
ഇന്ത്യ-പാക്കിസ്ഥാൻ (India-Pakistan Ceasefire) യുദ്ധസമാന സാഹചര്യത്തിന് അറുവതിവരുകയും ലോകത്തെ ഏറ്റവും വലിയ രണ്ടു സാമ്പത്തികശക്തികളായ യുഎസും ചൈനയും (US-China trade deal) തമ്മിലെ താരിഫ് തർക്കം അവസാനിക്കുന്നതും കരുത്താക്കി ഇന്ത്യൻ ഓഹരി സൂചികകളുടെ കുതിച്ചുകയറ്റം. 79,454.47ൽ നിന്ന് വ്യാപാരം തുടങ്ങിയ സെൻസെക്സ് (BSE Sensex) ഇന്നൊരുവേള 81,830.65 വരെയെത്തി. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് (രാവിലെ 10.20) 2,220.04 പോയിന്റ് (+2.83%) കുതിച്ച് 81,700.96ൽ.
അദാനി പോർട്സ് (Adani Ports) ആണ് സെൻസെക്സിൽ 3.91 ശതമാനം കുതിച്ച് നേട്ടത്തിൽ ഒന്നാമത്. ഇൻഫോസിസ് (+3.81%), ആക്സിസ് ബാങ്ക് (+3.76%), എച്ച്സിഎൽ ടെക് (+3.67%), ടാറ്റാ സ്റ്റീൽ (+3.47%), ബജാജ് ഫിനാൻസ് (+3.43%), എൻടിപിസി (+3.39%), റിലയൻസ് (+3.38%), എച്ച്ഡിഎഫ്സി ബാങ്ക് (+3.35%) തുടങ്ങിയവയും മികച്ച നേട്ടവുമായി തൊട്ടുപിന്നാലെയുണ്ട്.
ഓഹരി വിപണിയുടെ പൊതുവേയുള്ള കുതിപ്പിന് പുറമെ വ്യക്തിഗത നേട്ടങ്ങളും ഓഹരികളുടെ നേട്ടത്തിന് വഴിവയ്ക്കുന്നുണ്ട്. അദാനി ഗ്രൂപ്പ് (Adani Group) ഓഹരികളെല്ലാം ഇന്നു മികച്ച നേട്ടത്തിലാണ്. മുഖ്യകമ്പനിയായ അദാനി എന്റർപ്രൈസസ് (Adani Enterprises) ഉൾപ്പെടെ അന്തിമ ലാഭവിഹിതം (final dividend) പ്രഖ്യാപിച്ചതിന്റെ ആനുകൂല്യം ലഭിക്കണമെങ്കിൽ, ഓഹരികൾ സ്വന്തമാക്കേണ്ട അവസാനദിനം ഇന്നാണ്. ഉത്തർപ്രദേശിന് 1,500 മെഗാവാട്ടിന്റെ വൈദ്യുതി വിതരണക്കരാർ അദാനി പവർ (Adani Power) സ്വന്തമാക്കിയിട്ടുണ്ട്. 200 കോടി ഡോളർ (ഏകദേശം 17,000 കോടി രൂപ) നിക്ഷേപം വരുന്ന പദ്ധതിയാണിത്. രണ്ടുമുതൽ 7 ശതമാനം വരെ ഉയർന്നാണ് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളുടെ വ്യാപാരം.
സെൻസെക്സിൽ നിലവിൽ സൺ ഫാർമ (Sun Pharma) മാത്രമാണ് നഷ്ടത്തിലുള്ളത് (-3.43%). യുഎസിൽ അവശ്യവരുന്നുകളുടെ വില കുറയ്ക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ നീക്കമാണ് തിരിച്ചടിയായത്. ഇന്ത്യൻ ഫാർമ കമ്പനികളുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് യുഎസ്.
24,420ൽ വ്യാപാരം തുടങ്ങിയ നിഫ്റ്റി (nifty50) ഇന്നൊരുവേള 24,737 വരെ എത്തി. ഇപ്പോൾ വ്യാപാരം നടക്കുന്നത് 700 പോയിന്റോളം (+2.91%) നേട്ടവുമായി 24,706ൽ. നിഫ്റ്റി മിഡ്ക്യാപ്100 സൂചിക 3.15 ശതമാനവും സ്മോൾക്യാപ്100 സൂചിക 3.47 ശതമാനവും കുതിച്ചുയർന്നിട്ടുണ്ട്. ചാഞ്ചാട്ടത്തിന്റെ സൂചികയായ ഇന്ത്യ വിക്സ് (India VIX) 3.89% ഇടിഞ്ഞുവെന്നത് ആശ്വാസവുമാണ്. വിശാല വിപണിയിൽ ഫാർമ (-0.60%), ഹെൽത്ത്കെയർ (-3.25%) എന്നിവയൊഴികെയുള്ള വിഭാഗങ്ങളെല്ലാം പച്ചതൊട്ടു. 3 ശതമാനമാണ് ബാങ്ക് നിഫ്റ്റിയുടെ ഉയർച്ച.
നിഫ്റ്റി ഓട്ടോ 2.33%, എഫ്എംസിജി 2.26%, ഐടി 3.62%, മീഡിയ 2.68%, മെറ്റൽ 3.74%, പൊതുമേഖലാ ബാങ്ക് 2.53%, സ്വകാര്യബാങ്ക് 3.04%, റിയൽറ്റി 4.47%, കൺസ്യൂമർ ഡ്യൂറബിൾസ് 2.74%, ഫിനാൻഷ്യൽ സർവീസസ് 3.37%. ഓയിൽ ആൻഡ് ഗ്യാസ് 2.80% എന്നിങ്ങനെ നേട്ടത്തിലാണ്. അദാനി എന്റർപ്രൈസസ് ആണ് നിഫ്റ്റി50ൽ 6.10% കയറി നേട്ടത്തിൽ ഒന്നാമത്. ജിയോഫിൻ (JIOFIN) 4.81%, ട്രെന്റ് 4.20%, ശ്രീറാം ഫിനാൻസ് 4.09%, ഇൻഫോസിസ് 3.97% എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്. 3.48% ഇടിഞ്ഞ സൺ ഫാർമയാണ് നഷ്ടത്തിലുള്ള ഏക ഓഹരി.
ഓഹരി വിപണിയുടെ മുന്നേറ്റം ഇന്ന് നിക്ഷേപക സമ്പത്തിലും വൻ വർധനയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ആദ്യ സെഷനിലെ കണക്കുപ്രകാരം ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം (Market Cap/Investors wealth) 12.63 ലക്ഷം കോടി രൂപ വർധിച്ച് 429.04 ലക്ഷം കോടി രൂപ കടന്നു. എച്ച്ഡിഎഫ്സി ബാങ്ക് (+409.35 പോയിന്റ്), ഐസിഐസിഐ ബാങ്ക് (+287.35 പോയിന്റ് ), റിലയൻസ് (+263.83 പോയിന്റ്), ഇൻഫോസിസ് (+164.96 പോയിന്റ്) എന്നീ വമ്പന്മാരുടെ നേട്ടമാണ് ഇന്ന് സെൻസെക്സിന്റെ മുന്നേറ്റത്തിന് ഊർജമായിട്ടുള്ളത്. അനിൽ അംബാനിയുടെ റിലയൻസ് പവർ ഓഹരി 10 ശതമാനത്തിലധികം ഉയർന്നു. മാർച്ചുപാദത്തിൽ കമ്പനി 126 കോടി രൂപയുടെ ലാഭം കൈവരിച്ചത് നേട്ടമായി. മുൻവർഷത്തെ സമാനപാദത്തിൽ കുറിച്ചത് 397.56 കോടി രൂപയുടെ നഷ്ടമായിരുന്നു.
യുഎസ്-ചൈന വ്യാപാരത്തർക്കം അകലുന്ന പശ്ചാത്തലത്തിൽ യുഎസ്, യൂറോപ്, ഏഷ്യൻ ഓഹരി വിപണികൾ മെച്ചപ്പെട്ടതും യുക്രെയ്ൻ-റഷ്യ ചർച്ചകൾക്ക് വഴിയൊരുങ്ങുന്നതും ഓഹരി വിപണിക്ക് ഊർജമാകുന്നുണ്ട്. അതേസമയം, ഇന്ത്യ-പാക്കിസ്ഥാൻ ബന്ധം പിന്നെയും മോശമായാൽ ഓഹരി വിപണി കീഴ്മേൽ മറിഞ്ഞേക്കാമെന്നതിനാൽ നിക്ഷേപകർക്കിടയിൽ ജാഗ്രതയും പ്രകടമാണ്.
മികവുകാട്ടി കേരളക്കമ്പനികളും
ഓഹരി വിപണിയുടെ പൊതുവേയുള്ള മുന്നേറ്റം കരുത്താക്കി ഒട്ടുമിക്ക കേരള കമ്പനി ഓഹരികളും കുതിപ്പിന്റെ പാതയിലായി. ജിയോജിത് (Geojit)8.07 ശതമാനം ഉയർന്ന് നേട്ടത്തിൽ ഒന്നാമതുണ്ട്. ആഡ്ടെക് (+7.74%), കേരള ആയുർവേദ (+7.71%), റബ്ഫില (+6.47%), ബിപിഎൽ (+5.7%), ഇസാഫ് (+5.22%), വണ്ടർല (+5.03%) എന്നിവയും മികച്ച നേട്ടത്തിലേറി. വ്യക്തിഗത മികവുകളും ഈ ഓഹരികൾക്ക് ആവേശമാകുന്നു.
കിറ്റെക്സ് (Kitex) ഇന്നും 5% കുതിപ്പ് അപ്പർ-സർക്യൂട്ടിലാണ്. ധനലക്ഷ്മി ബാങ്ക് (+4.98%), യൂണിറോയൽ മറീൻ (+4.93%), സൗത്ത് ഇന്ത്യൻ ബാങ്ക് (+4.85%), ഫാക്ട് (+4.58%), കിങ്സ് ഇൻഫ്ര (+4.55%), സിഎസ്ബി ബാങ്ക് (+4.19%), പോപ്പുലർ വെഹിക്കിൾസ് (+4.05%) എന്നിവയും മികവോടെയുണ്ട്. സോൾവ് പ്ലാസ്റ്റിക് (-4.55%), സെല്ല സ്പേസ് (-2.62%), പോപ്പീസ് (-1.98%), ജിടിഎൻ ടെക്സ്റ്റൈൽസ് (-0.88%), മണപ്പുറം ഫിനാൻസ് (-0.29%) എന്നിവയ്ക്ക് നേട്ടത്തിന്റെ വണ്ടി പിടിക്കാനായില്ല.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)