”സമ്പത്തു കാലത്തു കാ പത്തു വച്ചാൽ ആപത്തു കാലത്തു കാ പത്തു തിന്നാം” എന്ന പഴഞ്ചൊല്ല് ജെൻ സി കേട്ടിട്ടുണ്ടാവാൻ വഴിയില്ല. എങ്കിലും പണം സൂക്ഷിച്ച് കൈകാര്യം ചെയ്താൽ റിട്ടയർമെന്റ് ജീവിതം ടെൻഷനില്ലാതെ ആസ്വദിക്കാമെന്ന് അവർക്കറിയാം.
മില്ലേനിയൽസ് അടക്കമുള്ള മുൻതലമുറക്കാർ സേവിങ്സിലാണ് ശ്രദ്ധിച്ചിരുന്നതെങ്കിൽ ജെൻ സീയുടെ മുൻഗണന സമ്പാദ്യം വർധിപ്പിക്കാനാണ്. സാമ്പത്തിക സുരക്ഷ, സാമ്പത്തിക നേട്ടം എന്നീ കാര്യങ്ങളിൽ മാതൃകാപരമാണ് അവരുടെ ശീലങ്ങൾ.
സാങ്കേതിക വിദ്യയുടെ സഹായത്തോടെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള അവബോധം ചെറിയ പ്രായത്തിൽ തന്നെ ലഭിക്കുന്നതാണ് പുതുതലമുറയുടെ മനോഭാവത്തിലെ ഈ മാറ്റത്തിനു കാരണം.
കയ്യിലെത്തുന്ന പണത്തിന്റെ നല്ലൊരു ഭാഗവും സാമ്പത്തിക വളർച്ചയ്ക്ക് വേണ്ടി ബുദ്ധിപരമായി ഉപയോഗിക്കാൻ ഇവര് ഉത്സാഹം കാട്ടുന്നുണ്ട്. കർശനമായ ലോക്ക്-ഇൻ പിരീഡ് ഇല്ലാത്ത സാമ്പത്തിക കാര്യങ്ങളോട് അവർക്കൊരു പ്രത്യേക ഇഷ്ടമുണ്ട്.
വേണം ഇക്കാര്യം
വരുമാനമുള്ള ചെറുപ്പക്കാർക്കു വേണ്ടത് മികച്ച സാമ്പത്തിക ആസൂത്രണമാണ്.
സാമ്പത്തിക അച്ചടക്കം വളർത്താനും അടിസ്ഥാന മൂലധനം നിലനിർത്താനുമുള്ള പരമ്പരാഗത മാർഗങ്ങളിൽ ഒന്നാണ് റിക്കറിങ് ഡിപ്പോസിറ്റുകൾ അല്ലെങ്കിൽ ആവർത്തന നിക്ഷേപങ്ങൾ. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ (എസ്ഐപി) വഴി സമ്പത്തും വരുമാനവും വർധിപ്പിക്കാവുന്ന അവസരമാണ് മ്യൂച്വൽ ഫണ്ടുകൾ.
അതുകൊണ്ടുതന്നെ ജെൻ സിയുടെ പ്രിയപ്പെട്ട നിക്ഷേപ മാർഗമാണ് മ്യൂച്വൽ ഫണ്ടുകൾ.
മുൻ തലമുറയെപ്പോലെ യൗവനാരംഭത്തിൽ സ്വന്തം വീടു വാങ്ങാനോ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിക്ഷേപം നടത്താനോ ജെൻ സിക്കു താൽപര്യമില്ല. അവർ കൂടുതൽ പ്രാധാന്യം നൽകുന്നത് ലിക്വിഡിറ്റി, ഫ്ലെക്സിബിലിറ്റി എന്നിവയ്ക്കാണ്.
മുൻതലമുറയെ അപേക്ഷിച്ച് റിസ്ക് കവറേജിലും വ്യത്യസ്തമായ സമീപനമാണ് ജെൻ സിയുടേത്.
ദീർഘകാല ഇൻഷുറൻസിന് പകരം ചെറിയ കാലയളവിലേക്ക് കയ്യിലൊതുങ്ങുന്ന വ്യക്തിഗത ഇനങ്ങൾ വാങ്ങാനാണ് ജെൻ സി ഇഷ്ടപ്പെടുന്നത്. ഇത് റിസ്ക് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള യാഥാസ്ഥിതിക വീക്ഷണവുമായി കൂടുതൽ ചേർന്നു പോകുന്നതാണ്.
ജെൻ സി തലമുറയിൽ പലർക്കും ആവശ്യത്തിന് വായ്പ ലഭിക്കില്ലെന്ന തോന്നലുണ്ട്. എന്നാൽ മുൻ തലമുറയേക്കാളും എളുപ്പത്തിൽ അവർക്ക് ക്രെഡിറ്റ് പ്രൊഫൈൽ ഉറപ്പിക്കാൻ കഴിയും.
വ്യക്തിഗത വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ, ഹ്രസ്വകാല വായ്പകൾ എന്നിവ ജീവിതശൈലിയെയും സാമ്പത്തിക വിനിമയങ്ങളെയും സ്വാധീനിക്കുന്നുണ്ട്. ക്രെഡിറ്റ് യോഗ്യതാ വിലയിരുത്തൽ, ധനവിനിയോഗത്തിലെ വ്യക്തത, സാമ്പത്തിക വിദ്യാഭ്യാസം എന്നിവ ബാങ്കിംഗ് സേവനങ്ങളുടെ അനിവാര്യ ഘടകങ്ങളാണെന്ന് അങ്ങനെ വ്യക്തമാകുന്നു.
ജെൻ സിയുടെ ധനകാര്യ ആസൂത്രണം വ്യക്തി അധിഷ്ഠിതമാണെന്നതാണ് മറ്റൊരു പ്രത്യേകത. യാത്രകൾക്കു വേണ്ടിയും ജെൻ സി പണം കരുതി വയ്ക്കാറുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിനോ വിവാഹത്തിനോ വേണ്ടിയുള്ള ദീർഘകാല സമ്പാദ്യത്തിന് മുൻതലമുറകൾ വലിയ പ്രാധാന്യം നൽകിയിരുന്നു.
ഇക്കാര്യത്തിന് ജെൻ സി അത്ര പ്രാധാന്യം നൽകിയിട്ടില്ല. അതിനാലാണ് അവരുടെ വ്യക്തിഗത ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുകയും ദീർഘകാല ധനകാര്യ ആസൂത്രണത്തിന്റെ ബോധം വളർത്തുകയും ചെയ്യുന്ന ലക്ഷ്യാധിഷ്ഠിത ധനകാര്യ ആസൂത്രണത്തിന് കൂടുതൽ പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യമുള്ളത്.
സുതാര്യമായ ഉൽപന്നങ്ങൾ, ഉപദേശാധിഷ്ഠിത പരിഹാരങ്ങൾ, ഡിജിറ്റൽ ആക്സസിബിലിറ്റി എന്നിവ നൽകുന്നതിലൂടെ സമ്പാദ്യത്തിൽ നിന്ന് സുസ്ഥിര സമ്പത്ത് സൃഷ്ടിക്കാനായി ജെൻ സിയെ സഹായിക്കുന്നതിന് ബാങ്കുകൾക്ക് പ്രധാന പങ്ക് വഹിക്കാൻ കഴിയും.
(സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജറാണ് ലേഖിക)
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

