
യുഎസ് പ്രസിഡന്റായി വീണ്ടും സ്ഥാനമേറ്റശേഷമുള്ള, തന്റെ ഗവൺമെന്റിന്റെ 100-ാം ദിനാഘോഷവേളയിൽ പറഞ്ഞ വാക്കുപാലിക്കാനാവാതെ ഡോണൾഡ് ട്രംപ്. ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങൾക്കുംമേൽ പകരംതീരുവ പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് പറഞ്ഞത് 200 രാജ്യങ്ങളുമായി വ്യാപാരക്കരാറിൽ ഏകദേശ ധാരണയായി എന്നായിരുന്നു.
തുടർന്ന് പകരംതീരുവ നടപ്പാക്കുന്നത് കൂടുതൽ ചർച്ചകൾക്കായി ജൂലൈ 9 വരെ ട്രംപ് മരവിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ, പറഞ്ഞ സമയം കഴിഞ്ഞിട്ടും ട്രംപിന് വ്യാപാരക്കരാറിൽ എത്താനായത് വെറും 3 രാജ്യങ്ങളുമായി മാത്രം. യുകെ, ചൈന, വിയറ്റ്നാം എന്നിവയാണവ.
ഇതിൽ യുകെ, ചൈന എന്നിവയുമായി ‘സമ്പൂർണ’ വ്യാപാരക്കരാറുമല്ല ഒപ്പുവച്ചിട്ടുള്ളത്. നിലവിൽ യുഎസുമായി ഉടൻ വ്യപാരക്കരാറിൽ എത്തിയേക്കുമെന്ന് കരുതുന്നത് ഇന്ത്യയാണ്.
ഇന്ത്യയുമായും സമ്പൂർണ കരാറിനു പകരം ‘താൽകാലിക’ കരാർ (മിനി ട്രേഡ് ഡീൽ) ചർച്ചകളാണ് നടക്കുന്നത്.
ഇന്ത്യയുമായും വിവിധ വിഷയങ്ങളിൽ ഇപ്പോഴും സമവായമായിട്ടില്ല. ഇന്ത്യയുടെ കാർഷികോൽപന്ന വിപണിയിലേക്ക് കുറഞ്ഞ തീരുവ ആനുകൂല്യത്തോടെ കടന്നുകയറാനുള്ള ശ്രമമാണ് യുഎസിന്റേത്.
ഒട്ടേറെ യുഎസ് കാർഷിക ഉൽപന്നങ്ങൾക്ക് ഇന്ത്യ തീരുവ ഒഴിവാക്കിയെന്ന് ട്രംപ് പറയുന്നുണ്ടെങ്കിലും കേന്ദ്രസർക്കാരോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ പ്രതികരിച്ചിട്ടില്ല. ട്രംപ് മുന്നോട്ടുവച്ച ആവശ്യങ്ങളിന്മേൽ കേന്ദ്രവും മോദിയും വഴങ്ങുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
യൂറോപ്യൻ യൂണിയനുമായുള്ള യുഎസിന്റെ ചർച്ചകളും അന്തിമതീരുമാനങ്ങളിലേക്ക് എത്തിയിട്ടില്ല.
സ്റ്റീൽ, അലുമിനിയം എന്നിവയ്ക്കുമേലുള്ള 50%, വാഹനങ്ങൾക്കുള്ള 25% തീരുവകൾ പിൻവലിക്കണമെന്നാണ് യൂറോപ്യൻ യൂണിയന്റെ പ്രധാന ആവശ്യം. ട്രംപ് വിസമ്മതിച്ചാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പും യൂറോപ്യൻ യൂണിയൻ നൽകിയിട്ടുണ്ട്.
ജപ്പാൻ, ദക്ഷിണ കൊറിയ, ബംഗ്ലദേശ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഫിലിപ്പീൻസ് തുടങ്ങി 22 രാജ്യങ്ങൾക്കുമേൽ 20 മുതൽ 40% വരെ തീരുവ ചുമത്തുന്നായി അറിയിച്ച് ട്രംപ് കഴിഞ്ഞദിവസം കത്തുകൾ അയച്ചിരുന്നു.
ഓഗസറ്റ് ഒന്നുമുതലാണ് ഈ നിരക്കുകൾ പ്രാബല്യത്തിലാവുക. യുഎസുമായി ഇനിയും വ്യാപാരക്കരാറിൽ എത്താത്ത രാജ്യങ്ങൾക്ക് ഓഗസ്റ്റ് ഒന്നുവരെ സാവകാശമുണ്ടെന്നും അതിനുശേഷം തീരുവയിൽ ഇളവ് അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ട്രംപും യുഎസും പ്രതീക്ഷിച്ചതിനു വിരുദ്ധമായി പല രാജ്യങ്ങളും യുഎസിനുമേലും കനത്ത തീരുവ പകരംചുമത്തുമെന്ന മുന്നറിയിപ്പാണ് നൽകുന്നത്.
ബ്രസീലും ദക്ഷിണാഫ്രിക്കയും തിരിച്ചടിക്കുമെന്ന സൂചന നൽകിക്കഴിഞ്ഞു. യൂറോപ്യൻ യൂണിയനും വഴങ്ങിയിട്ടില്ല.
ഇന്ത്യയും ആഭ്യന്തര സാമ്പത്തിക മേഖലയിലെ കൃഷി ഉൾപ്പെടെയുള്ള വിഭാഗങ്ങളെ ബാധിക്കുന്ന നിർദേശങ്ങളിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണുള്ളത്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് AFP (Prakash SINGH)ൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]