
ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ വെട്ടിലാക്കി തുടർച്ചയായ രണ്ടാംദിവസവും ഉച്ചയ്ക്കുശേഷം മാറിമറിഞ്ഞ് സ്വർണവില (gold rate). . ഉച്ചയ്ക്ക് ഒന്നരയോടെ ഗ്രാമിന് അധികമായി 90 രൂപയും പവന് 720 രൂപയും ഉയർന്നു. ഇതോടെ ഗ്രാം വില 8,855 രൂപയിലും പവൻവില 70,840 രൂപയിലുമെത്തി. രാജ്യാന്തര വിലയിലെ (Spot gold) വർധന, യുഎസ് ഡോളർ ഇൻഡക്സിന്റെ (US Dollar Index) വീഴ്ച, ഓഹരി വിപണികളുടെ (Stock market) തളർച്ച, രൂപ (rupee) നേരിട്ട നഷ്ടം എന്നിവയാണ് സ്വർണക്കുതിപ്പിന് വഴിയൊരുക്കിയത്.
ഇന്നലെ രണ്ടുതവണയായി ഗ്രാമിന് 295 രൂപയും പവന് 2,360 രൂപയും ഇടിഞ്ഞിരുന്നു. ഇന്നു രണ്ടുതവണയായി ഗ്രാമിന് 105 രൂപയും ഗ്രാമിന് 840 രൂപയും കൂടി. 18 കാരറ്റ് സ്വർണവിലയും ഇന്നുച്ചയ്ക്ക് 75 രൂപ വർധിച്ച് 7,295 രൂപയായി. രാവിലെ 10 രൂപ ഉയർന്നിരുന്നു. അതേസമയം, വെള്ളിവില മാറിയിട്ടില്ല. രാജ്യാന്തര സ്വർണവില, ഡോളറിനെതിരെ രൂപയുടെ മൂല്യം, സ്വർണത്തിന്റെ ബോംബെ റേറ്റ് (Mumbai Rate), സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ റേറ്റ് (Gold – bank rate) എന്നിവ അടിസ്ഥാനമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. വില ഒരുദിവസം തന്നെ മാറിമാറിയുന്നത് വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.
എന്തുകൊണ്ട് വില വീണ്ടും മാറി?
ഇന്നു രാവിലെ സ്വർണവില നിശ്ചയിക്കുമ്പോൾ രാജ്യാന്തര സ്വർണവില ഔൺസിന് 3,234 ഡോളറായിരുന്നു. ഇപ്പോഴുള്ളത് 3,250 ഡോളറിന് മുകളിൽ. ഡോളറിനെതിരെ 84.67 നിലവാരത്തിലായിരുന്ന രൂപ 85.34 നിലവാരത്തിലേക്ക് വീണു. ബോംബെ റേറ്റ് 9,576 രൂപയിൽ നിന്ന് 9,674 രൂപയിലേക്കും ബാങ്ക് റേറ്റ് 9,604 രൂപയിൽ നിന്ന് 9,723 രൂപയിലേക്കും ഉയർന്നതോടെ കേരളത്തിലും വില ഉയരുകയായിരുന്നു. രാജ്യാന്തര, ബോംബെ വിലകളിലും ബാങ്ക് റേറ്റിലുമുണ്ടായ വർധന, രൂപയുടെ തളർച്ച എന്നിവയ്ക്ക് ആനുപാതികമായാണ് കേരളത്തിലും ഉച്ചയ്ക്കുശേഷം വില ഉയർന്നതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA)) സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്ര പറഞ്ഞു.
ഭിന്നത തുടരുന്നു
അതേസമയം, എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ ഉച്ചയ്ക്കുശേഷം വില പരിഷ്കരിച്ചില്ല. . സ്വർണവില നിർണയത്തിൽ സംസ്ഥാനത്തെ വ്യാപാരികൾക്കിടയിൽ അഭിപ്രായഭിന്നതയും നിലനിൽക്കുകയാണ്. ഗ്രാമിന് 8,765 രൂപയും പവന് 70,120 രൂപയുമാണ് എസ്. അബ്ദുൽ നാസർ വിഭാഗം ഉച്ചയ്ക്കുശേഷവും ഈടാക്കുന്നത്. 18 കാരറ്റ് സ്വർണത്തിനും വില രാവിലെ നിശ്ചയിച്ച 7,190 രൂപയിൽ നിലനിർത്തി. ഉച്ചയ്ക്കുശേഷം സംസ്ഥാനത്ത് വില വൻതോതിൽ കൂടേണ്ട സാഹചര്യമില്ലായിരുന്നുവെന്ന് എസ്. അബ്ദുൽ നാസർ പറഞ്ഞു. അതുകൊണ്ടാണ്, വില വർധിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎസ്-ചൈന താരിഫ് തർക്കത്തിന് സമവായമായെങ്കിലും യുഎസിലെ പണപ്പെരുപ്പം, അടിസ്ഥാന പലിശനിരക്ക് എന്നിവ സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്നതാണ് സ്വർണത്തിന് കുതിപ്പാകുന്നത്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് ഈ വർഷം 0.55% വരെ കുറച്ചേക്കുമെന്നാണ് സൂചനകൾ. ഇതോടെ യുഎസ് ഡോളർ ഇൻഡക്സ് ദുർബലമായി. പുറമെ ഓഹരി വിപണികൾ നേരിട്ട തളർച്ചയും സ്വർണത്തിന് തിളക്കമേകുകയും വില കൂടുകയുമായിരുന്നു.