
ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾക്കുള്ളത് പൊതുവേ വൻ ഡിമാന്ഡ്. . 2023 ജനുവരിയിലാണ് എയർ ഇന്ത്യ അഹമ്മദാബാദ്-ഗാറ്റ്വിക്ക് നോൺ-സ്റ്റോപ് സർവീസ് പ്രഖ്യാപിച്ചത്. മാർച്ച് 26ന് സർവീസ് ആരംഭിക്കുകയും ചെയ്തു.
ബോയിങ്ങിന്റെ 787-8 ഡ്രീംലൈനർ വിമാനമാണ് എഐ 0171 ഫ്ലൈറ്റ് നമ്പറുമായി 2023 മാർച്ച് 26ന് അഹമ്മദാബാഗ്-ഗാറ്റ്വിക്ക് സർവീസ് ആരംഭിച്ചത്. ഉച്ചയ്ക്ക് 1.30ന് പുറപ്പെടുന്ന വിമാനം ഗാറ്റ്വിക്കിൽ പ്രാദേശിക സമയം വൈകിട്ട് 5ന് എത്തുന്നവിധത്തിലായിരുന്നു സർവീസ്. 10 മണിക്കൂറിലധികം നീളുന്നതാണ് യാത്രാസമയം. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരുന്നു സർവീസ്. തിരികെ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി 8ന് അഹമ്മദാബാദിലേക്ക് പുറപ്പെടുന്ന വിമാനം (എഐ 0172) ഇന്ത്യൻ സമയം രാവിലെ 8.50ഓടെ എത്തുകയും ചെയ്യും.
8 ലക്ഷത്തിലധികം ഗുജറാത്തികൾ യുകെയിലുണ്ടെന്നാണ് കണക്ക്. വിദേശത്ത് ഏറ്റവുമധികം ഗുജറാത്തികളുള്ള രാജ്യങ്ങളിലൊന്നുമാണ് ബ്രിട്ടൻ. ബ്രിട്ടീഷ് ഗുജറാത്തികളിൽ പലരും ബിസിനസ് രംഗത്തുള്ളവരുമാണ്. പുറമെ ഗുജറാത്തിൽ നിന്ന് ലണ്ടനിലേക്ക് ബന്ധുക്കളെ സന്ദർശിക്കാനും ടൂറിസത്തിനും ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങൾ ഉൾപ്പെടെയുള്ളവ കാണാനും നിരവധി പേർ യാത്ര ചെയ്യാറുമുണ്ട്.
ഗുജറാത്തിലേക്കുള്ള ബ്രിട്ടീഷ് വിനോദ സഞ്ചാരികളും വലിയതോതിൽ ഈ സർവീസിനെ ആശ്രയിക്കുന്നുണ്ട്. ഗുജറാത്തിലേക്ക് വൻതോതിൽ നിക്ഷേപമെത്താനും ഈ വിമാന സർവീസ് സഹായകമാകുമെന്ന് അഹമ്മദാബാദ്-ഗാറ്റ്വിക്ക് വിമാന സർവീസ് ഫ്ലാഗ്-ഓഫ് ചെയ്ത കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു. അഹമ്മദാബാദിന് ഇന്ത്യയുടെ മാഞ്ചസ്റ്റർ എന്നു വിളിപ്പേരുമുണ്ട്.
ബ്രിട്ടീഷ് രാഷ്ട്രീയരംഗത്തും ഗുജറാത്തികൾക്ക് വലിയ സ്വാധീനമാണുള്ളത്. അതുകൊണ്ടുതന്നെ ബ്രിട്ടനിൽ നിന്ന് ഗുജറാത്തിലേക്കും തിരിച്ചും സർവീസ് കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഗാരെത് തോമസിനെ പോലുള്ള യുകെ പാർലമെന്റ് അംഗങ്ങൾ എയർ ഇന്ത്യ, ബ്രിട്ടീഷ് എയർവെയ്സ്, വിർജിൻ അറ്റ്ലാന്റിക് തുടങ്ങിയ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
കൊച്ചിയിൽ നിന്നും സർവീസ്
മാർച്ച് 26ന് അഹമ്മദാബാദിൽ നിന്ന് മാത്രമല്ല ഗാറ്റ്വിക്ക് ലക്ഷ്യമിട്ട് ഗോവ, അമൃത്സർ, കൊച്ചി എന്നിവിടങ്ങളിൽ നിന്നുകൂടിയാണ് എയർ ഇന്ത്യ നോൺ-സ്റ്റോപ് സർവീസ് ആരംഭിച്ചത്. കൊച്ചിയിൽ നിന്ന് പറക്കുന്നതും ബോയിങ് 787-8 വിമാനമാണ് (എഐ 0149, എഐ 0150). പതിനെട്ട് ബിസിനസ് ക്ലാസുകളും 238 ഇക്കണോമിക് ക്ലാസ് സീറ്റുകളുമുള്ള വിമാനമാണിത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
English Summary:
Air India Boeing 787 Headed to London Crashes After Takeoff