തിരുവനന്തപുരം∙ സിൽവർലൈനിനു വേണ്ടിയുള്ള ശ്രമങ്ങൾ ഏതാണ്ട് അവസാനിപ്പിച്ചിട്ടും കൊച്ചി ഇൻഫോ പാർക്കിൽ ഏറ്റെടുക്കാൻ വിജ്ഞാപനം ചെയ്ത 44 ഏക്കർ ഭൂമി ഐടി പദ്ധതികൾക്കു വിട്ടുകൊടുക്കാതെ സർക്കാർ. ഇവിടെ 2016ൽ പാട്ടത്തിനു ഭൂമി ലഭിച്ചിരുന്ന കോ ഡവലപ്പർക്കു പകരം മറ്റൊരിടത്തു ഭൂമി അനുവദിച്ചു.
9.37 ഏക്കറിനു പകരമായി, ഈയിടെ തരംമാറ്റിയ ഭൂമിയിൽ 6 ഏക്കറാണ് അനുവദിച്ചത്. സിൽവർലൈനിലെ പിടിവാശി സർക്കാർ ഉപേക്ഷിക്കാത്തതിനാലാണ്, പാട്ടത്തിനെടുത്ത് ഒൻപതാം വർഷം കോഡവലപ്പർക്കു പാട്ടഭൂമി ഉപേക്ഷിച്ചു മാറേണ്ടിവന്നത്.
കൊച്ചി സ്മാർട്സിറ്റി പദ്ധതിയിൽനിന്നു പിൻമാറാനുള്ള കാരണങ്ങളിലൊന്നായി ടീകോം കമ്പനി ചൂണ്ടിക്കാട്ടിയതു സ്മാർട്സിറ്റിയിലെ നിശ്ചിത ഭൂമി സിൽവർലൈൻ പദ്ധതിക്കായി നഷ്ടപ്പെടുന്നുവെന്നതായിരുന്നു.
സ്മാർട് സിറ്റി, ഇൻഫോ പാർക്ക് പ്രദേശത്താണു സിൽവർ ലൈനിന്റെ എറണാകുളം സ്റ്റേഷൻ ഉദ്ദേശിച്ചിരുന്നത്. ഇൻഫോ പാർക്കിൽ 44 ഏക്കർ ഏറ്റെടുക്കാൻ 2021 ഒക്ടോബറിലായിരുന്നു സർക്കാർ വിജ്ഞാപനം.
മൂന്നു കോഡവലപ്പർ കമ്പനികൾക്കാണു 2016ൽ ഇവിടെ ഭൂമി പാട്ടത്തിനു നൽകിയിരുന്നത്.
വിജ്ഞാപനമിറങ്ങിയതോടെ നിർമാണം തടസ്സപ്പെട്ടു. ഇതിൽ സ്റ്റേഷന്റെ പാർക്കിങ് പ്രദേശത്തുവരുന്ന ഒരു കോഡവലപ്പർക്കു മാത്രം നിർമാണാനുമതി നൽകാമെന്ന് ഏറെ ചർച്ചകൾക്കുശേഷം കെറെയിൽ അറിയിച്ചിരുന്നു.
എന്നാൽ പിന്നീട് ഇവർ പ്രതികരിച്ചില്ല. ശേഷിക്കുന്ന രണ്ടു കോഡവലപ്പർമാരിൽ ഒന്നിനാണ് ഇപ്പോൾ പകരം ഭൂമി അനുവദിച്ചിരിക്കുന്നത്.
ഇൻഫോ പാർക്കിന്റെ നിയന്ത്രണത്തിൽ കുന്നത്തുനാടു വില്ലേജിലെ 65.64 ഏക്കർ നിലം 2 മാസം മുൻപു തരം മാറ്റിയിരുന്നു.
സിൽവർലൈൻ പദ്ധതി പ്രദേശത്ത് 9.37 ഏക്കർ നഷ്ടമായ കോഡവലപ്പർക്ക് ഇവിടെയാണ് 4.75 ഏക്കർ സെസ് ഭൂമിയും 1.25 ഏക്കർ നോൺ സെസ് ഭൂമിയും 90 വർഷത്തേക്കു പാട്ടത്തിന് അനുവദിച്ചത്. പകരം ഭൂമിയായതിനാൽ 90 വർഷത്തെ പാട്ടക്കാലാവധിയിൽനിന്നു 2016 മുതലുള്ള 9 വർഷം കുറവു ചെയ്യും.
സിൽവർ ലൈൻ അനിശ്ചിതത്വം മൂലമാണ് ഇത്രയും കാലം നഷ്ടമായത്.
കോഴിക്കോട് സൈബർ പാർക്ക്; 5.88 ഏക്കർ പാട്ടത്തിന് നൽകി
കോഴിക്കോട് സൈബർ പാർക്കിൽ 2 കോഡവലപ്പർ കമ്പനികൾക്കായി 5.88 ഏക്കർ ഭൂമി 90 വർഷത്തേക്കു പാട്ടത്തിനു നൽകി. 4 ലക്ഷം ചതുരശ്രയടി ബിൽറ്റ് അപ് സ്പേയ്സ് നിർമിക്കുന്നതിനായി ഹൈലൈറ്റ് ഗ്രൂപ്പിനാണു 2.5 ഏക്കർ അനുവദിച്ചത്.
4 വർഷത്തിനകം 5000 ഐടി തൊഴിലവസരമാണു വാഗ്ദാനം. 3.38 ഏക്കർ എഐ ഇന്നവേഷൻ ഹബ്ബിനായി ദുബായിലെ അലൈഡ് ഗ്രൂപ്പിനും നൽകി. 10 ലക്ഷം ചതുരശ്രയടി ബിൽറ്റ് അപ് സ്പേയ്സിൽ 200 കോടിയുടേതാണു പ്രാരംഭ നിക്ഷേപം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

