ഇന്ത്യയ്ക്കെതിരെ 50% തീരുവ ചുമത്തിയ പ്രസിഡന്റ് ട്രംപിന്റെ തീരുമാനം ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കാൻ പ്രമേയവുമായി 3 ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സ് അംഗങ്ങൾ. ട്രംപിന്റെ നിയമവിരുദ്ധ നടപടി അമേരിക്കയിലെ തൊഴിലാളികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ തിരിച്ചടിയായെന്നും ഇന്ത്യ-അമേരിക്ക ബന്ധം ട്രംപ് മോശമാക്കിയെന്നും മൂവരും ആരോപിച്ചു.
ഡിബോറ റോസ്, മാർക്ക് വീസി, രാജ കൃഷ്ണമൂർത്തി എന്നിവരാണ് പ്രമേയവുമായി രംഗത്തെത്തിയത്.
നേരത്തേ ഇവർ ട്രംപ് ബ്രസീലിനുമേൽ പ്രഖ്യാപിച്ച 50% തീരുവയ്ക്കെതിരെയും രംഗത്തുവന്നിരുന്നു.
ട്രംപ് കഴിഞ്ഞ ഓഗസ്റ്റ് 27ന് ആണ് റഷ്യൻ എണ്ണ ഇറക്കുമതി ചൂണ്ടിക്കാട്ടി ഇന്ത്യയ്ക്കുമേൽ 25% പിഴച്ചുങ്കം പ്രഖ്യാപിച്ചത്. ഇതോടെ, ഇന്ത്യയ്ക്കുമേലുള്ള ആകെ ഇറക്കുമതി തീരുവ 50 ശതമാനമായി.
ഇന്ത്യ സുഹൃദ് രാഷ്ട്രമായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ചങ്ങാതി ആയിട്ടും ട്രംപ് ഇന്ത്യയ്ക്കുമേൽ കനത്ത തീരുവ ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു. ട്രംപ് ഏറ്റവുമധികം തീരുവ ചുമത്തിയ രാജ്യങ്ങളിലൊന്നുമായി അതോടെ ഇന്ത്യ.
ഇതേത്തുടർന്ന്, ട്രംപും മോദിയും തമ്മിലെ സൗഹൃദവും മങ്ങിയിരുന്നു.
ഇന്ത്യയും അമേരിക്കയും തമ്മിലെ ബന്ധവും മോശമായി. ഇന്ത്യൻ വംശജർ ഏറെയുള്ള നോർത്ത് കാരലൈനയ്ക്കാണ് ട്രംപിന്റെ 50% തീരുവ നടപടി ഏറ്റവുമധികം ആഘാതമായതെന്ന് ഡിബോറ റോസ് പറഞ്ഞു.
ബില്യൻ കണക്കിന് ഡോളർ നിക്ഷേപമുള്ള പല കമ്പനികളും ഇവിടെയുണ്ട്. അവയെല്ലാം പ്രതിസന്ധിയിലായി.
നോർത്ത് കാരലൈനയിലെ കമ്പനികൾ ശതകോടികളുടെ കയറ്റുമതി ഇന്ത്യയിലേക്കും നടത്തിയിരുന്നു. ഇതും തുലാസിലാണെന്ന് റോസ് പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറിൽ ഇവർ മൂവർക്കും പുറമേ രോഹൻ ഖന്ന ഉൾപ്പെടെ മറ്റ് 19 അംഗങ്ങളും ട്രംപിന്റെ താരിഫ് നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു.
ട്രംപിന്റെ താരിഫ് നയങ്ങൾ ഇന്ത്യയുമായുള്ള ബന്ധം വഷളാക്കിയെന്ന അഭിപ്രായവുമായി കഴിഞ്ഞദിവസം കോൺഗ്രസ് പ്രതിനിധിയും ഡെമോക്രാറ്റ് നേതാവുമായ സിഡ്നി കാംലഗർ-ഡവും രംഗത്തുവന്നിരുന്നു.
പ്രധാനമന്ത്രി മോദിയും ഇന്ത്യ സന്ദർശിച്ച റഷ്യൻ പ്രസിഡന്റ് പുട്ടിനും കാറിലിരുന്ന് എടുത്ത സെൽഫി ചിത്രം ഉയർത്തിക്കാട്ടിയായിരുന്നു സിഡ്നിയുടെ കടുത്ത വിമർശനം. ഈ സെൽഫി ആയിരം വാക്കുകളാണ് സംസാരിക്കുന്നതെന്നും ഇന്ത്യയ്ക്കെതിരെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വീകരിച്ച തലതിരിഞ്ഞ നയങ്ങളാണ് മോദിയെയും പുട്ടിനെയും കൂടുതൽ അടുപ്പിച്ചതെന്നും കാംലഗർ-ഡവ് തുറന്നടിച്ചു.
ട്രംപ് ഇന്ത്യയ്ക്കെതിരെ പ്രയോഗിച്ച താരിഫും കടുത്ത വീസ ചട്ടങ്ങളും ഫലത്തിൽ അമേരിക്കയ്ക്കുതന്നെ വിനയായി.
ഇരു രാജ്യങ്ങൾക്കുമിടയിലെ വിശ്വാസവും നഷ്ടമായി. ‘‘ആ ചിത്രം (സെൽഫി) ആയിരം വാക്കുകളാണ് സംസാരിക്കുന്നത്.
നമ്മുടെ മിത്രങ്ങളെ എതിർപക്ഷത്തുള്ളവരുമായി അടുപ്പിച്ചാൽ നിങ്ങൾക്ക് നൊബേൽ കിട്ടില്ല’’, ട്രംപിനെ വിമർശിച്ച് കാംലഗർ-ഡവ് പറഞ്ഞു. അമേരിക്കയ്ക്ക് ഇന്ത്യയെ നഷ്ടപ്പെടുത്തിയ പ്രസിഡന്റ് ആവുകയാണ് ട്രംപ്. ഇന്ത്യയും റഷ്യയും കൂടുതൽ അടുക്കുന്നത് അമേരിക്കയ്ക്ക് ഒരു മുന്നറിയിപ്പാണ്.
ഇന്ത്യ റഷ്യയുമായി അടുക്കുന്നതിൽ അതിശയോക്തിയില്ല. എന്നാൽ, അമേരിക്കയ്ക്ക് ഒരു തന്ത്രപ്രധാന പങ്കാളിയെയാണ് നഷ്ടപ്പെടുന്നതെന്നും കാംലഗർ-ഡവ് പറഞ്ഞു.
എച്ച്1-ബി വീസയ്ക്ക് ട്രംപ് യുഎസ് ഒരുലക്ഷം ഡോളർ ഫീസും ചുമത്തിയതോടെ മോദിയും ട്രംപും തമ്മിൽ ഒരുമിച്ചിരിക്കാനുള്ള സാധ്യതയാണ് ഇല്ലാതായത്.
അതേസമയം, ട്രംപിന്റെ അനുയായികൾ പുറംവാതിലിലൂടെ പുട്ടിനുമായി ചർച്ചയും നടത്തുന്നു. യുക്രെയ്ന്റെ ഭൂമി റഷ്യയ്ക്ക് വിട്ടുകൊടുക്കാനുള്ള പിൻവാതിൽ നീക്കങ്ങളാണ് നടക്കുന്നതെന്ന കടുത്ത വിമർശനവും കാംലഗർ-ഡവ് ഉയർത്തി.
എച്ച്1-ബി വീസ കൂട്ടിയത് ഇന്ത്യയ്ക്കാണ് ഏറ്റവും തിരിച്ചടിയായത്.
ഇന്ത്യക്കാർ അമേരിക്കയുടെ ടെക്നോളജി, മെഡിസിൻ, സയൻസ് തുടങ്ങിയ മേഖലകളിൽ നൽകിയ സംഭാവന ട്രംപ് പരിഗണിച്ചില്ലെന്നും കാംലഗർ-ഡവ് പറഞ്ഞു. വ്ലാഡിമിർ പുട്ടിൻ ഇന്ത്യയിലെത്തിയപ്പോൾ വിമാനത്താവളത്തിൽ നിന്ന് കാറിൽ മോദിക്കൊപ്പം പോകുമ്പോഴായിരുന്നു സെൽഫി എടുത്തത്.
ഇതു പിന്നീട് ആഗോളതലത്തിൽ വൈറൽ ആവുകയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

