സ്വർണവില വീണ്ടും കുതിപ്പിന്റെ ആവേശത്തിൽ. കേരളത്തിൽ ഇന്ന് ഗ്രാമിന് 210 രൂപ മുന്നേറി വില 11,715 രൂപയിലെത്തി.
1,680 രൂപ വർധിച്ച് 93,720 രൂപയാണ് പവൻവില. കഴിഞ്ഞ ഒക്ടോബർ 22ന് ശേഷം ആദ്യമായാണ് 93,000 കടന്നത്.
ഈ മാസം 5ന് 89,080 രൂപയായിരുന്നു. തുടർന്ന് ഒറ്റ ആഴ്ചയ്ക്കിടെ വർധിച്ചത് 4,640 രൂപ; ഗ്രാമിന് 580 രൂപയും.
രാജ്യാന്തര വിപണിയിലെ ആവേശക്കാറ്റാണ് കേരളത്തിലും വീശുന്നത്.
ഔൺസിന് 100 ഡോളർ ഉയർന്ന് 4,210 ഡോളറിലാണ് നിലവിൽ രാജ്യാന്തരവില. യുഎസിൽ ഷട്ട്ഡൗൺ പ്രതിസന്ധി അവസാനിച്ച പശ്ചാത്തലത്തിൽ സ്വർണവില ഇടിയേണ്ടതായിരുന്നു.
എന്നാൽ, ഷട്ട്ഡൗൺ മാറിയെങ്കിലും പ്രതിസന്ധി മാഞ്ഞിട്ടില്ലെന്ന വിലയിരുത്തൽ അലയടിച്ചതോടെ സ്വർണം കുതിക്കുകയായിരുന്നു.
കാരണങ്ങൾ നോക്കാം:
1) ഷട്ട്ഡൗണിലായിരുന്ന വേളയിൽ യുഎസ് ഗവൺമെന്റ് തൊഴിലില്ലായ്മയുടേത് ഉൾപ്പെടെ നിരവധി കണക്കുകൾ പുറത്തുവിടാതെ പൂഴ്ത്തിവച്ചിരുന്നു. ഈ റിപ്പോർട്ടുകളിലെല്ലാം ഒളിഞ്ഞിരിക്കുന്നത് മോശം കണക്കുകളാണെന്ന നിരീക്ഷണങ്ങൾ.
2) കണക്കുകൾ മോശമായതിനാൽ ഡിസംബറിലെ പണനയ നിർണയ യോഗത്തിൽ യുഎസ് കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്കുകൾ കുറയ്ക്കാനുള്ള സാധ്യത.
3) പലിശ താഴുന്നത് സ്വർണം ആഘോഷമാക്കും.
പലിശയിറങ്ങുന്നതിന് ആനുപാതികമായി ഡോളറും യുഎസ് കടപ്പത്ര ആദായനിരക്കും ബാങ്ക് പലിശയും താഴും. ഇത് സ്വർണനിക്ഷേപങ്ങളുടെ സ്വീകാര്യത കൂട്ടും.
വിലയും കൂടും.
4) ഇന്ത്യൻ റുപ്പി ഇന്നും ഡോളറിനെതിരെ നഷ്ടത്തിലാണ് തുടങ്ങിയത്. 2 പൈസ താഴ്ന്ന് 88.65ലാണ് നിലവിൽ മൂല്യം.
സ്വർണവില നിർണയിക്കുമ്പോൾ രൂപ-ഡോളർ വിനിമയനിരക്കും പരിഗണിക്കും. രൂപ തളരുമ്പോൾ ഇറക്കുമതിച്ചെലവ് കൂട്ടും.
ഇത് ആഭ്യന്തര വില കൂടാനും ഇടയാക്കും.
ഫലിക്കുമോ പ്രവചനം?
രാജ്യാന്തരവില 4,150 ഡോളർ കടന്നാൽ ആ കുതിപ്പ് 4,380 ഡോളർ വരെ തുടരുമെന്ന് ചില നിരീക്ഷകർ കഴിഞ്ഞദിവസം പ്രവചിച്ചിരുന്നു. അതു യാഥാർഥ്യമായാൽ കേരളത്തിൽ പവൻ 95,000 രൂപയ്ക്ക് മുകളിലെത്തും.
ഇതിനിടെ ഡോളർ കരുത്താർജിക്കുകയും രൂപ തളരുകയും ചെയ്താൽ വില ‘ലക്ഷം’ കടക്കും. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുമെന്ന് കരുതുന്ന ഡിസംബറോടെ സ്വർണവില കൂടുതൽ മുന്നേറാനുള്ള സാധ്യതയാണ് ‘നിലവിൽ’ നിരീക്ഷകർ കാണുന്നത്.
കത്തിക്കയറുന്ന വില
കേരളത്തിൽ 18 കാരറ്റ് സ്വർണവില ഇന്ന് ഗ്രാമിന് 175 രൂപ ഉയർന്ന് 9,680 രൂപയായി.
18 കാരറ്റ് പവന് വില 1,400 രൂപ ഉയർന്ന് 77,440 രൂപ. വെള്ളിക്ക് ഗ്രാമിന് 7 രൂപ ഒറ്റയടിക്ക് കുതിച്ച് വില 175 രൂപയായി.
മറ്റു ചില ജ്വല്ലറികൾ നിശ്ചയിച്ച വില ഇങ്ങനെ
∙ 18 കാരറ്റ് സ്വർണം ഗ്രാമിന് 170 രൂപ ഉയർന്ന് 9,635 രൂപ; പവൻവില 77,080 രൂപ.
∙ 14 കാരറ്റ് സ്വർണം ഗ്രാമിന് 135 രൂപ ഉയർന്ന് 7,505 രൂപ; പവന് 60,040 രൂപ. ∙ 9 കാരറ്റ് സ്വർണവില ഗ്രാമിന് 90 രൂപ ഉയർന്ന് 4,845 രൂപ; പവന് 38,760 രൂപ.
∙ വെള്ളിക്ക് ഗ്രാമിന് 7 രൂപ ഉയർത്തി 172 രൂപ.
കേരളത്തില റെക്കോർഡ്
ഒക്ടോബർ 17, 21 തീയതികളിൽ കുറിച്ച വിലയാണ് കേരളത്തിലെ റെക്കോർഡ്. അന്ന് പവന് 97,360 രൂപയും ഗ്രാമിന് 12,170 രൂപയുമായിരുന്നു വില.
∙ കേരളത്തിൽ ഇന്നു സ്വർണവില കൂടുമെന്ന് ‘മനോരമ മാർക്കറ്റ് സ്കാൻ’ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. റിപ്പോർട്ട്
വായിക്കാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

