എല്ലാവർക്കും സ്വന്തമായി വീട് എന്ന ലക്ഷ്യത്തോടെ ഒന്നാം നരേന്ദ്ര മോദി സർക്കാർ 2015ൽ തുടക്കം കുറിച്ച പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് പതിനൊന്ന് വർഷത്തിന് ശേഷം പാകിസ്ഥാനിൽ മാതൃക പിറക്കുന്നു. പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നയിക്കുന്ന സർക്കാരാണ് സമാനമായ രീതിയിൽ ‘പിഎം അപ്ന ഘർ’ എന്ന പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
എങ്കിലും, ഈ പാകിസ്ഥാൻ പദ്ധതിക്ക് ഇന്ത്യൻ ഭവനപദ്ധതിയുടെ ഘടനയുമായി പൂർണ്ണമായ സാമ്യമില്ല. പാകിസ്ഥാനിലെ നിർധന കുടുംബങ്ങൾക്ക് ഭവന നിർമ്മാണത്തിനായി സർക്കാർ വായ്പ ലഭ്യമാക്കുന്നതാണ് ഈ പദ്ധതി.
തലസ്ഥാനമായ ഇസ്ലാമാബാദിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ഈ പദ്ധതിയിലേക്ക് ഇതിനോടകം 1.47 ലക്ഷം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ 53,127 പേരുടെ അപേക്ഷകൾ അധികൃതർ അംഗീകരിച്ചിട്ടുണ്ട്.
ആകെ 31,342 കോടി പാക്കിസ്ഥാനി രൂപയ്ക്ക് തുല്യമായ അപേക്ഷകളാണ് പാകിസ്ഥാനിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ 8,739 പേർക്കായി 4,543 കോടി പാക്കിസ്ഥാനി രൂപ ഇതിനോടകം വിതരണം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അടുത്ത നാല് വർഷത്തിനുള്ളിൽ പാകിസ്ഥാനിൽ അഞ്ച് ലക്ഷം വീടുകൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഏപ്രിലിലാണ് പാക്ക് സർക്കാർ ഈ പദ്ധതിക്ക് രൂപം നൽകിയത്. ആദ്യ വർഷത്തിൽ 32,100 കോടി പാക്കിസ്ഥാനി രൂപ ചെലവഴിച്ച് 50,000 വീടുകൾ നിർമ്മിക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്.
ഇന്ത്യയിൽ കേന്ദ്രസർക്കാർ 2015ലാണ് പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് തുടക്കമിട്ടത്. ഗ്രാമീണ, നഗര മേഖലകളിലായി രണ്ട് പ്രധാന വിഭാഗങ്ങളായാണ് ഈ പദ്ധതി രാജ്യത്ത് നടപ്പിലാക്കുന്നത്.
പിഎം ആവാസ് യോജന അർബൻ (പിഎംഎവൈ-യു), പിഎം ആവാസ് യോജന ഗ്രാമീൺ (പിഎംഎവൈ-ജി) എന്നിവയാണ് ആ പദ്ധതികൾ. പിഎംഎവൈ അർബൻ 2.0 പ്രകാരം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ (ഇക്കണോമിക്കലി വീക്കർ സെക്ഷൻ/ഇഡബ്ല്യുഎസ്), കുറഞ്ഞ വരുമാനക്കാർ (ലോ ഇൻകം ഗ്രൂപ്പ്/എൽഐജി), ഇടത്തരം വരുമാനക്കാർ (മിഡിൽ ഇൻകം ഗ്രൂപ്പ്/എംഐജി) എന്നിവരാണ് പദ്ധതിയുടെ ആനുകൂല്യങ്ങൾക്ക് അർഹരായിട്ടുള്ളത്.
വാർഷിക കുടുംബ വരുമാനം 3 ലക്ഷം രൂപ വരെ ഉള്ളവരാണ് ഇഡബ്ല്യുഎസ് വിഭാഗത്തിൽ വരുന്നത്. 3 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെ വരുമാനമുള്ളവർ കുറഞ്ഞ വരുമാനക്കാരും, 6 ലക്ഷം രൂപ മുതൽ 9 ലക്ഷം രൂപ വരെ വരുമാനമുള്ളവർ ഇടത്തരം വരുമാനക്കാരുമായി കണക്കാക്കപ്പെടുന്നു.
അപേക്ഷിക്കുന്ന വ്യക്തിക്കോ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കോ ഇന്ത്യയിൽ ഒരിടത്തും സ്വന്തമായി വീട് ഉണ്ടാകാൻ പാടില്ല എന്ന കർശന വ്യവസ്ഥ ഈ പദ്ധതിയിലുണ്ട്. കൂടാതെ കേന്ദ്ര സർക്കാരിൽ നിന്നോ സംസ്ഥാന സർക്കാരിൽ നിന്നോ സമാനമായ ഭവന പദ്ധതി ആനുകൂല്യങ്ങൾ മുൻപ് കൈപ്പറ്റിയവരും ആകരുത്.
2026 മാർച്ച് വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ, 4.15 കോടി കുടുംബങ്ങളാണ് പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ സ്വന്തം വീട് എന്ന സ്വപ്നത്തിലേക്ക് എത്തിച്ചേർന്നിട്ടുള്ളത്. ഇതിൽ 3.9 കോടി വീടുകൾക്ക് ഔദ്യോഗിക അനുമതി ലഭിക്കുകയും, 2.99 കോടി വീടുകളുടെ നിർമ്മാണം പൂർത്തിയാകുകയും ചെയ്തിട്ടുണ്ട്.
പദ്ധതിക്കായി ഇതുവരെ ആകെ 4.03 ലക്ഷം കോടി രൂപയാണ് സർക്കാർ ചെലവഴിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

