
കേരളത്തിൽ ഇന്നും
വർധന. ഗ്രാമിന് 15 രൂപ വർധിച്ച് വില 9,155 രൂപയിലെത്തി.
പവന് 120 രൂപ ഉയർന്ന് 73,240 രൂപ. രണ്ടും ഒരുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ്.
കഴിഞ്ഞ 4 പ്രവൃത്തിദിനങ്ങൾക്കിടെ മാത്രം ഗ്രാമിന് 155 രൂപയും പവന് 1,240 രൂപയുമാണ് കൂടിയത്. പണിക്കൂലിയും ജിഎസ്ടിയും ഹോൾമാർക്ക് ഫീസും ചേരുമ്പോൾ വില വർധനയുടെ ഭാരം ഇതിലുമേറെ.
രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിൽ സ്വർണ വിലക്കയറ്റം.
കഴിഞ്ഞയാഴ്ച ഔൺസിന് 3,330 ഡോളർ നിലവാരത്തിലായിരുന്ന വില, ഇന്നു മുന്നേറിയത് 3,370 ഡോളറിലേക്ക്. ഡോളർ ശക്തിയാർജിക്കുന്നതു മൂലം സ്വർണത്തിന്റെ ഇറക്കുമതിച്ചെലവ് വർധിക്കുന്നതും ഇന്ത്യയിലെ വിലയെ സ്വാധീനിക്കുന്നു.
ഇന്നു രൂപ ഡോളറിനെതിരെ 22 പൈസ ഇടിഞ്ഞ് 86.02ലാണ് വ്യാപാരം തുടങ്ങിയത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തൊടുത്തിവിട്ട താരിഫ് പ്രതിസന്ധി ആഗോളതലത്തിൽ വിതയ്ക്കുന്ന ആശങ്കമൂലം സ്വർണത്തിന് ലഭിക്കുന്ന ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമയും ഓഹരി വിപണികൾ നേരിടുന്ന തളർച്ചയും സ്വർണ വിലയുടെ മുന്നേറ്റത്തിന് ഊർജമാകുന്നു.
വെള്ളിക്ക് റെക്കോർഡ് തേരോട്ടം
രാജ്യാന്തര, ആഭ്യന്തര വിപണികളിൽ വെള്ളി വില മുന്നേറുകയാണ്.
ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനു (എകെജിഎസ്എംഎ) കീഴിലെ കടകളിൽ ഇന്നു വില ഗ്രാമിന് 2 രൂപ വർധിച്ച് റെക്കോർഡ് 125 രൂപയാണ്.
എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ ഇന്നു ഗ്രാമിന് 2 രൂപ ഉയർത്തി 124 രൂപയായും വില നിശ്ചയിച്ചു.
രാജ്യാന്തര വില ഔൺസിന് 1.63% ഉയർന്ന് 39.05 ഡോളറിലാണുള്ളത്.
2011 ഓഗസ്റ്റ് 18ന് രേഖപ്പെടുത്തിയ 40.69 ഡോളറാണ് റെക്കോർഡ്. ഇന്ത്യയിൽ ദേശീയ വിപണിയിൽ വില ഗ്രാമിന് 115 രൂപയായി.
കിലോഗ്രാമിന് 1.15 ലക്ഷം രൂപയും. റെക്കോർഡാണിത്.
രാജ്യാന്തരതലത്തിലെ സാമ്പത്തിക, ഭൗമരാഷ്ട്രീയ പ്രതിസന്ധികൾ മൂലം സ്വർണത്തിനൊപ്പം വെള്ളിക്കും കിട്ടുന്ന ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമയും ഇലക്ട്രിക് വാഹന നിർമാണമേഖല ഉൾപ്പെടെ വ്യവസായരംഗത്തുനിന്നുള്ള വലിയ ഡിമാൻഡുമാണ് വെള്ളിക്ക് കുതിപ്പേകുന്നത്. ലഭ്യത കുറവാണെന്നും വിലക്കുതിപ്പിന്റെ ആക്കംകൂട്ടുന്നു.
വെള്ളികൊണ്ടുള്ള ആഭരണങ്ങൾ, പാത്രങ്ങൾ, പൂജാസാമഗ്രികൾ തുടങ്ങിയവ വാങ്ങുന്നവർക്കും വില വർധന തിരിച്ചടിയാണ്.
കേരളത്തിൽ 18 കാരറ്റ് സ്വർണ വില ഇന്നു ചില കടകളിൽ ഗ്രാമിന് 15 രൂപ ഉയർന്ന് 7,505 രൂപയായി. മറ്റുചില കടകളിൽ വില ഗ്രാമിന് 15 രൂപ ഉയർന്ന് 124 രൂപ.
ഇന്നു സ്വർണം വാങ്ങാൻ എന്തുവില കൊടുക്കണം?
73,240 രൂപയാണ് പവൻവിലയെങ്കിലും ആ തുകയ്ക്ക് ഒരു പവൻ ആഭരണം കിട്ടില്ല.
3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി (3-35%) എന്നിവയും കൂടി നൽകണം. 5% പണിക്കൂലി കണക്കാക്കിയാൽ ഇന്നൊരു പവൻ ആഭരണത്തിന്റെ വാങ്ങൽവില 79,265 രൂപയാണ്.
ഒരു ഗ്രാം സ്വർണാഭരണത്തിന് 9,910 രൂപയും.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]