
യുദ്ധവും വ്യാപാര യുദ്ധവും ഒരു പോലെ ഒഴിവായ ആവേശത്തിൽ ഇന്നലെ റെക്കോർഡ് മുന്നേറ്റം നടത്തിയ ഇന്ത്യൻ വിപണി ഇന്ന് ലാഭമെടുക്കലിൽ നേട്ടത്തിൽ പാതിയും കൈവിടുന്നതാണ് കണ്ടത്. ഏഷ്യൻ വിപണി സമയത്ത് അമേരിക്കൻ ഫ്യൂച്ചറുകൾ വില്പന സമ്മർദ്ദം നേരിട്ടതും, യൂറോപ്യൻ വിപണിയുടെ പതിഞ്ഞ തുടക്കവും ഇന്ത്യൻ വിപണിക്ക് നിർണായകമായി.
25000 പോയിന്റെന്ന കടമ്പ താണ്ടാനാകാതെ നിഫ്റ്റി 348 പോയിന്റ് നഷ്ടത്തിൽ 24578 പോയിന്റിലാണ് ക്ളോസ് ചെയ്തത്. ഇന്നലെ 3000 പോയിന്റിനടുത്ത് നേട്ടമുണ്ടാക്കിയ സെൻസെക്സ് 1281 പോയിന്റുകൾ നഷ്ടമാക്കി 81148 പോയിന്റിലും ക്ളോസ് ചെയ്തു.
ഐടി സെക്ടർ 2.42% വീണത് തന്നെയാണ് ഇന്ത്യൻ വിപണിയുടെ ഇന്നത്തെ ഗതി തീരുമാനിച്ചത്. ഫിനാൻഷ്യൽ സർവീസ്, ഓട്ടോ, എഫ്എംസിജി, ഇൻഫ്രാ സെക്ടറുകൾ ഓരോ ശതമാനം വീതം വീണപ്പോൾ ഫാർമ, പൊതുമേഖല ബാങ്കുകൾ, നിഫ്റ്റി മിഡ് & സ്മോൾ ക്യാപ് സെക്ടറുകൾ എന്നിവ നേട്ടത്തിൽ തന്നെ ക്ളോസ് ചെയ്തു.
ഇന്ത്യയുടെ പണപ്പെരുപ്പം കുറയുന്നു
ഇന്ത്യയുടെ റീറ്റെയ്ൽ പണപ്പെരുപ്പമാപിനിയായ സിപിഐ ഡേറ്റയുടെ ഏപ്രിലിലെ വാര്ഷിക വളർച്ച 3.16%ലേക്ക് കുറഞ്ഞത് വിപണിക്ക് അനുകൂലമാണ്. മാർച്ചിൽ 3.34% വളർച്ച കുറിച്ച കൺസ്യൂമർ പ്രൈസ് ഇൻഡക്സ് ഇത്തവണ 3.27% വളർച്ച കുറിക്കുമെന്നായിരുന്നു അനുമാനം.
പണപ്പെരുപ്പം കുറയുന്നത് റിപ്പോ നിരക്ക് കുറയ്ക്കുന്നതിനും, കൂടുതൽ സാമ്പത്തിക ഉത്തേജന നടപടികൾ സ്വീകരിക്കുന്നതിനും ആർബിഐക്ക് പിന്തുണ നൽകും. നാളെ ഇന്ത്യയുടെ മൊത്തവിലക്കയറ്റക്കണക്കുകളും പുറത്ത് വരും.
ഫെഡ് ചെയർമാൻ സംസാരിക്കുന്നു
അമേരിക്കയുടെ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകൾ സൂചിപ്പിക്കുന്ന സിപിഐ ഡേറ്റ ഇന്ന് വരാനിരിക്കെ അമേരിക്കൻ ഫ്യൂച്ചറുകൾ നേരിയ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. അമേരിക്കൻ സിപിഐ ഡേറ്റ 2.4% വളർച്ച ഇത്തവണയും കുറിക്കുമെന്നാണ് അനുമാനം. പണപ്പെരുപ്പം അനുമാനത്തിലും കുറഞ്ഞാലത് വിപണിക്ക് വീണ്ടും ആഘോഷമാകും.
വെള്ളിയാഴ്ച ഫെഡ് ചെയർമാൻ ജെറോം പവൽ വീണ്ടും സംസാരിക്കാനിരിക്കുന്നത് വിപണിക്ക് പ്രധാനമാണ്.
ഡോളർ
ഏഷ്യൻ വിപണി സമയത്ത് വീണ്ടും മുന്നേറിയ അമേരിക്കൻ ഡോളർ രൂപക്കെതിരെ 85.29/- നിരക്കിലാണ് വ്യാപാരം തുടരുന്നത്. അമേരിക്കൻ സിപിഐ ഡേറ്റ ഇന്ന് ഡോളർ വിലയെ സ്വാധീനിക്കുമെന്നതും രൂപയ്ക്ക് നിർണായകമാണ്.
സ്വർണം
കഴിഞ്ഞ ദിവസങ്ങളിൽ തിരുത്തൽ നേരിട്ട രാജ്യാന്തര സ്വർണവില ഇന്ന് ഏഷ്യൻ വിപണി സമയത്ത് തിരിച്ചുവരവ് നടത്തി. ഒരു ശതമാനത്തിനടുത്ത് മുന്നേറിയ സ്വർണം ഔൺസിന് 3257 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
ക്രൂഡ് ഓയിൽ
അമേരിക്കയും ചൈനയും തമ്മിൽ വ്യാപാരചർച്ചയ്ക്കുള്ള അടിസ്ഥാന ധാരണയായത് ഇന്നും ക്രൂഡ് ഓയിലിന് മുന്നേറ്റം നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ 65 ഡോളറിന് മുകളിലാണ് വ്യാപാരം തുടരുന്നത്.
വെള്ളിയും, കോപ്പറും ഇന്ന് ഓരോ ശതമാനത്തിൽ കൂടുതൽ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
നാളത്തെ റിസൾട്ടുകൾ
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്, റൈറ്റ്സ്, ടാറ്റ പവർ, ഐഷർ, ലുപിൻ, ടോറന്റ് ഫാർമ, പിരമൽ ഫാർമ, കിർലോസ്കർ ബ്രദേഴ്സ്, കിർലോസ്കർ ഓയിൽ എഞ്ചിൻസ്, അപ്പോളോ ടയർ, അപാർ, ബിഎഎസ്എഫ്, ബ്രിഗേഡ്, വി- ഗാർഡ്, മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് ക്യാപിറ്റൽ മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ടാറ്റ സ്റ്റീൽ
ടാറ്റ സ്റ്റീൽ മുൻവർഷത്തില് നിന്നും അറ്റാദായം ഇരട്ടിയാക്കിയത് ഓഹരിക്ക് മുന്നേറ്റം നൽകിയിരുന്നു. മുൻവർഷത്തിലെ 555 കോടി രൂപയിൽ നിന്നും നാലാം പാദത്തിൽ 1201 കോടി രൂപയായി അറ്റാദായം ഉയർന്നത് മറ്റ് മെറ്റൽ ഓഹരികൾക്ക് അനുകൂലമാണ്. ഹിൻഡാൽകോയുടെ അമേരിക്കൻ ഉപകമ്പനിയായ നോവലിസും അനുമാനത്തിനൊപ്പമെത്തിയ റിസൾട്ടാണ് ഒന്നാം പാദത്തിൽ പ്രഖ്യാപിച്ചത്.
ജെഎസ്ഡബ്ലിയു സ്റ്റീൽ മെയ് 23നും ഹിൻഡാൽകോ മെയ് 20നും, നാഷണൽ അലുമിനിയം മെയ് 21നും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
മുന്നേറി ഫാർമ
അമേരിക്കയിൽ മരുന്നുകളുടെ വില 80% വരെ കുറയ്ക്കുമെന്ന ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനവും ഇന്ന് ഇന്ത്യൻ ഫാർമ ഓഹരികൾക്ക് മുന്നേറ്റം നൽകി. മികച്ച വിളകളിൽ ഫാർമ ഓഹരികളിൽ ലാഭമെടുക്കൽ നടന്നെങ്കിലും നിഫ്റ്റി ഫാർമ 1.22% നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
വീണ്ടും മുന്നേറി ഡിഫൻസ്
രാഷ്ട്രത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയുടെ പ്രസ്താവനകൾ ഇന്ത്യൻ ഡിഫൻസ് ഓഹരികൾക്ക് മുന്നേറ്റം നൽകി. ഭാരത് ഡൈനാമിക്സ് 11% മുന്നേറിയപ്പോൾ, ഐഡിയ ഫോർജ് 9% നേട്ടം കരസ്ഥമാക്കി. ഒട്ടു മിക്ക പ്രതിരോധ ഓഹരികളും, എല്ലാ കപ്പൽ നിർമാണ ഓഹരികളും ഇന്ന് മൂന്നു ശതമാനത്തിൽ കൂടുതൽ നേട്ടമുറപ്പിച്ചു.
ലേഖകന്റെ വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക