം ഏർപ്പെടുത്തിയത് സമ്പദ്മേഖലയെ തളർത്തിയിട്ടുണ്ട്. ഓട്ടോമോട്ടീവ്, നിർമാണം, മാനുഫാക്ചറിങ് തുടങ്ങി നിരവധി മേഖലകളിലെ കമ്പനികൾ മൂലധനഞെരുക്കത്തിലായെന്നും വായ്പകൾ കുടിശികയായതോടെ പാപ്പരത്തത്തിന്റെ വക്കിലാണെന്നും അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഉപരോധം മൂലം ഇറക്കുമതി കുറഞ്ഞത് രാജ്യത്ത് പണപ്പെരുപ്പം 10 ശതമാനത്തിന് മുകളിലെത്താനും അടിസ്ഥാന പലിശനിരക്ക് 20 ശതമാനം കടക്കാനും ഇടവരുത്തിയിരുന്നു.
ഇതാണ് കമ്പനികളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയത്. റഷ്യയിൽ തൊഴിൽ രഹിതരുടെ റജിസ്ട്രേഷൻ കണക്ക് ജനുവരിയിൽ 2.74 ലക്ഷം ആയിരുന്നത് ഓഗസ്റ്റ് ആദ്യ ആഴ്ചയിൽ 3 ലക്ഷം കവിഞ്ഞെന്ന് പുട്ടിൻ ഭരണകൂടം തന്നെ സമ്മതിച്ചിട്ടുമുണ്ട്.
യുദ്ധവും ഉപരോധങ്ങളും റഷ്യൻ ഗവൺമെന്റിന്റെ സാമ്പത്തികസ്ഥിതിയും മോശമാക്കുകയാണ്. ധനക്കമ്മി ഈ വർഷം 3.8 ട്രില്യൻ റൂബിൾ പ്രതീക്ഷിച്ചിടത്ത് ഇപ്പോഴേ 4.88 ട്രില്യൻ കവിഞ്ഞു.
ട്രംപിനെ പുകഴ്ത്തി പുട്ടിൻ
യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആത്മാർഥ പരിശ്രമമാണ് നടത്തുന്നതെന്ന് റഷ്യൻ പ്രസിഡന്റ് പുട്ടിൻ അഭിപ്രായപ്പെട്ടു.
നാളെ അലാസ്കയിൽ ട്രംപുമായി നടക്കുന്ന ചർച്ചയിൽ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് ചർച്ച ചെയ്യാൻ ഗവൺമെന്റിലെ ഉന്നതരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇതുപറഞ്ഞത്.
∙ ട്രംപുമായുള്ള ചർച്ചയിൽ ആണവായുധ വിഷയത്തിലുൾപ്പെടെ സമവായത്തിൽ എത്താനാകുമെന്നാകുമെന്നാണ് പുട്ടിന്റെ പ്രതീക്ഷ.
∙ യുക്രെയ്നിലെ ചില പ്രദേശങ്ങൾ റഷ്യയ്ക്കും റഷ്യ അധീനതയിലാക്കിയ ചില പ്രദേശങ്ങൾ തിരികെ യുക്രെയ്നു വിട്ടുകൊടുത്തും സമവായം ഒരുക്കാനുള്ള നീക്കത്തിലാണ് ട്രംപ്.
∙ എന്നാൽ, യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയുടെ വാദങ്ങൾകൂടി പരിഗണിച്ചാവണം അന്തിമ ഡീൽ എന്നാണ് യൂറോപ്യൻ യൂണിയൻ രാഷ്ട്ര നേതാക്കളുടെ നിലപാട്.
∙ റഷ്യയുടെ നിലപാടിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് പുട്ടിനും വ്യക്തമാക്കിയിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]