
ലണ്ടന്‍ . യുകെയിലെ പ്രമുഖ ഡിജിറ്റല്‍ ബാങ്ക് മോന്സോയ്ക്കു കനത്ത പിഴ ചുമത്തിയ വാര്‍ത്തകള്‍ പുറത്തു വന്നതോടെ അങ്കലാപ്പിലായി പ്രവാസി മലയാളികളും.
2018 മുതല്‍ 2022 വരെയുള്ള കാലയളവിലുണ്ടായ സുരക്ഷാ വീഴ്ചകള്‍ കണക്കിലെടുത്ത് ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോരിറ്റി 225 കോടി രൂപയാണ് മോന്സോയ്ക്കു പിഴയിട്ടിരിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ ബാങ്കിനു വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തല്‍.
ഉപഭോക്താക്കളുടെ വിവരങ്ങളുടെ കൃത്യത ഉറപ്പു വരുത്തുന്നതിലും കുറ്റകൃത്യ സാധ്യത വിലയിരുത്തുന്നതിലും ഇടപാടുകള്‍ നിരീക്ഷിക്കുന്നതിലും വീഴ്ച വരുത്തിയതാണ് മോന്‍സോ ബാങ്കിനു പണിയായത്.
വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ യുകെയില്‍ എത്തുന്നവര്‍ ആദ്യമായി ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനു പരിഗണിക്കുന്ന ബാങ്കുകളില്‍ ഒന്നാണ് മോന്‍സോ. ഡിജിറ്റലായി മാത്രം ഇടപാടുകള്‍ നടത്തുന്നതും വിലാസത്തിനു തെളിവു നല്‍കേണ്ടത് അത്ര നിര്ബന്ധമല്ലാത്തതുമാണ് ബാങ്കിനെ പരിഗണിക്കാന്‍ മുഖ്യ കാരണം.
പലരും ക്രമേണ ഏതെങ്കിലും പരമ്പരാഗത ബാങ്കില്‍ അക്കൗണ്ടു തുറന്ന് അതിലൂടെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതാണ് പതിവ്. എന്നാലും മോന്‍സോ അക്കൗണ്ടു തുടരുന്നവരും ഏറെയാണ്.
നിലവില്‍ ബാങ്കിനു മേല്‍ ചുമത്തിയിട്ടുള്ള പിഴ അതിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, ബാങ്ക് 2022നു ശേഷം പിഴവുകള്‍ തിരുത്തിയാണ് പ്രവര്‍ത്തിക്കുന്നത് എന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഹൈ റിസ്ക് ഉപഭോക്താക്കള്‍ക്ക് അക്കൗണ്ട്
എഫ്സിഎ മാനദണ്ഡങ്ങള്‍ പാലിക്കാതെ 2020 ഓഗസ്റ്റു മുതല്‍ 22 ജൂണ്‍ വരെയുള്ള കാലയളവല്‍ 34000 ഹൈ റിസ്ക് ഉപഭോക്താക്കള്‍ക്ക് അക്കൗണ്ടു തുറക്കുന്നതിന് അനുവാദം നല്കി.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ യുകെ ഗവണ്മെന്റ് കര്‍ശനമായ നടപടികള്‍ സ്വീകരിച്ചു വരുമ്പോള്‍ അതിനെ പിന്തുണയ്ക്കുന്നതില്‍ ബാങ്കിനു കടുത്ത പരാജയം സംഭവിച്ചതായി എഫ്സിഎ എന്‍ഫോഴ്സ്മെന്റ് വിഭാഗം കണ്ടെത്തുകയായിരുന്നു.
ബെക്കിങ്ഹാം പാലസിന്റെ അഡ്രസില്‍ പോലും അക്കൗണ്ട്
അക്കൗണ്ട് ഉടമയുടെ വിലാസം പരിശോധിക്കുന്നതിലും അതിലെ കൃത്യത ഉറപ്പു വരുത്തുന്നതിനും ബാങ്കിനു കാര്യമായ പിഴവാണ് സംഭവിച്ചിട്ടുള്ളത്. പ്രധാനമന്ത്രിയുടെ ഓഫിസ് കെട്ടിടത്തിന്റെ വിലാസത്തിലും ബെക്കിങ്ഹാം പാലസിന്റെ വിലാസത്തിലും വരെ വ്യാജന്മാര് അക്കൗണ്ടുകള്‍ എടുത്തു വിലസിയതായി അന്വേഷണ സംഘം കണ്ടെത്തി.
അക്കൗണ്ട് ഉടമകളെ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ എഫ്സിഎ മോന്സോയ്ക്കെതിരെ 2020ല്‍ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. രണ്ടു ഘട്ടങ്ങളിലായി നടത്തിയ പരിശോധനയിലാണ് കനത്ത പിഴ ഒടുക്കേണ്ട
സാഹചര്യം ബാങ്കിനുണ്ടായിട്ടുള്ളത്. ആദ്യഘട്ട
പരിശോധനയ്ക്കു ശേഷവും തിരുത്താതിരുന്നത് വീണ്ടും അന്വേഷണത്തിലേയ്ക്കും പിന്നീടു കൂടുതല്‍ പിഴയിടുന്ന സാഹചര്യത്തിലേയ്ക്കും എഫ്സിഎയെ എത്തിക്കുകയായിരുന്നു.
അതിവേഗ വളര്‍ച്ച; കംപ്ലയന്സിലെ പാകപ്പിഴകള്‍
2018 മുതല്‍ 2022 വരെയുള്ള കാലഘട്ടത്തില്‍ അതിവേഗ വളര്‍ച്ചയാണ് മോന്സോയ്ക്കുണ്ടായത്. 2018ല്‍ ആറുലക്ഷം മാത്രം അക്കൗണ്ടുകള്‍ ഉണ്ടായിരുന്നിടത്തു നിന്ന് 2022 ആയപ്പോഴേയ്ക്ക് അക്കൗണ്ടുകളുടെ എണ്ണം 58 ലക്ഷമായി ഉയര്‍ന്നു.
ഇത് 2025ല്‍ 120 ലക്ഷമായി വര്‍ധിച്ചിട്ടുണ്ട്. ഇത്രയേറെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന പാകപ്പിഴയാകാം ബാങ്കിനു സംഭവിച്ചത് എന്നു ന്യായീകരിക്കാനാവില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
മോന്‍സോ പഴയ മോന്സോയല്ല!
ആദ്യഘട്ടങ്ങളില്‍ പിഴവുകള്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് 2020ല്‍ തെററ്റുകള് തിരുത്തി ഉപഭോക്തൃ പരിശോധനകള്‍ക്കും കംപ്ലയന്സിനും (നിയമാനുസരണം) കൂടുതല്‍ പണം നിക്ഷേപിച്ചെങ്കിലും വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കുന്ന സാഹചര്യമുണ്ടായി.
ഇതോടെയാണ് 2022 വരെയുള്ള ഉപഭോക്തൃ വിവരങ്ങള്‍ കൂടി എഫ്സിഎ പരിശോധനകള്‍ക്കു വിധേയമാക്കുന്നത്. വീണ്ടും പരിശോധന എത്തിയതോടെ തെറ്റുകള്‍ ആവര്‍ത്തിക്കാതെയാണ് ബാങ്കിന്റെ പ്രവര്‍ത്തനം എന്നാണ് അവകാശവാദം.
യഥാര്‍ഥ പിഴ 30 മില്യണ്‍ എന്നതില്‍ 30 ശതമാനം ഇളവും എഫ്സിഎ അനുവദിച്ചു.
എഫ്സിഎ പുറപ്പെടുവിച്ച അന്തിമ നോട്ടീസില്‍ പിഴവുകള്‍ പരിഹരിക്കുന്നതിനു മോന്സോയുടെ ഭാഗത്തു നിന്നു സഹകരണമുണ്ടായെന്നു വ്യക്തമാക്കുന്നുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി നിശ്ചിത വിഭാഗത്തിലേയ്ക്കു കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചതായും ഇതിനായി കൂടുതല്‍ പണം നിക്ഷേപിച്ചതായും വ്യക്തമാക്കുന്നുണ്ട്.
ഇതിനു പുറമേ 2021ല്‍ സ്വതന്ത്ര അവലോകന വിഭാഗം നല്കിയ ശുപാര്‍ശയില്‍ ബാങ്ക് ഫിനാന്‍ഷ്യല്‍ ക്രൈം ചേഞ്ച് പ്രോഗ്രാമില്‍ പങ്കെടുത്തിട്ടുമുണ്ട്. ഇതെല്ലാം ബാങ്കിനു വരും നാളുകളില്‍ കൂടുതല്‍ സ്ഥിരത നല്‍കുമെന്നാണു വിലയിരുത്തല്‍.
ഇതൊരു മുന്നറിയിപ്പ്
യുകെയില്‍ സാമ്പത്തിക ബിസിനസുകള്‍ നടത്തുന്നവര്‍ക്കുള്ള വ്യക്തമായ മുന്നറിയിപ്പു കൂടിയാണ് എഫ്സിഎ മോന്‍സോ ബാങ്കിനു നല്കിയ തിരിച്ചടിയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
ഡിജിറ്റല്‍ ബാങ്കുകള്‍ക്കും ഫിനാന്‍ഷ്യല്‍ പ്ലാറ്റ്ഫോമുകള്‍ക്കും പുറമേ എഫ്സിഎ നിയന്ത്രണത്തിലുള്ള ഇന്‍ഷൂറന്‍സ് പോലെയുള്ള മേഖലകള്‍ക്കും ഇതു മുന്നറിയിപ്പായി മാറുന്നുണ്ട്.
ഏതൊരു ഫിനാന്‍ഷ്യല്‍ സ്ഥാപനത്തിനും വളര്‍ച്ചയുണ്ടാകുമ്പോള്‍ കൃത്യമായ പ്രവര്‍ത്തനക്ഷമത കൂടി ഉറപ്പു വരുത്തിക്കൊണ്ടാകണം മുന്നേറേണ്ടതെന്ന് സാമ്പത്തിക വിദഗ്ദര്‍ വ്യക്തമാക്കുന്നു. പരമ്പരാഗത ബാങ്കുകള്‍ ഡിജിറ്റല്‍ സേവനങ്ങളിലേയ്ക്കു കടക്കുമ്പോള്‍ നിര്‍ണായകമായ ഘടകങ്ങള്‍ അവഗണിക്കുന്ന പ്രവണതയുണ്ട്.
ഇത് ഒരിക്കലും യുകെ പോലെയുള്ള ഒരു രാജ്യത്തെ നിയന്ത്രണ സംവിധാനങ്ങള്‍ അനുവദിക്കുകയില്ല എന്നു മാത്രമല്ല, കര്‍ശന നടപടികളും ഉണ്ടാകും എന്നതിനു തെളിവാണ് മോന്സോയുടെ അനുഭവം.
മോന്സോയ്ക്കു ശക്തമായ ഭാവി!
പിഴയൊടുക്കേണ്ടി വന്നതോടെ കനത്ത ഉപഭോക്തൃ അടിത്തറയുള്ള ബാങ്ക് തകര്‍ച്ചയിലേയ്ക്കു പോകില്ലെന്നു തന്നെയാണ് വ്യക്തമാകുന്നത്. ഉപഭോക്തൃ അടിത്തറയ്ക്കൊപ്പം നിയമാനുസൃത നിയന്ത്രണങ്ങള്‍ ഉറപ്പു വരുത്തുന്നതിനു സാധിച്ചാല്‍ മോന്സോയ്ക്കു ശക്തമായ ഭാവിയുണ്ടെന്നു സാമ്പത്തിക വിദഗ്ധരും വിലയിരുത്തുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]