യൂറോപ്യൻ യൂണിയനുമായി സ്വതന്ത്ര്യ വ്യാപാര കരാർ ഒപ്പിടാനുള്ള സാധ്യത തുറന്നിട്ട് ജർമൻ ചാൻസലർ ഫ്രീഡ്റിച്ച് മെർച്ചിന്റെ ഇന്ത്യ സന്ദർശനം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ യുദ്ധത്തിനിടയിൽ ഇന്ത്യയ്ക്ക് പുതിയ വ്യാപാര വഴി തുറക്കുന്നതാണ് യൂറോപ്യൻ യൂണിയനുമായുള്ള കരാർ.
ഈ മാസം അവസാനത്തോടെ കരാറില്‍ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷ.
വ്യവസ്ഥകളിൽ ധാരണയായാൽ യൂറോപ്യൻ യൂണിയൻ നേതാക്കൾ ഉടൻ ഇന്ത്യയിലെത്തുമെന്നും ഫ്രീഡ്റിച്ച് പറഞ്ഞു. ഇന്ത്യാ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് കാട്ടി യുഎസ് 50 ശതമാനം തീരുവ ഏർപ്പെടുത്തിയതോടെയാണ് ഇന്ത്യ മറ്റ് വിപണികള്‍ തേടിത്തുടങ്ങിയത്.
യുകെയുമായും ഒമാനുമായും കരാറിലെത്തിയ ഇന്ത്യ ന്യൂസിലന്റുമായി ധാരണയിലുമെത്തി. കൂടാതെ യൂറേഷ്യൻ ഇക്കണോമിക് യൂണിയൻ, മെക്സിക്കോ, ചിലി തുടങ്ങിയവരുമായി ചർച്ചകൾ പുരോഗമിക്കുകയുമാണ്.
കാർഷിക–ക്ഷീര ഉൽപന്നങ്ങളുടെ ഇറക്കുമതിയെച്ചൊല്ലി ഇന്ത്യയും യുഎസും തമ്മിലുള്ള ചർച്ചകൾ വഴിമുട്ടുകയും ചെയ്തു.
അതിനിടെയാണ് യൂറോപ്യൻ യൂണിയനുമായുള്ള കരാറിന് അന്തിമ രൂപമാകുന്നത്. കാറുകൾ, മെഡിക്കൽ ഉപകരണങ്ങൾ, വൈൻ, സ്പിരിറ്റ് തുടങ്ങിയ ഉൽപനങ്ങളുടെ നികുതി ഒഴിവാക്കണമെന്നാണ് യൂറോപ്യൻ യൂണിയന്റെ ആവശ്യം.
പകരം ഇന്ത്യയിൽ നിർമിക്കുന്ന തുണിത്തരങ്ങൾ, തുകൽ, മരുന്നുകൾ, സ്റ്റീൽ, പെട്രോളിയം ഉൽപന്നങ്ങൾ, ഇലക്ട്രിക്കൽ യന്ത്രങ്ങൾ എന്നിവ തീരുവ രഹിതമായി യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിലെത്തും.
നിലവിൽ ഇന്ത്യൻ തുണിത്തരങ്ങൾക്ക് 12–16 ശതമാനം തീരുവയാണ് യൂറോപ്യൻ യൂണിയൻ ഈടാക്കുന്നത്. ഇവയുടെ തീരുവ ഒഴിവാക്കുന്നതോടെ ബംഗ്ലദേശ് അടക്കമുള്ള രാജ്യങ്ങളിലെ തുണിത്തരങ്ങളേക്കാൾ കുറഞ്ഞ വിലയിൽ മെയ്ഡ് ഇന്ത്യ ഉൽപന്നങ്ങൾ വിൽക്കാൻ കഴിയും.
2024ൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായി ഇന്ത്യ 120 ബില്യൻ യൂറോയുടെ (ഏകദേശം 12.63 ലക്ഷം കോടി രൂപ) വ്യാപാരം നടത്തിയെന്നാണ് കണക്ക്.
6.8 ലക്ഷം കോടി രൂപയുടെ ഉൽപന്നങ്ങൾ ഇന്ത്യ കയറ്റുമതി ചെയ്തപ്പോൾ 5.4 ലക്ഷം കോടി രൂപയുടെ ഉൽപന്നങ്ങളുടെ ഇറക്കുമതിയും നടന്നു. വ്യാപാര കരാർ സാധ്യമായാൽ ഇത് വര്‍ധിപ്പിക്കാനാകും.
ബൈ ബൈ ചൈന, ഇനി ഇന്ത്യ മതി
കഴിഞ്ഞ വർഷം ചാൻസലറായി സ്ഥാനമേറ്റെടുത്ത മെർച്ച് ആദ്യമായി സന്ദർശിക്കുന്ന ഏഷ്യന്‍ രാജ്യമാണ് ഇന്ത്യയെന്നതും ശ്രദ്ധേയമാണ്.
സാധാരണ ചൈനയിലേക്കാണ് ഇത്തരം യാത്രകൾ നടത്തപ്പെടാറുള്ളത്. എന്നാൽ അപൂർവ ലോഹങ്ങളുടെ കയറ്റുമതിയിൽ ചൈന നിയന്ത്രണം ഏർപ്പെടുത്തിയത് യൂറോപ്യൻ രാജ്യങ്ങളുടെ മനസ് മാറ്റി.
യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ചൈനയുമായുള്ള വ്യാപാര ബന്ധവും അത്ര നല്ല നിലയിലല്ല. മെർച്ചിന്റെ ഇന്ത്യാ സന്ദർശനം യൂറോപ്യൻ നേതാക്കളുടെ നിലപാട് മാറ്റത്തിന്റെ സൂചനയെന്നാണ് വിലയിരുത്തൽ.
റഷ്യയുമായി ഇന്ത്യ തുടരുന്ന വ്യാപാര ബന്ധത്തിൽ യൂറോപ്യൻ നേതാക്കൾക്ക് ഇപ്പോഴും എതിർപ്പുണ്ടെന്ന സൂചനയും മെർച്ച് നൽകി.
എന്നാൽ റഷ്യൻ ബന്ധം ഇന്ത്യയ്ക്ക് എളുപ്പത്തിൽ ഉപേക്ഷിക്കാനാവില്ലെന്ന ബോധ്യമുണ്ടെന്നും മെർച്ച് പറഞ്ഞു.
ജർമനി വഴി യാത്ര എളുപ്പം
വ്യാപാരം, പ്രതിരോധം, സെമികണ്ടക്ടറുകൾ തുടങ്ങിയ വിഷയങ്ങളിൽ 19 ധാരണ പത്രങ്ങളാണ് ജർമനിയും ഇന്ത്യയും തമ്മിൽ ഒപ്പിട്ടത്. ഇന്ത്യക്കാർക്ക് വീസയില്ലാതെ ജർമൻ വിമാനത്താവളങ്ങളിൽ ട്രാൻസിറ്റ് അനുവദിക്കുന്നതാണ് ഇതിലൊന്ന്.
ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് ജർമനിയിലെ വിമാനത്താവളങ്ങൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ഇനി ഷെങ്കൻ എയർപോർട് ട്രാൻസിറ്റ് വിസയുടെ ആവശ്യമില്ല.
നിലവിൽ ഇന്ത്യയില്‍ നിന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളം വഴി ന്യൂയോര്‍ക്കിലേക്ക് യാത്ര ചെയ്യുന്ന ഒരാൾക്ക് ടൈപ്പ് എ ട്രാൻസിറ്റ് വീസ വേണമെന്നാണ് വ്യവസ്ഥ. ഇതിന് അപേക്ഷ നൽകി 15 ദിവസത്തോളം കാത്തിരിക്കണം.
ഏതാണ്ട് 9,500 രൂപയോളം ഫീസ് അടയ്ക്കുകയും വേണം. പുതിയ മാറ്റത്തോടെ കാലതാമസം ഒഴിവാക്കുന്നതിനൊപ്പം സാമ്പത്തികമായും നേട്ടമുണ്ടാകും.
യൂറോപ്പിലെ ട്രാവൽ ഹബ്ബുകളിലൊന്നായ ഫ്രാങ്ക്ഫർട്ട് വഴി മറ്റ് രാജ്യങ്ങളിലേക്ക് സുഗമമായി യാത്ര ചെയ്യാനും ഇതിലൂടെ കഴിയും.
ജർമൻ ചാൻസലറെ രാജ്യത്തെ പ്രമുഖ കമ്പനികളുടെ സിഇഒമാരും അനുഗമിച്ചിരുന്നു. ഇവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തി. ഇതിൽ പല കമ്പനികളും ഇന്ത്യയില്‍ നിക്ഷേപം നടത്തുമെന്ന് മോദി പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

