
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം യുദ്ധസമാന സാഹചര്യത്തിലേക്ക് കടന്നതോടെ, മുട്ടനാടുകളുടെ തമ്മിലടി കണ്ടു രസിക്കുന്ന കുറുക്കന്റെ സന്തോഷത്തിൽ ചൈന. ഇന്ത്യയും പാക്കിസ്ഥാനും ചൈനയുടെയും അയൽക്കാരാണെന്നും സ്ഥിതി കൂടുതൽ വഷളാവാതെ സംയമനം പാലിക്കണമെന്നും ചൈനീസ് ഭരണകൂടം കഴിഞ്ഞദിവസം പ്രതികരിച്ചെങ്കിലും, ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തെ ‘മികച്ച അവസരമായി’ കാണുകയാണ് ചൈനീസ് പ്രതിരോധ മേഖല. ഇന്ത്യയും പാക്കിസ്ഥാനും പോര് കടുപ്പിച്ച പശ്ചാത്തലത്തിൽ ചൈനീസ് പ്രതിരോധ കമ്പനികളുടെ ഓഹരിവിലയും കുതിച്ചുകയറുകയാണ്.
ആയുധ നിർമാണ, വിൽപനരംഗത്ത് അമേരിക്കയും യൂറോപ്പും ഉൾപ്പെടെയുള്ള പടിഞ്ഞാറൻ ശക്തികളെ വെല്ലവിളിച്ച് വളരുകയാണ് ചൈന. പാക്കിസ്ഥാൻ കഴിഞ്ഞ 5 വർഷത്തിനിടെ വാങ്ങിയ ആയുധങ്ങളിലും പ്രതിരോധ സാമഗ്രികളിലും 81 ശതമാനവും നൽകിയതും ചൈനയാണ്. യുഎസിന്റെയും ഫ്രാൻസിന്റെയും മറ്റും ആയുധങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ചൈനയുടെ ആയുധങ്ങളുടെ മികവ് അളക്കാൻ ഇതുവരെയും ചൈനീസ് കമ്പനികൾക്ക് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ്, അപ്രതീക്ഷിതമായി പാക്കിസ്ഥാനും ഇന്ത്യയും തമ്മിലെ ബന്ധം വഷളായതും ആക്രമണ-പ്രത്യാക്രമണങ്ങളിലേക്ക് കടന്നതും.
ഇന്ത്യ-പാക്ക് സംഘർഷത്തെ ചൈന പാക്കിസ്ഥാനു നൽകിയ പുത്തൻ ടെക്നോളജി അധിഷ്ഠിത ആയുധങ്ങളുടെ പരീക്ഷണകാലമായാണ് ചൈനീസ് കമ്പനികൾ കാണുന്നത്. ലോകത്തെ ഏറ്റവും വലിയ സൈനികശക്തികളിലൊന്നാണെങ്കിലും ചൈന ഏതാനും ദശാബ്ദങ്ങളായി ഏതെങ്കിലും രാജ്യവുമായി യുദ്ധത്തിൽ ഏർപ്പെട്ടിട്ടില്ല. അതേസമയം, അയൽരാജ്യങ്ങളായ ഇന്ത്യ, ജപ്പാൻ, തായ്വാൻ, മറ്റു കിഴക്കനേഷ്യൻ രാജ്യങ്ങൾ എന്നിവയുമായി അതിർത്തി വിഷയത്തിലുൾപ്പെടെ ചൈനയ്ക്ക് തർക്കമുണ്ട്. ഈ സാഹചര്യത്തിൽ കഴിഞ്ഞ ഏതാനും വർഷമായി ആയുധങ്ങൾ ആധുനികവൽകരിക്കുകയും ശേഖരം കൂട്ടുകയുമാണ് ചൈന. പാക്കിസ്ഥാനാണ് ചൈനയുടെ ഏറ്റവും വലിയ ആയുധവിപണിയും.
യുദ്ധവിമാനങ്ങൾ, മിസൈലുകൾ, റഡാറുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ തുടങ്ങിയവ പാക്കിസ്ഥാന് ചൈന നൽകിയിട്ടുണ്ട്. ഇപ്പോൾ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ സാഹസം കാട്ടുന്നതും ഈ ആയുധങ്ങളുടെ ബലത്തിൽ തന്നെ. ഇന്ത്യ അമേരിക്ക, ഫ്രാൻസ്, ഇസ്രയേൽ എന്നിവയുടെ ആയുധങ്ങൾ വൻതോതിൽ വാങ്ങികൂട്ടുന്ന പശ്ചാത്തലത്തിലാണ് ചൈനയും പാക്കിസ്ഥാനും തമ്മിലെ ആയുധക്കൂട്ടുകെട്ട്. നേരത്തേ യുഎസ് ആയുധങ്ങളും പാക്കിസ്ഥാൻ വാങ്ങിയിരുന്നെങ്കിലും ഇപ്പോൾ ആശ്രയിക്കുന്നത് ചൈനയെ.
നാലാമത്തെ വലിയ ആയുധ കച്ചവടക്കാർ
ലോകത്തെ നാലാമത്തെ വലിയ ആയുധ കയറ്റുമതി രാജ്യമാണ് ചൈന. 2020-24 കാലയളവെടുത്താൽ മൊത്തം ആയുധ കയറ്റുമതിയുടെ 43 ശതമാനം വിഹിതം അമേരിക്കയ്ക്കാണെന്ന് സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (SIPRI) കണക്കുകൾ അധികരിച്ചുള്ള റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. രണ്ടാമതുള്ള ഫ്രാൻസിനേക്കാൾ നാലിരട്ടിയാണ് അമേരിക്കയുടെ വിഹിതം. റഷ്യയാണ് മൂന്നാംസ്ഥാനത്ത്.
ചൈനീസ് പ്രതിരോധ ഓഹരികൾക്ക് മുന്നേറ്റം
ഇന്ത്യ-പാക്കിസ്ഥാൻ ബന്ധം മോശമായ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ചൈനീസ് വിമാനനിർമാതാക്കളായ എവിക് (Aviation Industry Corporation of China) ചെങ്ഡു എയർക്രാഫ്റ്റിന്റെ (Chengdu Aircraft Industry Group ) ഓഹരിവില മുന്നേറിയത് 40 ശതമാനം. ഇക്കഴിഞ്ഞ ബുധനാഴ്ച 18 ശതമാനവും വ്യാഴാഴ്ച 20 ശതമാനവുമാണ് കമ്പനികയുടെ ഓഹരികൾ മുന്നേറിയത്.
ഈ കമ്പനിയുടെ ഉപസ്ഥാപനമായ എവിക് ഏയറോസ്പേസിന്റെ ഓഹരിവില 6 ശതമാനം ഉയർന്നു. മറ്റു പ്രതിരോധ കമ്പനികളായ ചെങ്ഡു ടിയാൻജിയാൻ ടെക്നോളജി, സൺ ക്രിയേറ്റ് ഇലക്ട്രോണിക്സ്, ചെങ്ഡു എഎൽഡി ഏവിയേഷൻ എന്നിവയുടെ ഓഹരികളും 10 ശതമാനം വരെ ഉയർന്നു.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)