കഴിഞ്ഞ നാല് വ്യാപാരദിനങ്ങളിലെ തുടർച്ചയായ മുന്നേറ്റത്തിന് ശേഷം ഇന്നലെ ചാഞ്ചാട്ടം നേരിട്ട ഇന്ത്യൻ ഓഹരി വിപണി ഇന്ന് ആഗോള വിപണികളുടെ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ നേട്ടത്തിലാരംഭിക്കുമെന്നാണ് സൂചന. ചാ‍ഞ്ചാട്ടങ്ങൾക്കൊടുവിൽ സെൻസെക്സ് ഇന്നലെ 53 പോയിന്റ് താഴ്ന്ന് 82391 ലും നിഫ്റ്റി ഒരു പോയിന്റ് മാത്രം നേട്ടത്തിൽ 25104 ലും അവസാനിച്ചു. 

വിപണികൾക്ക് മുന്നേറ്റം

അതേ സമയം രാവിലെ ഗിഫ്റ്റ് നിഫ്റ്റി 25176 ലെത്തി നേട്ടത്തിൽ  വ്യാപാരം അവസാനിപ്പിച്ചത് ഇന്ന് വിപണിയ്ക്ക് പോസിറ്റീവ് തുടക്കം നൽകാനാണ് സാധ്യത. കഴിഞ്ഞ രണ്ട് ദിവസമായി ലണ്ടനിൽ വച്ച് യുഎസും ചൈനയും നടത്തിയ 20 മണിക്കൂർ നീണ്ട വ്യാപാര ചർച്ചകൾ ഇനിയുള്ള നീക്കങ്ങൾക്കായി ഒരു ചട്ടക്കൂടൊരുക്കുമെന്ന ധാരണയോടെ ഇന്നലെ അവസാനിച്ചത് ആഗോള വിപണികൾക്ക് പ്രതീക്ഷ പകർന്നതാണ് ഏഷ്യൻ വിപണികൾ നേട്ടത്തിലവസാനിക്കാൻ കാരണമായത്.

ജപ്പാന്റെ നിക്കി 225 പോയിന്റുയർന്നപ്പോൾ ദക്ഷിണ കൊറിയയുടെ കോസ്പി ഒരു ശതമാനത്തോളം മുന്നേറി.

ഇന്ത്യൻ വിപണിയില്‍ റിസർവ് ബാങ്കിന്റെ നയാവലോകനത്തിന് ശേഷം നേട്ടത്തിലായിരുന്ന പൊതുമേഖലാ ബാങ്കുകൾ ഇന്നലെ അര ശതമാനം ഇടിവ് നേരിട്ടിരുന്നു. വിദേശ സ്ഥാപന നിക്ഷേപകർ ഇന്നലെ 2301 കോടി രൂപയുടെയും ആഭ്യാന്തര നിക്ഷേപക സ്ഥാപനങ്ങൾ 1113 കോടി രൂപയുടെയും ഓഹരികൾ ഇന്നലെ വാങ്ങിയിരുന്നു. ഇന്നലെ  എല്ലാ ഓഹരികളും മുന്നേറിയ അനിൽ അംബാനി ഗ്രൂപ്പിന്റെ വിപണി മൂല്യം 7 ശതമാനത്തിലേറെ ഉയർന്നത് ശ്രദ്ധേയമാണ്.

English Summary:

Positive global indicators, including gains in Gift Nifty and successful US-China trade talks, suggest a higher opening for the Indian stock market today. Despite yesterday’s slight Sensex dip, the overall market trend remains bullish, fueled by FII/DII investment and positive Asian market performance.