
താരിഫ് യുദ്ധം രാജ്യങ്ങൾക്കിടയിൽ യുഎസ് ഡോളറിന്റെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടാനിടയാക്കിയിട്ടുണ്ട്. ചൈനയും റഷ്യയും ഉൾപ്പടെയുള്ള ബ്രിക്സ് (BRICS) രാജ്യങ്ങൾ ഡോളറിൽ നിന്ന് നീങ്ങാനുള്ള ആലോചനകൾ കഴിഞ്ഞ കുറച്ചുകാലമായി നടത്തുന്നുണ്ട്. നിലവിലെ താരിഫ് യുദ്ധം അതിലേക്കുള്ള ഒരു ചവിട്ടുപടിയായേക്കാം. പുതിയൊരു ആഗോള കറൻസി ഉടലെടുക്കുകയാണെങ്കിൽ അതേതെങ്കിലും ഒരു രാജ്യത്തിന്റേതാകാനുള്ള സാധ്യതകളും കുറവാണ്. ഡോളറിന് ബദലാകാൻ ബിറ്റ്കോയിന് കഴിയുമോ? ലോകം ഡി-ഡോളറൈസേഷനിലേക്ക് നീങ്ങുകയാണോ?
താരിഫ് യുദ്ധവും അമേരിക്കയുടെ അധികാര ‘മനോഭാവവും’ മൂലം ലോകം പുതിയൊരു സാമ്പത്തികപ്പോരിലേക്ക് കടന്നിരിക്കുന്നു. ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റ് ആയശേഷം മറ്റു രാജ്യങ്ങൾക്കുമേൽ ചുമത്തിയ താരിഫുകൾ യുഎസിന്റേത് അടക്കമുള്ള വിപണികളുടെ ഇടിവിന് തന്നെ കാരണമായി. ലോകത്തെ ഏറ്റവും വലിയ ഉപഭോക്തൃവിപണി എന്ന നിലയിൽ അമേരിക്കയുടെ ഈ തീരുമാനങ്ങൾ ലോക വിപണിയിയെ തന്നെ സമ്മർദ്ദത്തിലാക്കി. ലോകത്തിന്റെ റിസർവ് കറൻസി എന്ന ഡോളറിന്റെ സ്ഥാനം ദുരുപയോഗം ചെയ്താണ് ട്രംപ് ഈ നയങ്ങൾ ഏകപക്ഷീയമായി നടപ്പാക്കുന്നതെന്ന വിമർശനം ശക്തമാണ്. ലോകരാജ്യങ്ങളെ മുഴുവൻ സമ്മർദ്ദത്തിലാക്കാൻ മാത്രമുള്ള ശേഷി അമേരിക്ക എങ്ങനെ ഡോളറിലൂടെ കൈവരിച്ചു? ഈ നയങ്ങൾ കാലങ്ങളോളം തുടരാൻ അമേരിക്കയെ കൊണ്ട് സാധിക്കുമോ? ഒരു ബദൽ വിനിമയമാർഗം സാധ്യമാണോ?
ഡോളർ, പൗണ്ട്, രൂപ തുടങ്ങിയവയുടെയെല്ലാം വരവിന് മുൻപ് മനുഷ്യൻ വസ്തുവിനിമയത്തിന്റെ (ബാർട്ടർ സിസ്റ്റം) അടിസ്ഥാനത്തിലായിരുന്നല്ലോ വ്യാപാരങ്ങൾ നടത്തിയിരുന്നത്. ബാർട്ടർ സിസ്റ്റത്തിന്റെ പരിമിതികൾ ഒരു പൊതുവായി അംഗീകരിക്കപ്പെട്ട കറൻസിയുടെ ആവശ്യകത ഉയർത്തി. ചെമ്പ്, വെള്ളി എന്നീ നാണയങ്ങളും ഇതിനായി ഉപയോഗിച്ചിരുന്നു. അവയുടെ ലഭ്യത അധികമായതും ഗുണനിലവാരമില്ലായ്മയും മനുഷ്യനെ സ്വർണത്തിലേക്കെത്തിച്ചു. കൃത്രിമമായി സൃഷ്ടിക്കാൻ പറ്റാത്തതും ഏറിയ കാലം ഈട് നിൽക്കുന്നതുമായ സ്വർണത്തിന്റെ സവിശേഷ ഗുണഗണങ്ങൾ അതിനെ ഒരു മൂല്യമായി അംഗീകരിക്കാനുള്ള കാരണമായി.
എന്നാൽ കൊണ്ടുനടക്കാനും വിനിമയം ചെയ്യാനുമുള്ള പരിമിതികൾ പരിഗണിച്ച് സ്വർണം അടിസ്ഥാനമാക്കിയുള്ള കറൻസികൾ (ഉദാഹരണത്തിന് പേപ്പർ നോട്ടുകളോ ലോഹ നാണയങ്ങളോ) നിശ്ചിത അളവ് സ്വർണമായി മാറ്റാമെന്ന വാഗ്ദാനത്തോടെ രാജ്യങ്ങൾ പുറത്തിറക്കി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആഗോള വ്യാപാരം വികസിച്ചപ്പോൾ സ്വർണം നിലവാരമാക്കിയുള്ള (ഗോൾഡ് സ്റ്റാൻഡേർഡ്)കറൻസികളിലേക്ക് നീങ്ങാൻ അന്നത്തെ സാമ്പത്തിക ശക്തിയായ ബ്രിട്ടൻ തീരുമാനിച്ചു. അങ്ങനെ 1819ൽ ഔദ്യോഗികമായി സ്വർണ നിലവാരത്തിൽ കറൻസി അച്ചടിക്കുന്ന ആദ്യ രാജ്യമായി ബ്രിട്ടൻ. ബ്രിട്ടന് പിന്നാലെ തന്നെ ജർമനിയും ഫ്രാൻസും അമേരിക്കയും ഗോൾഡ് സ്റ്റാൻഡേർഡിലേക്ക് മാറി.
സ്വർണം അധിഷ്ഠതമായ ഡോളറിന്റെ സ്വീകാര്യതമൂലം രണ്ടാം ലോകമഹായുദ്ധകാലത്ത് പല രാജ്യങ്ങളുടെയും സ്വർണശേഖര കേന്ദ്രമായി യുഎസ് മാറി. യൂറോപ്യൻ രാജ്യങ്ങൾ യുദ്ധക്കെടുതികൾ അഭിമുഖീകരിച്ചപ്പോൾ അവർ സ്വന്തം സ്വർണ ശേഖരം സുരക്ഷ കണക്കിലെടുത്ത് അമേരിക്കയിലേക്ക് മാറ്റി. 1944ഓടെ ലോകത്തെ 70 ശതമാനം നാണയബന്ധിതമായ സ്വർണ ശേഖരം യുഎസിന്റെ കൈവശമായി. ഈ സ്വർണ ശേഖരം 1944ലെ ബ്രെട്ടൺ വുഡ്സ് (bretton woods) കരാറിന് അടിത്തറയിട്ടു. ഈ കരാർ പ്രകാരം, ഡോളർ സ്വർണത്തെ അടിസ്ഥാനമാക്കിയുള്ള കറൻസിയായി നിലനിർത്തുമെന്ന് യുഎസ് ഉറപ്പുനൽകി. അങ്ങനെ 44 ലോകരാജ്യങ്ങൾ അവരുടെ കറൻസികളെ ഡോളറുമായി ബന്ധിപ്പിക്കാൻ തീരുമാനിച്ചു.
1944ലെ ബ്രെട്ടൺ വുഡ്സ് കരാർ ഡോളറിന്റെ ആഗോള റിസർവ് കറൻസി എന്ന പദവി ഔദ്യോഗികമാക്കി. ഡോളറിന്റെ സ്വർണ പരിവർത്തന ശേഷിയിൽ വിശ്വാസമർപ്പിച്ച് രാജ്യങ്ങൾ അന്താരാഷ്ട്ര ഇടപാടുകൾക്കായി ഡോളർ ശേഖരിച്ചു. എണ്ണ വ്യാപാരത്തിൽ ഡോളറിന്റെ (പെട്രോഡോളർ കരാർ) ഉപയോഗത്തിനൊപ്പം രാജ്യാന്തര നാണയനിധി (IMF), ലോകബാങ്ക് തുടങ്ങിയവയും ഡോളർ സ്വീകരിച്ചു തുടങ്ങിയതോടെ ഈ ആധിപത്യം ശക്തമായി. ബ്രെട്ടൺ വുഡ്സ് കരാർ അനുസരിച്ച് അച്ചടിക്കുന്ന ഓരോ ഡോളറിനും തത്തുല്യമായി സ്വർണം ഖജനാവിൽ സൂക്ഷിക്കുമെന്നും ആവശ്യമുള്ളപ്പോൾ ഡോളർ മാറ്റി അതിന്റെ മൂല്യത്തിന് തുല്യമായി സ്വർണം നൽകുമെന്നും യുഎസ് ഉറപ്പ് നൽകി.
ദി നിക്സൺ ഷോക്ക്
1960കളുടെ അവസാനത്തോടെ സോവിയറ്റ് യൂണിയനുമായി ശീതയുദ്ധത്തിൽ ഏർപ്പെട്ടതും ക്ഷേമ പദ്ധതികൾക്കുമായി ഗവൺമെന്റ് വൻതോതിൽ കടം വാങ്ങിയതും യുഎസിന്റെ ചെലവുകൾ ക്രമാധീതമായി വർധിപ്പിക്കുകയും അവരുടെ സ്വർണ ശേഖരത്തെ ക്ഷയിപ്പിക്കുകയും ചെയ്തു. ഡോളറിന്റെ മൂല്യത്തിൽ ആശങ്ക തോന്നിയ വിദേശ രാജ്യങ്ങൾ സ്വന്തം ഡോളർ ശേഖരത്തിന് പകരമായി സ്വർണം ആവശ്യപ്പെട്ടു. 1971 ഓഗസ്റ്റ് 15ന് ഈ പ്രതിസന്ധി പരിഹരിക്കാൻ അന്നത്തെ അമേരിക്കൻ പ്രസിഡന്റായ റിച്ചാർഡ് നിക്സൺ ഏകപക്ഷീയമായി ബ്രെട്ടൺ വുഡ്സ് കരാർ നിർത്തലാക്കി.
ഇതോടെ സ്വർണശേഖരം വയ്ക്കാതെ തന്നെ രാജ്യങ്ങൾക്ക് കറൻസി പ്രിന്റ് ചെയ്യാമെന്ന രീതി (Fiat Currency System) നിലവിൽ വന്നു. സ്വർണത്തിന്റെ മൂല്യത്തിൽ വിശ്വസിച്ചു ഡോളറിൽ നിക്ഷേപിച്ചിരുന്ന രാജ്യങ്ങളെ ഞെട്ടിച്ചാണ് നിക്സന്റെ ഈ നടപടി. എതിർപ്പുകൾ ഉണ്ടായെങ്കിലും അമേരിക്കയുടെ ആധിപത്യവും മറ്റൊരു ബദൽ കറൻസിക്കുള്ള സാധ്യതയില്ലായ്മയും യുഎസ് ഡോളറിനെ റിസർവ് കറൻസിയായി കാണാൻ രാജ്യങ്ങളെ പ്രേരിപ്പിച്ചു. എഴുപതുകളിൽ സൗദിയുമായിയുള്ള കരാറിന്റെ അടിസ്ഥാനത്തിൽ എണ്ണ വ്യാപാരം (പെട്രോഡോളർ കരാർ) മുതൽ രാജ്യാന്തര വ്യാപാരത്തിന്റെ ഭൂരിഭാഗവും ഇന്ന് ഡോളറിലാണ് നടക്കുന്നത്. ലോകത്തെ കേന്ദ്ര ബാങ്കുകളുടെ 60 മുതൽ 70 ശതമാനം വരെ വിദേശ കറൻസി നിക്ഷേപവും ഡോളറിൽ.
എന്നാൽ, കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി ഡോളറിന്റെ ആധിപത്യം ചോദ്യംചെയ്യപ്പെടുന്നുണ്ട്. കോവിഡ് മഹാമാരിക്കിടെ സമ്പദ്വ്യവസ്ഥ തകർച്ച നേരിട്ടപ്പോൾ ധനസഹായ പാക്കേജുകളുടെ ഭാഗമായി 4.5 ലക്ഷം കോടി ഡോളറാണ് അമേരിക്കയുടെ റിസർവ് ബാങ്ക് (ഫെഡറൽ റിസർവ്) രാജ്യത്തേക്ക് അച്ചടിച്ചിറക്കിയത്. ഡോളറിന്റെ മൂല്യം ഇതിനാൽ ഇടിയുകയും പണപ്പെരുപ്പം കൂടാൻ കാരണമാവുകയും ചെയ്തു. ഇതിനോടൊപ്പം അമേരിക്കയുടെ വർധിക്കുന്ന പൊതുകടവും ഡോളറിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു.
സാമ്പത്തിക മാന്ദ്യവും ബിറ്റ്കോയിന്റെ വരവും
സർക്കാരുകൾ കണക്കില്ലാതെ പണം (ഫിയറ്റ് കറൻസി) അച്ചടിക്കുന്നതിന്റെ പ്രശ്നം തുറന്നു കാണിച്ച വർഷമാണ് 2008. ബാങ്കുകൾ നടത്തിയ ഉത്തരവാദിത്വമില്ലാത്ത ഭവന വായ്പാരീതികൾ കാരണം അമേരിക്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങി. കിട്ടാക്കടങ്ങൾ പെരുകി പല ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും സാമ്പത്തിക തകർച്ചയിലാവുകയും ജനങ്ങൾക്ക് ബാങ്കുകളിൽ നിക്ഷേപിച്ച പണം പോലും തിരിച്ചുകൊടുക്കാൻ പറ്റാത്ത നിലയിലേക്ക് എത്തുകയും ചെയ്തു. ഈ പ്രതിസന്ധിയിൽ നിന്ന് പുറത്തു കടക്കാൻ ഫെഡറൽ റിസർവ് കണ്ട മാർഗം കൂടുതൽ കറൻസികൾ പ്രിന്റ് ചെയ്യുകയായിരുന്നു. യുഎസ് ഗവൺമെന്റും ഫെഡറൽ റിസർവും 700 ബില്യൺ ഡോളറിലധികം (28 ലക്ഷം കോടി രൂപ) അച്ചടിച്ചുകൊണ്ട് ബാങ്കുകളെ രക്ഷിച്ചെടുത്തു. സമ്പദ്വ്യവസ്ഥയെ തകർച്ചയിൽ നിന്ന് രക്ഷിച്ചെങ്കിലും അതിനുള്ള ചെലവുകൾ നികുതിദായകർ വഹിച്ചതും കൂടുതൽ കറൻസികൾ അച്ചടിച്ചു പണപ്പെരുപ്പം കൂട്ടിയതും ഡോളറിലുള്ള വിശ്വാസം ചോദ്യം ചെയ്യപ്പെടാൻ കാരണമായി.
കേന്ദ്രീകൃത സാമ്പത്തിക വ്യവസ്ഥയിൽ പൊതുജനത്തിന്റെ വിശ്വാസം നഷ്ടപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് 2008ൽ ലോകത്തെ ആദ്യ വികേന്ദ്രീകൃത കറൻസിയായ ബിറ്റ്കോയിൻ “ജനിക്കുന്നത്”. സതോഷി നാകാമോട്ടോ എന്ന “അജ്ഞാതൻ” അവതരിപ്പിച്ച ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ, ഒരു കേന്ദ്രനിയന്ത്രണ അതോറിറ്റിയില്ലാതെ എങ്ങനെ ഒരു കറൻസിക്ക് നിലനിൽക്കാം എന്നതിന്റെ ഉദാഹരണമാണ്.
പണമിടപാട് നടത്താൻ മാത്രമല്ല സ്വർണം പോലെ പണത്തിന്റെ മൂല്യം നിലനിർത്താനുള്ള നിക്ഷേപമാർഗമായത് കൊണ്ട് “ഡിജിറ്റൽ ഗോൾഡ്” എന്ന വിളിപ്പേരും കിട്ടി. പണപ്പെരുപ്പം കാരണം ലോകത്തെ ഗവൺന്മെന്റ് നിയന്ത്രിതമായി പ്രവർത്തിക്കുന്ന യുഎസ് ഡോളറടക്കമുള്ള കറൻസികളുടെ മൂല്യം ഓരോ വർഷവും ഇടിയുന്ന കാലഘട്ടത്തിലാണ് (2009-2025) ബിറ്റ്കോയിൻ ഏറ്റവും നേട്ടം കൈവരിച്ച നിക്ഷേപമായി മാറുന്നത്. 2024ൽ ബിറ്റ്കോയിന്റെ വിപണി മൂല്യം 2 ട്രില്യൺ ഡോളർ കവിഞ്ഞു. സാമ്പത്തിക ചരിത്രത്തിൽ ഒരു ആസ്തിയും ഇത്രയും മൂല്യം കൈവരിച്ചതിന് ശേഷം പൂർണമായി അപ്രത്യക്ഷമായിട്ടില്ല എന്ന വസ്തുത അതിന്റെ വിശ്വാസ്യതയെ ശക്തിപ്പെടുത്തുകയും ഭാവിയിലെ സാമ്പത്തിക വ്യവസ്ഥയിൽ ബിറ്റ്കോയിന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുന്നു.
ഡി-ഡോളറൈസേഷൻ സാധ്യമാണോ?
താരിഫ് യുദ്ധം രാജ്യങ്ങൾക്കിടയിൽ ഡോളറിന്റെ വിശ്വാസ്യതക്ക് കോട്ടം തട്ടാൻ കാരണമായിട്ടുണ്ട്. ചൈന, റഷ്യ ഉൾപ്പടെയുള്ള ബ്രിക്സ് (BRICS) രാജ്യങ്ങൾ ഡോളറിൽ നിന്ന് നീങ്ങാനുള്ള ആലോചനകൾ കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി നടത്തുന്നു. നിലവിലെ താരിഫ് യുദ്ധം അതിലേക്കുള്ള ഒരു ചവിട്ടുപടിയായേക്കാം. പുതിയൊരു ആഗോള കറൻസി ഉടലെടുക്കുകയാണെങ്കിൽ അതേതെങ്കിലും ഒരു രാജ്യത്തിന്റേതാകാനുള്ള സാധ്യതകൾ കുറവാണ്.
ബിറ്റ്കോയിന്റെ വികേന്ദ്രീകൃത സ്വഭാവം, പരിമിതമായ വിതരണം, ആഗോള വിനിമയക്ഷമത, സുതാര്യത എന്നിവ ഒരു ബദൽ കറൻസിക്കുള്ള സാധ്യതകൾ മുന്നോട്ടുവയ്ക്കുന്നു. ഒരു കറൻസി എന്ന നിലയിൽ സ്വർണം വിനിമയം ചെയ്യാനുണ്ടായിരുന്ന പരിമിതികളും ബിറ്റ്കോയിൻ പരിഹരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനമായ ബ്ലാക്ക്റോക്കിന്റെ സിഇഒ ലാറി ഫിങ്ക്, 2025ലെ ഏറ്റവും പുതിയ നിക്ഷേപക ലേഖനത്തിൽ ബിറ്റ്കോയിന്റെ സാധ്യതകളെക്കുറിച്ച് വിശദീകരിച്ചു.
അമേരിക്കയുടെ വർദ്ധിക്കുന്ന കടങ്ങൾ വരുംകാലങ്ങളിൽ ഡോളറിന്റെ വിശ്വാസ്യത കുറയ്ക്കുകയും ബിറ്റ്കോയിൻ പോലെയുള്ള വികേന്ദ്രീകൃത ആസ്തികൾ ലോക റിസർവ് കറൻസി പദവി നേടാനുള്ള സാധ്യതയുണ്ടെന്നും ഫിങ്ക് അഭിപ്രായപ്പെടുന്നു. ഈ സാഹചര്യത്തിൽ, ബിറ്റ്കോയിൻ ആഗോള റിസർവ് കറൻസിയായി മാറിയാൽ അതിൽ ഒരു പങ്ക് ഉറപ്പാക്കാൻ, സ്വർണ ശേഖരം സൂക്ഷിക്കുന്നതുപോലെ, യുഎസ് 2024ൽ ഒരു ബിറ്റ്കോയിൻ റിസർവ് (Strategic Bitcoin Reserve) സ്ഥാപിച്ചു. ബിറ്റ്കോയിന്റെ വിലയിലുള്ള ചാഞ്ചാട്ടങ്ങളും (volatility) നിലവിലുള്ള നിയമങ്ങളിലെ വെല്ലുവിളികളും ഇന്നും അതിന്റെ സ്വീകാര്യതക്ക് തടസ്സങ്ങളായി നിൽക്കുന്നു. പുതിയൊരു റിസർവ് കറൻസി നിലവിൽ വരാനും സ്വീകരിക്കപ്പെടാനും ഏറെ കടമ്പകളുണ്ട്. എന്നാൽ മനുഷ്യൻ കൂടുതൽ കാര്യക്ഷമമായ വിനിമയ മാർഗ്ഗങ്ങൾ കണ്ടെത്തി അതിലേക്ക് മാറുന്നത് ചരിത്രപരമായി നമുക്ക് കാണാൻ സാധിക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)