രാജ്യാന്തര തലത്തിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ സ്വർണ വിലയ്ക്കൊപ്പം തോളോട് തോൾ ചേർന്ന് വെള്ളി (Silver price) വിലയും മുന്നേറുകയാണ്. ഗ്രാമിന് 118 രൂപയെന്ന റെക്കോർഡ് നിലയിലാണ് വെള്ളിയുടെ നിരക്ക്. വെള്ളി മാത്രമല്ല, വെള്ളിയെ അടിസ്ഥാനമാക്കി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഒരു സാധാരണ സ്റ്റോക്ക് പോലെ ട്രേഡ് ചെയ്യുന്ന സില്‍വര്‍ എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ടുക (ഇടിഎഫുകള്‍)ളുടെ വിലയും കുതിക്കുകയാണ്. ഇവ കൈകാര്യം ചെയ്യുന്ന ആസ്‌തി (അസറ്റ്‌ അണ്ടര്‍ മാനേജ്‌മെന്റ്‌) ഒരു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായിട്ടുണ്ട്. 

ഗോൾഡ് ഇടിഎഫിനേക്കാൾ കുതിപ്പ്

വെള്ളിയുടെ വിലയിലുണ്ടായതിനേക്കാള്‍ വലിയ ഉയര്‍ച്ച കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്വര്‍ണ വിലയിലുണ്ടായെങ്കിലും ഗോള്‍ഡ്‌ ഇടിഎഫുകളുടെ ആസ്‌തിയില്‍ ഉണ്ടായതിനേക്കാള്‍ വലിയ വര്‍ധനവാണ്‌ സില്‍വര്‍ ഇടിഎഫുകള്‍ കൈകാര്യം ചെയ്യുന്ന ആസ്‌തിയിലുണ്ടായത്‌.

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട്‌ സില്‍വര്‍ ഇടിഎഫുകള്‍ കൈകാര്യം ചെയ്യുന്ന ആസ്‌തി 7473.34 കോടി രൂപയില്‍ നിന്നും 16,866.20 കോടി രൂപയായാണ്‌ വളര്‍ന്നത്‌. 125.68 ശതമാനമാണ്‌ വളര്‍ച്ച. അതേ സമയം ഗോള്‍ഡ്‌ ഇടിഎഫുകള്‍ കൈകാര്യം ചെയ്യുന്ന ആസ്‌തി 34,355.75 കോടി രൂപയില്‍ നിന്നും 62,452.94 കോടി രൂപയായാണ്‌ വളര്‍ന്നത്‌. 81.78 ശതമാനം വളര്‍ച്ച. 

മ്യൂച്ചൽ ഫണ്ടുകളിൽ നിന്ന് വ്യത്യസ്തമായി ETF ന്റെ യൂണിറ്റുകൾ സാധാരണയായി അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചിലെ റജിസ്റ്റർ ചെയ്ത ബ്രോക്കർ വഴി വാങ്ങുകയും വിൽക്കുകയുമാണ് ചെയ്യുന്നത്. നിക്ഷേപകർക്ക് എക്സ്ചേഞ്ച് വഴി യാതൊരു നിയന്ത്രണവുമില്ലാതെ ETF യൂണിറ്റുകള്‍ വാങ്ങാനാകും.

നിക്ഷേപകരേറുന്നു

മെയ്‌ 31ലെ കണക്ക്‌ പ്രകാരം 8.37 ലക്ഷം സിഎല്‍വര്‍ ഇടിഎഫ്‌ ഫോളിയോകളാണ്‌ നിലവിലുള്ളത്‌. ജനുവരിയില്‍ ഇത്‌ അഞ്ച്‌ ലക്ഷത്തില്‍ പരമായിരുന്നു. 2021 നവംബറിലാണ്‌ സെബി സില്‍വര്‍ ഇടിഎഫുകള്‍ തുടങ്ങുന്നതിന്‌ ഫണ്ട്‌ ഹൗസുകള്‍ക്ക്‌ അനുമതി നല്‍കിയത്‌. അതിനു ശേഷം ഈ നിക്ഷേപ മാര്‍ഗം ഉപയോഗപ്പെടുത്തുന്ന നിക്ഷേപകരുടെ എണ്ണത്തില്‍ ഗണ്യമായ വളര്‍ച്ചയുണ്ടായി. ‌

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട്‌ സ്വര്‍ണത്തിന്റെ വില 43.16 ശതമാനം ഉയര്‍ന്നപ്പോള്‍ വെള്ളിയുടെ വില 23.59 ശതമാനമാണ്‌ മുന്നേറിയത്‌. ഗോള്‍ഡ്‌ ഇടിഎഫുകളില്‍ ഉണ്ടായതിനേക്കാള്‍ ഉയര്‍ന്ന നിക്ഷേപം ആനുപാതികമായി ഉണ്ടായതു കൊണ്ടാണ്‌ സില്‍വര്‍ ഇടിഎഫുകളുടെ ആസ്‌തി ഒരു വര്‍ഷം കൊണ്ട്‌ 125 ശതമാനം ഉയര്‍ന്നത്‌.

English Summary:

Silver ETF assets under management (AUM) have surged, exceeding the growth of gold ETFs despite gold’s larger price increase. This article explores the reasons behind this phenomenon, including the rising silver price, increased investor base, and the ease of trading silver ETFs.