രാജ്യാന്തര വ്യാപാരത്തിൽ തിരിച്ചടിയായി ഹോർമുസ് കടലിടുക്കിൽ ഇറാൻ കുഴിബോംബുകൾ (മൈൻ) സ്ഥാപിച്ചു തുടങ്ങി. ഇറാന്റെ നാവികസേനയെ പൂർണമായും തുടച്ചു നീക്കിയെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറയുന്നത്.
എന്നാൽ ഇറാൻ ചെറുബോട്ടുകളും മറ്റും ഉപയോഗിച്ചാണ് കടലിൽ മൈനുകൾ സ്ഥാപിക്കുന്നത്. ഇതോടെ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം അപകടം നിറഞ്ഞതായി.
പശ്ചിമേഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ, പാചക വാതക വിതരണം ഏതാണ്ട് നിലച്ചു.
ഹോർമുസിൽ കടൽ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ കനത്ത തിരിച്ചടി നൽകുമെന്നാണ് ട്രംപിന്റെ ഭീഷണി. മൈനുകൾ സ്ഥാപിക്കാനെത്തിയ 16 ഇറാനിയൻ കപ്പലുകൾ തകർത്തതായി യുഎസ് സെൻട്രല്‍ കമാൻഡും പ്രതികരിച്ചു.
അതേസമയം, രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിവിലാണ്.
സ്വർണം, വെള്ളി വില കയറി. നിക്ഷേപകർ ജാഗ്രതയിലായത് ഓഹരി വിപണികളെയും ബാധിക്കും.
അന്താരാഷ്ട്ര ഊർജ ഏജൻസി (ഐഇഎ) ഓയില്‍ ശേഖരം വിപണിയിലേക്ക് റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകളുടെ തുടർന്നാണിത്.
2022ൽ റഷ്യ യുക്രെയ്നെ ആക്രമിച്ചപ്പോൾ ഐഇഎ അംഗരാജ്യങ്ങൾ 182 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിൽ വിപണിയില്‍ എത്തിച്ചിരുന്നു. ഇക്കുറി ഇതിനേക്കാൾ കൂടുതലായിരിക്കും റിലീസ് ചെയ്യുക.
ഇറാനിലെ യുദ്ധം അവസാനിക്കാറായെന്ന ട്രംപിന്റെ പ്രഖ്യാപനത്തിൽ ആശയക്കുഴപ്പം മാറാത്തതോടെ ക്രൂഡ് ഓയിൽ വില ഇന്നലെ ചാഞ്ചാട്ടത്തിലായി.
ഹോർമുസിൽ ചില കപ്പലുകൾക്ക് യുഎസ് നാവിക സേന അകമ്പടി നൽകിയെന്ന് യുഎസ് എനർജി സെക്രട്ടറി ക്രിസ് റൈറ്റ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തെങ്കിലും പിന്നീട് പിൻവലിച്ചു. ഇതോടെ ആശയക്കുഴപ്പം വർധിച്ചു.
ഡബ്ല്യൂടിഐ 83 ഡോളറിലും ബ്രെന്റ് 87 ഡോളറിലും മർബൻ 99 ഡോളറിലുമെത്തി.
ഇന്നലെ യുഎസ് വിപണിക്കും കാര്യമായ നേട്ടമുണ്ടാക്കാൻ ആയിരുന്നില്ല. ചാഞ്ചാടിക്കളിച്ച സൂചികകൾ ഒടുവിൽ നഷ്ടത്തിലായി.
ഡോ സൂചിക 0.07 ശതമാനവും എസ് ആൻഡ് പി 0.21 ശതമാനവും നഷ്ടത്തിലായപ്പോൾ നാസ്ഡാക് 0.01 ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇറാനിലെ യുദ്ധം എപ്പോൾ അവസാനിക്കുമെന്ന് ഉറപ്പില്ലാത്തതാണ് വിപണിയെ ബാധിച്ചത്.
ഏഷ്യൻ വിപണികൾ ഇന്ന് സമ്മിശ്രമായാണ് പ്രതികരിക്കുന്നത്.
ജപ്പാനിലെ നിക്കെയ് സൂചിക രണ്ടു ശതമാനത്തിലേറെ ഉയർന്നു. ഷാൻഹായ് സൂചിക നഷ്ടത്തിലായപ്പോൾ ഹോങ്കോങ് സൂചിക നേട്ടത്തിലാണ്.
ഇന്നലെ ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെൻസെക്സ് 0.82 ശതമാനം ഉയർന്ന് 78,205.98ലെത്തി. നിഫ്റ്റി 0.97 ശതമാനം കയറി 24,261.60ത്തിലുമെത്തി.
ഗിഫ്റ്റ് നിഫ്റ്റി പോസിറ്റിവാണെങ്കിലും ഇന്ന് ഇന്ത്യൻ വിപണികൾ താഴ്ന്ന് വ്യാപാരം തുടങ്ങുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
രാജ്യാന്തര സൂചനകളും ഇറാൻ യുദ്ധത്തെയും തുടർന്ന് നിക്ഷേപകർ ജാഗ്രത പാലിക്കാനാണ് സാധ്യത. രാജ്യത്ത് പാചക വാതക പ്രതിസന്ധി രൂക്ഷമാകുമെന്ന റിപ്പോർട്ടുകളും ഓഹരി വിപണിയെ ബാധിച്ചേക്കും.
രാജ്യാന്തര വിപണിയിൽ സ്വർണം, വെള്ളി വില കയറ്റത്തിലാണ്. ക്രൂഡ് ഓയിൽ വിലയ്ക്ക് പിന്നാലെ അമേരിക്കൻ ഡോളർ സൂചികയും താഴ്ന്നിരുന്നു.
ഇതോടെ സ്വർണത്തിൽ ഡിമാൻഡ് വർധിച്ചു. നിലവിൽ ഔൺസിന് രണ്ടു ശതമാനത്തോളം നേട്ടത്തിൽ 5,200 ഡോളറെന്ന നിലയിലാണ് സ്വർണവില.
വെള്ളി ഔൺസിന് 88 ഡോളറെന്ന നിലയിലും. കേരളത്തിൽ ഇന്നും സ്വർണവില വർധിക്കാനാണ് സാധ്യത. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

