അമേരിക്കൻ നഷ്ടക്കാറ്റിനെയും ട്രംപ് തുറന്നുവിട്ട ‘താരിഫ് ഭൂതത്തെയും’ ഗൗനിക്കാതെ വെള്ളിയാഴ്ച മികച്ച കരകയറ്റം നടത്തിയ ഇന്ത്യൻ ഓഹരി വിപണിക്ക് ഇനി ‘കൂട്ട അവധി’. ഇന്നുമുതൽ അടുത്ത 9 ദിവസം പരിഗണിച്ചാൽ 6 ദിവസവും ഓഹരിച്ചന്ത തുറക്കില്ല. ഇന്നു (ഏപ്രിൽ 12) ശനിയും നാളെ ‍ഞായറും അവധി. തിങ്കളാഴ്ച (ഏപ്രിൽ‌ 14) ഡോ. അംബേദ്കർ ജയന്തി. തുടർന്ന്, ഏപ്രിൽ 18ന് ദുഃഖവെള്ളി പ്രമാണിച്ചും ഓഹരി വിപണി അടഞ്ഞുകിടക്കും. പിന്നെ ശനി, ഞായർ (ഏപ്രിൽ 19, 20) അവധിയും. 

(Representative image by ArtistGNDphotography / istock)

ഈ വർഷം അതിനുശേഷം 8 പൊതു അവധികൾ കൂടിയാണ് സെൻസെക്സിനും നിഫ്റ്റിക്കുമുള്ളത്. മെയ് ഒന്നിന് മഹാരാഷ്ട്ര ദിനം, ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 27ന് വിനായക ചതുർഥി, ഒക്ടോബർ 2ന് ഗാന്ധിജയന്തി/ദസറ അവധികൾ. ഒക്ടോബർ 21നും 22നും വിപണി പ്രവർത്തില്ലെന്നതും ശ്രദ്ധേയം. ഒക്ടോബർ 21ന് (ചൊവ്വ) ദീപാവലി അവധിയും 22ന് (ബുധൻ) ദീവാലി ബലിപ്രതിപാദ അവധിയുമാണ്. ഓഹരി വിപണി ഇങ്ങനെ രണ്ടുദിവസം അടുപ്പിച്ച് പൊതുഅവധിയിലാകുന്നതും അപൂർവം.

മുഹൂർത്ത വ്യാപാരവും ലക്ഷ്മീ പൂജയും

ഒക്ടോബർ 21ന് ദീപാവലി പ്രമാണിച്ച് അവധിയാണെങ്കിലും അന്നാണ് പുത്തൻ സംവത് വർഷാരംഭത്തിന്റെ ഭാഗമായുള്ള ‘മുഹൂർത്ത വ്യാപാരം’. ലക്ഷ്മിദേവി പൂജയോടെയാണ് ഒരുമണിക്കൂർ നീളുന്ന മുഹൂർത്ത വ്യാപാരം ആരംഭിക്കുക. പുതുതായി ഓഹരികൾ വാങ്ങാനും നിലവിലെ നിക്ഷേപം വർധിപ്പിക്കാനും ഏറ്റവും ഐശ്വര്യപൂർണമായ സമയമായാണ് മുഹൂർത്ത വ്യാപാരത്തെ നിക്ഷേപകർ കാണുന്നത്. മുഹൂർത്ത വ്യാപാരത്തിന്റെ സമയക്രമം സ്റ്റോക്ക് എക്സ്ചേഞ്ചുകൾ പിന്നീട് പ്രഖ്യാപിക്കും. നവംബർ 5ന് ഗുരു നാനക് ജയന്തി, ഡിസംബർ‌ 25ന് ക്രിസ്മസ് അവധികളുമാണ് ഈ വർഷമുള്ളത്.

നേട്ടക്കുതിപ്പിനിടെ അവധിക്കാലം

ചൈന ഒഴികെ ഒട്ടുമിക്ക രാജ്യങ്ങൾക്കും പകരച്ചുങ്കത്തിൽ ട്രംപ് 90 ദിവസത്തെ സാവകാശം അനുവദിച്ച പശ്ചാത്തലത്തിൽ ഇന്നലെ (വെള്ളിയാഴ്ച/ഏപ്രി‌ൽ 11) ഇന്ത്യൻ ഓഹരി വിപണികൾ വൻ മുന്നേറ്റത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 1.9 ശതമാനവും (+429.4 പോയിന്റ്), സെൻസെക്സ് 1.8 ശതമാനവും (+1,310.11 പോയിന്റ്) നേട്ടം സ്വന്തമാക്കി. എന്നാൽ, ഇരു സൂചികകളും ആഴ്ചയിൽ നേരിട്ടത് 0.3 ശതമാനം നഷ്ടവുമാണ്.

English Summary:

NSE, BSE to open for just 3 days next week amid stock market holidays, Muhurat Trading in October