ദിവസങ്ങളായി തുടരുന്ന പ്രക്ഷോഭത്തിൽ ഇറാനിലെ ഭരണകൂടത്തിന് കാര്യമായ തകർച്ചയുണ്ടായിട്ടില്ലെന്ന വിലയിരുത്തലിൽ ഇസ്രയേൽ. പ്രക്ഷോഭത്തിന് കുറച്ചുകൂടി തീവ്രത വന്ന ശേഷം സൈനിക നടപടി മതിയെന്ന് ഇസ്രയേൽ യുഎസിന് ഉപദേശം നൽകിയെന്നാണ് റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിൽ യുഎസ് സൈനിക നടപടി ഇറാനികളെ ഒരുമിപ്പിക്കുമെന്നും പ്രക്ഷോഭത്തിന്റെ തീവ്രത കുറയ്ക്കുമെന്നുമാണ് ഇസ്രയേൽ കരുതുന്നത്.
ഇറാനിലെ പ്രക്ഷോഭം തുടരാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആഹ്വാനം ചെയ്തതിന് പിന്നാലെയാണിത്.
പ്രക്ഷോഭകാരികൾക്കുള്ള സഹായം വൈകില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. സൈനിക നടപടിയേക്കാൾ മറ്റ് ചില നീക്കങ്ങളിലൂടെ പ്രക്ഷോഭകാരികളെ സഹായിക്കാനുള്ള മാർഗമാണ് ഇപ്പോൾ പരീക്ഷിക്കുന്നത്.
ഇതിന്റെ ഭാഗമായി ഇറാന് മേൽ കൂടുതല്‍ സാമ്പത്തിക നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയേക്കും. ഇന്റർനെറ്റ് ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള നീക്കവും പുരോഗമിക്കുകയാണ്.
ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങളുടെ മേൽ 25 ശതമാനം തീരുവ കൂടി ചുമത്തുമെന്ന് ഇന്നലെ ട്രംപ് പറഞ്ഞിരുന്നു.
ഇറാനുമായുള്ള എല്ലാ ചർച്ചകളും അവസാനിപ്പിച്ചതായും ട്രംപ് വ്യക്തമാക്കി. നിരപരാധികളെ കൊല്ലുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ഇറാനിൽ 2,000ലേറെ പേർ കൊല്ലപ്പെട്ടതായാണ് കണക്ക്.
എന്നാൽ യഥാർത്ഥ മരണസംഖ്യ ഇതിന് മുകളിലാണെന്ന് രാജ്യാന്തര സംഘടനകൾ പറയുന്നു. രാജ്യത്തെ പ്രക്ഷോഭങ്ങൾ നിയന്ത്രിക്കാൻ കഴിഞ്ഞതായി ഇറാനും അവകാശപ്പെടുന്നു
വിപണിയിൽ നഷ്ടം
തിങ്കളാഴ്ച അപ്രതീക്ഷിത നേട്ടമുണ്ടാക്കിയെങ്കിലും ഇന്നലെ ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിലായി.
ഇറാൻ വിഷയത്തിൽ യുഎസിന്റെ പുതിയ തീരുവ, വിദേശ നിക്ഷേപകരുടെ പിന്മാറ്റം, ലാഭമെടുപ്പ് എന്നീ കാരണങ്ങളാണ് വിപണിയെ പിന്നോട്ടടിച്ചത്. മുഖ്യസൂചികയായ സെൻസെക്സ് 0.30 ശതമാനം നഷ്ടത്തിൽ 83,627.69 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റിയാകട്ടെ 0.22 ശതമാനം നഷ്ടത്തോടെ 25,732.30ലും വ്യാപാരം നിറുത്തി. ഇന്നലെ വിദേശ നിക്ഷേപകർ 1,499 കോടി രൂപയുടെ അറ്റ വിൽപ്പനക്കാരായി.
ഇന്ന് ഗിഫ്റ്റ് നിഫ്റ്റി ചുവപ്പിലാണ്. ഇന്ത്യൻ ഓഹരി വിപണികൾ നഷ്ടത്തോടെ വ്യാപാരം തുടങ്ങാനാണ് സാധ്യത.
അമേരിക്കൻ ഓഹരി വിപണി ഇന്നലെ നഷ്ടത്തിലായിരുന്നു.
എസ് ആൻഡ് പി സൂചിക 0.19 ശതമാനം ഇടിഞ്ഞു. മികച്ച സാമ്പത്തിക ഫലങ്ങൾ പുറത്തുവന്നിട്ടും നിക്ഷേപകർ ജെപി മോർഗൻ ഓഹരികൾ വിറ്റൊഴിച്ചു.
ക്രെഡിറ്റ് കാർഡ് നിയമങ്ങളിൽ ട്രംപിന്റെ പരിഷ്ക്കാരങ്ങൾ ബാങ്കിങ് ഓഹരികൾക്ക് തിരിച്ചടിയാണെന്ന വിലയിരുത്തലാണ് വിപണിയെ നഷ്ടത്തിലാക്കിയത്. നാസ്ഡാക്ക് 0.1 ശതമാനവും ഡോ 0.8 ശതമാനവും ഇടിവിലാണ് ക്ലോസ് ചെയ്തത്.
യു.എസ് ഓഹരികളുടെ ഫ്യൂച്ചർ വ്യാപാരവും ഇടിവിലാണ്.
യൂറോപ്യൻ ഓഹരി വിപണി സമ്മിശ്രമായാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇറാനിലെ പ്രതിസന്ധിയും ഫെഡ് ചെയർമാനെതിരായ നീക്കവുമെല്ലാം നിക്ഷേപകരെ ജാഗ്രതയിലാക്കിയെന്നാണ് വിലയിരുത്തല്‍.
ഏഷ്യൻ വിപണികളിലും വ്യാപാരം നടക്കുന്നത് ജാഗ്രതയോടെയാണ്.
ജപ്പാനിലെ നിക്കെയ് സൂചിക 1.3 ശതമാനം കുതിച്ച് റെക്കോർഡിലായി. ജാപ്പനീസ് കറൻസിയായ യെന്നിന്റെ വിനിമയ നിരക്ക് ഇടിഞ്ഞതോടെയാണ് മുന്നേറ്റം.
തുടക്കത്തിൽ നഷ്ടത്തിലായെങ്കിലും പിന്നീട് മറ്റ് സൂചികകളും പച്ചയിലേക്ക് കയറി. ഷാൻഹായ് സൂചിക 0.38 ശതമാനവും ഹോങ് കോങ് സൂചിക 0.28 ശതമാനവും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
സ്വർണം പുതിയ ഉയരത്തിൽ
രാജ്യാന്തര വിപണിയിൽ സ്വർണവില വീണ്ടും ഔൺസിന് 4,600 ഡോളറിന് മുകളിലെത്തി.
4,620 ഡോളറെന്ന നിലയിലാണ് നിലവിലെ വ്യാപാരം. ഇത് റെക്കോർഡ് വിലയാണ് .
കഴിഞ്ഞ ദിവസം പുറത്തുവന്ന യുഎസ് പണപ്പെരുപ്പ കണക്കുകൾ ഫെഡ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ ശക്തമാക്കി. ഇന്ന് പുറത്തുവരാനിരിക്കുന്ന വിൽപന കണക്കുകളും നിർണായകമാകും.
ഫെഡ് ചെയർമാനെതിരെ ട്രംപ് ഭരണകൂടത്തിന്റെ നീക്കവും ഭൗമരാഷ്ട്രീയ പ്രശ്നങ്ങളും നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സുരക്ഷിത നിക്ഷേപ മാർഗമെന്ന നിലയിൽ കൂടുതൽ പേർ സ്വർണത്തിൽ നിക്ഷേപിക്കുകയാണ്.
വെള്ളി വിലയും ഔൺസിന് 90 ഡോളറിനോട് അടുത്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ഇന്നും സ്വർണവില വർധിക്കുമെന്ന് ഉറപ്പായി.
ക്രൂഡ് ഓയിൽ വില ഇടിവിലാണ്.
ഇറാനുമായുള്ള ചർച്ചകള്‍ അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞതോടെ വില മെച്ചപ്പെട്ടെങ്കിലും വീണ്ടും നഷ്ടത്തിലായി. യുഎസിന്റെ ഡബ്ല്യൂടിഐ ബാരലിന് 61 ഡോളറിലെത്തി.
യുഎഇയുടെ മർബൻ ക്രൂഡ് ഓയിൽ 0.20 ശതമാനം ഇടിഞ്ഞ് 65.26 ഡോളറായി. ബ്രെന്റ് ക്രൂഡ് ഓയിൽ 0.20 ശതമാനം നഷ്ടത്തോടെ 65.34 ഡോളറിലുമെത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

