വെനസ്വേലയുടെ ക്രൂഡ് ഓയിൽ വാങ്ങാൻ ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിന് യുഎസിന്റെ ജനറൽ ലൈസൻസ് ലഭിച്ചെന്ന് റിപ്പോർട്ട്. റഷ്യൻ എണ്ണയ്ക്ക് പകരമായി ഇനി വലിയതോതിൽ വെനസ്വേലൻ എണ്ണ വാങ്ങാൻ റിലയൻസിന് കഴിയും.
നേരത്തേ റിലയൻസ് വെനസ്വേലൻ എണ്ണ വാങ്ങിയിരുന്നെങ്കിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെനസ്വേലയ്ക്കുമേൽ ഉപരോധം പ്രഖ്യാപിച്ചതോടെ നിർത്തിയിരുന്നു.
വെനസ്വേലയുടെ കട്ടിയേറിയ എണ്ണ സംസ്കരിക്കാൻ സാങ്കേതിക സൗകര്യങ്ങളുള്ളതാണ് റിലയൻസിന്റെ ഗുജറാത്തിലെ റിഫൈനറി. ലോകത്തെ ഏറ്റവും വലിയ റിഫൈനിങ് ശേഷിയുള്ള പ്ലാന്റാണിത്.
ജനറൽ ലൈസൻസ് ലഭിച്ചതോടെ ഇനി വെനസ്വേലൻ എണ്ണ ഉപരോധ ഭീഷണിയില്ലാതെ വാങ്ങാനും സംസ്കരിച്ച് കയറ്റുമതി ഉൾപ്പെടെ നടത്താനും റിലയൻസിന് കഴിയും.
ഒരു വിദേശ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ലൈസൻസ് ലഭിച്ചതിനെ കുറിച്ച് റിലയൻസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വെനസ്വേലൻ പ്രസിഡന്റ് ആയിരുന്ന നിക്കോളാസ് മഡുറോയെയും ഭാര്യയെയും യുഎസ് പിടികൂടിയശേഷം, വെനസ്വേലയുടെ എണ്ണ വിപണി ഇനി യുഎസിന്റെ നിയന്ത്രണത്തിലായിരിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു.
ഉപരോധം കുറയ്ക്കുകയും ബില്യൻ കണക്കിന് ഡോളർ നിക്ഷേപമെത്തിച്ച് വെനസ്വേലൻ എണ്ണ വ്യവസായത്തെ പുനരുദ്ധരിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞയാഴ്ച ഇന്ത്യയുമായി വ്യാപാര ഡീൽ പ്രഖ്യാപിച്ച ട്രംപ്, ഇന്ത്യ ഇനി റഷ്യൻ എണ്ണയ്ക്കുപകരം വെനസ്വേലൻ എണ്ണയാണ് വാങ്ങുകയെന്നും പറഞ്ഞിരുന്നു. ഇന്ത്യയിലേക്കുള്ള മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഒരുഘട്ടത്തിൽ റഷ്യയുടെ പങ്ക് 40 ശതമാനം വരെയായിരുന്നു.
ഇപ്പോഴത് 30 ശതമാനത്തിനു താഴെയായിട്ടുണ്ട്. വൈകാതെ ഇത് 15-20 ശതമാനത്തിലേക്ക് ഇന്ത്യ കുറയ്ക്കുമെന്നാണ് വിലയിരുത്തലുകൾ.
ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി പൂർണമായും നിർത്തണമെന്നാണ് ട്രംപിന്റെ നിർദേശം.
ഇതു പാലിച്ചില്ലെങ്കിൽ ഇന്ത്യയ്ക്കുമേൽ 25% പിഴത്തീരുവ പുനഃസ്ഥാപിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോടു പറഞ്ഞതായും ട്രംപ് വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഇന്ത്യ ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
എന്നാൽ, റഷ്യൻ എണ്ണയ്ക്കുപകരം വെനസ്വേലയുടെ ഉൾപ്പെടെ എണ്ണയ്ക്ക് മുൻഗണന നൽകാൻ കേന്ദ്രസർക്കാർ പൊതുമേഖലാ എണ്ണക്കമ്പനികളോട് ആവശ്യപ്പെട്ടതായാണ് സൂചന.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

