ചൈനയ്ക്കുമേൽ നിലവിലെ തീരുവയ്ക്ക് പുറമേ നവംബർ ഒന്നിന് പ്രാബല്യത്തിൽ വരുംവിധം 100% അധികത്തീരുവ കൂടി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയും റദ്ദാക്കി.
ചൈനയിൽ നിന്ന് യുഎസിൽ എത്തുന്ന ഉൽപന്നങ്ങൾക്ക് ഇതോടെ മൊത്തം തീരുവ 150% വരെ ആയേക്കും. നിലവിൽ സ്റ്റീലിനും അലുമിനിയത്തിനും 50%, കൺസ്യൂമർ ഉൽപന്നങ്ങൾക്ക് 7.5%, മറ്റ് ഉൽപന്നങ്ങൾക്ക് 40% എന്നിങ്ങനെയാണ് ചൈനയ്ക്കുമേൽ യുഎസ് തീരുവ ഈടാക്കുന്നത്.
ഇവയ്ക്കുമേൽ അധികമായി 100% തീരുവ ചുമത്തുന്നു എന്നാണ് ട്രംപ് പ്രഖ്യാപിച്ചത്.
ഇതോടെ, യുഎസ് ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യമായി ചൈന മാറും. നിലവിൽ 50% വീതം തീരുവയുള്ള ഇന്ത്യയും ബ്രസീലുമായിരുന്നു മുന്നിൽ.
നവംബർ ഒന്നുമുതൽ യുഎസിൽ നിന്ന് ചൈനയിലേക്കുള്ള തന്ത്രപ്രധാന സോഫ്റ്റ്വെയർ ഉൽപന്നങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു.
ചൈനയിൽ നിന്നുള്ള അപൂർവ ധാതുക്കളുടെ (റെയർ എർത്ത്) കയറ്റുമതിക്ക് ഷി ഭരണകൂടം കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത് ട്രംപിനെ ചൊടിപ്പിക്കുകയായിരുന്നു. തുടർന്നാണ്, ചൈനയ്ക്കുമേൽ കനത്ത തീരുവ അദ്ദേഹം പ്രഖ്യാപിച്ചത്.
ഇനിമുതൽ ചൈനയിൽ നിന്ന് 0.1 ശതമാനത്തിനുമേൽ വരുന്ന റെയർ എർത്ത് കയറ്റുമതിക്ക് വിദേശ സ്ഥാപനങ്ങൾ മുൻകൂർ ലൈസൻസ് നേടിയിരിക്കണമെന്നാണ് ചൈനീസ് ഗവൺമെന്റിന്റെ പുതിയ ഉത്തരവ്.
ചൈനീസ് റെയർ എർത്തിന്റെ ദുരുപയോഗം തടയുകയാണ് ലക്ഷ്യമെന്നാണ് ഔദ്യോഗിക വിശദീകരണം. നിലവിൽ ലോകത്തെ റെയർ എർത്തിന്റെ 70 ശതമാനവും ചൈനയിലാണ്.
ചൈന കുത്തകമേധാവിത്തം നേടാനുള്ള ശ്രമത്തിലാണെന്നും അതനുവദിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് ട്രംപിന്റെ നടപടി. അതേസമയം, വിദേശ സ്ഥാപനങ്ങൾ മറ്റു രാജ്യങ്ങളുടെ സൈനിക ആവശ്യത്തിനുൾപ്പെടെ ചൈനീസ് റെയർ എർത്ത് ഉപയോഗിക്കുന്നത് തടയാനാണ് ചൈനയുടെ ശ്രമം.
ദക്ഷിണ കൊറിയ വേദിയാകുന്ന ഏഷ്യ-പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷൻ ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് നേരത്തേ അറിയിച്ചിരുന്നു.
ഷിയുമായി നിലവിലെ സാഹചര്യത്തിൽ കൂടിക്കാഴ്ച സാധ്യമല്ലെന്ന് ട്രംപ് ഇന്നലെ വ്യക്തമാക്കി.
‘‘ഷിയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയെന്ന് ഞാൻ പറയുന്നില്ല. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തിൽ കാണുന്നതിൽ അർഥമില്ല.
എന്നാൽ, ഞാനെന്തായാലും ദക്ഷിണ കൊറിയയിൽ ഉണ്ടാകും’’ – ട്രംപ് പറഞ്ഞു. അടുത്തവർഷം താൻ ചൈന സന്ദർശിക്കുമെന്നും ട്രംപ് നേരത്തേ പറഞ്ഞിരുന്നു.
അതേസമയം, ട്രംപിന്റെ താരിഫ് നടപടിയിൽ ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.
കൂപ്പുകുത്തി ഓഹരികളും എണ്ണയും
ലോകത്തെ ഏറ്റവും വലിയ രണ്ട് സാമ്പത്തികശക്തികൾ തമ്മിലെ വ്യാപാരയുദ്ധം വീണ്ടും കലുഷിതമാകുന്നത് രാജ്യാന്തരതലത്തിൽ ഓഹരി വിപണികൾക്ക് കനത്ത തിരിച്ചടിയായി. യുഎസിൽ ഡൗ ജോൺസ് ഇൻഡസ്ട്രിയിൽ അവറേജ് സൂചിക 900 പോയിന്റിനടുത്ത് (-1.09%) കൂപ്പുകുത്തി.
എസ് ആൻഡ് പി500 സൂചിക 2.71 ശതമാനവും നാസ്ഡാക് 3.56 ശതമാനവും ഇടിഞ്ഞു. കഴിഞ്ഞ ഏപ്രിലിന് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണിത്.
എൻവിഡിയ 5%, എഎംഡി 8%, ടെസ്ല 5% എന്നിങ്ങനെ ഇടിവ് നേരിട്ടു. ചൈനീസ് ഓഹരികളും തകർച്ചയിലേക്ക് വീണു.
ഷാങ്ഹായ് സൂചിക 0.94%, ഹോങ്കോങ് സൂചിക 1.73% എന്നിങ്ങനെ നഷ്ടത്തിലായി. ആലിബാബ, ബൈഡു എന്നിവ 8% വീതം ഇടിഞ്ഞ് നഷ്ടത്തിന് നേതൃത്വം കൊടുത്തു.
യൂറോപ്പ്യൻ ഓഹരി സൂചികകളുടെ ഇടിവ് 1.75% വരെയാണ്.
യുഎസും ചൈനയും വീണ്ടും കൊമ്പുകോർക്കുന്നത് ഡിമാൻഡിനെ ബാധിക്കുമെന്ന വിലയിരുത്തലിന് വഴിവച്ചതോടെ രാജ്യാന്തര ക്രൂഡ് ഓയിൽ വിലയും നിലംപൊത്തി. ഡബ്ല്യുടിഐ ക്രൂഡ് (യുഎസ് ക്രൂഡ് ഓയിൽ) വില ബാരലിന് 4.24% തകർച്ചയുമായി 58.90 ഡോളറിലെത്തി.
ബ്രെന്റ് ക്രൂഡ് വില 3.82% ഇടിഞ്ഞ് 62.73 ഡോളറായി. അതേസമയം, ‘പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപതാവളം’ എന്ന പെരുമനേടി സ്വർണവില കൂടുകയും ചെയ്തു.
ഔൺസിന് 56 ഡോളർ വർധിച്ച് 4,017 ഡോളറിലാണ് ഇപ്പോഴുള്ളത്. കേരളത്തിൽ ഇന്നും വില കൂടാനാണ് സാധ്യത.
സോയാബീനും കപ്പലും
യുഎസിന്റെ സോയാബിൻ വാങ്ങണമെന്ന് ട്രംപ് ഷിയോട് അഭ്യർഥിച്ചിട്ടും വഴങ്ങാതിരിക്കുന്നതും ട്രംപിനെ ചൊടിപ്പിച്ചിരുന്നു.
യുഎസ് സോയാബീനിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളായിരുന്ന ചൈന, കഴിഞ്ഞ ഏതാനും മാസങ്ങളായി ഇറക്കുമതി നടത്തുന്നില്ല. പകരം, അർജന്റീനയിൽ നിന്നാണ് വാങ്ങുന്നത്.
മാത്രമല്ല, ചൈനീസ് കപ്പലുകൾക്ക് കഴിഞ്ഞ ഏപ്രിൽ മുതൽ യുഎസിൽ ഫീസ് കുത്തനെ കൂട്ടിയിരുന്നു. ഇതിനു തിരിച്ചടിയെന്നോണം ചൈന യുഎസ് കപ്പലുകളുടെ ഫീസും (പോർട്ട് ഫീസ്) കഴിഞ്ഞദിവസം കൂട്ടിയത് ഇരു രാജ്യങ്ങളും തമ്മിലെ ഭിന്നത കൂടുതൽ രൂക്ഷമാകുന്നതിന്റെ സൂചനയായി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]