
നിക്ഷേപം വൈവിധ്യവല്‍ക്കരിക്കുക എന്നത് എപ്പോഴും മികച്ച നീക്കമാണ്. ഉയർന്ന പണപ്പെരുപ്പം, കറൻസി മൂല്യത്തകർച്ച, സാമ്പത്തിക–ഭൗമ-രാഷ്ട്രീയ സംഭവങ്ങൾ എന്നിവയ്ക്കെതിരായ ഒരു സംരക്ഷണമാണ് സ്വർണം. കൂടാതെ, സ്വർണം പരിമിതമായ അളവിലെ ലഭ്യമായിട്ടുള്ളൂ. അതിന് വ്യാവസായികവും സൗന്ദര്യപരവും വൈകാരികവുമായ മൂല്യവുമുണ്ട്. സ്വർണം സെൻട്രൽ ബാങ്കുകളാൽ സൃഷ്ടിക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്യുന്നില്ല.
പക്ഷേ സെൻട്രൽ ബാങ്കുകൾ സ്വർണം കൈവശം വയ്ക്കുന്നതിനാൽ അത് കരുതൽ ആസ്തികളിൽ ഒന്നാണ്. കറൻസിക്ക് ബദലായി സ്വർണം വാങ്ങാൻ കഴിയും. അതിനാൽ ഇതിന് ഒരു റിസർവ് കറൻസി സ്റ്റാറ്റസും ഉണ്ട്.ആകെ നിക്ഷേപത്തിന്റെ 15 മുതല്‍ 20 ശതമാനം വരെ സ്വര്‍ണത്തില്‍ സൂക്ഷിക്കുന്നതാണ് അഭികാമ്യം എന്നാണ് പരക്കെ കരുതപ്പെടുന്നത്. സ്വര്‍ണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ചില ഘടകങ്ങള്‍ കൂടി പരിശോധിക്കാം.
പണപ്പെരുപ്പത്തിനെതിരായ കരുതല്‍
പണപ്പെരുപ്പത്തിനെതിരായ ഒരു കരുതലായി സ്വര്‍ണത്തെ കണക്കാക്കാം. മറ്റുള്ള നിക്ഷേപങ്ങളെ അപേക്ഷിച്ച് വളരെ എളുപ്പത്തില്‍ വില നിലനിര്‍ത്താനുള്ള കഴിവും ചരിത്രപരമായി തന്നെ നിലനിര്‍ത്തുന്ന പര്‍ച്ചെയ്സിങ് ശക്തിയുമെല്ലാം സ്വര്‍ണത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
പലിശ നിരക്കും സ്വര്‍ണ വിലയും
സ്വര്‍ണവും പലിശയും പരസ്പരം കൈകോർത്തു പോകുന്നില്ല. അതു കൊണ്ടു തന്നെ പലിശ നിരക്ക് ഉയര്‍ന്നിരിക്കുമ്പോള്‍ സ്വര്‍ണത്തിനുള്ള ഡിമാന്റ് താഴ്ന്ന നിലയിലായിരിക്കും. കുറഞ്ഞ പലിശ നിരക്കുള്ള സാഹചര്യം എത്തുമ്പോള്‍ സ്വര്‍ണത്തിനുള്ള ഡിമാന്റ് വര്‍ധിക്കുകയും സ്വര്‍ണ വില വര്‍ധിക്കുകയും ചെയ്യും. യുഎസ് ഫെഡറല്‍ കുറഞ്ഞ പലിശ നിരക്കു പ്രഖ്യാപിക്കുമ്പോള്‍ ഡോളര്‍ തളരുകയും സ്വര്‍ണ വില ഉയരുകയും ചെയ്യും.
ആഗോള രാഷ്ട്രീയ പ്രശ്നങ്ങളും സ്വര്‍ണവും
അനിശ്ചിതത്വങ്ങള്‍, അനിഷ്ടകരമായ സംഭവങ്ങള്‍ തുടങ്ങിയവ ഉണ്ടാകുമ്പോള്‍ സ്വര്‍ണ വില ഉയരുന്ന പ്രതിഭാസമാണ് എല്ലാ കാലത്തും ദൃശ്യമാകുന്നത്. 2020-ല്‍ കോവിഡ് ഭീതിയുടെ വേളയിലും ഇസ്രായേല്‍ ഹമാസ് യുദ്ധകാലത്തും റഷ്യ-യുക്രെയ്ന് യുദ്ധത്തിനിടെയും 2008-ലെ സാമ്പത്തിക പ്രതിസന്ധി കാലത്തും എല്ലാം- സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയിൽ സ്വര്‍ണ വില ഉയരുന്നതു നാം കണ്ടു. യുഎസ് ഫെഡ് നിരക്കുകള്‍ വര്‍ധിപ്പിക്കുമ്പോള്‍ ഡോളര്‍ ശക്തമാകുകയും സ്വര്‍ണ വില താഴുന്നതും കാണാം. ഇതിനു വിപരീതമായി ഫെഡ് നിരക്കുകള്‍ കുറക്കുമ്പോള്‍ ഡോളര്‍ ദുര്‍ബലമാകുകയും സ്വര്‍ണ വില ശക്തമാകുന്നതും സാധാരണ കാണാം.
ഈ പരസ്പര ബന്ധങ്ങള്‍ ദുര്‍ബലമാകുന്നതായാണ് അടുത്ത കാലത്തു കാണാനായത്. കഴിഞ്ഞ നിരക്കു വര്‍ധന വേളയിൽ ഡോളര്‍ ശക്തമായപ്പോള്‍ സ്വര്‍ണം ദുര്‍ബലമാകുമെന്നാണു പ്രതീക്ഷിച്ചത്. എന്നാല്‍ കേന്ദ്ര ബാങ്കുകള്‍ വാങ്ങുന്നതിന്റെ ഡിമാന്റ് കാരണം സ്വര്‍ണ വില ഉയരുകയായിരുന്നു. ആഗോള രാഷ്ട്രീയ പ്രതിസന്ധികളെ കുറിച്ചുള്ള ഭയമായിരുന്നു ഇതിനു പിന്നില്‍. ഇടയ്ക്ക് ചാഞ്ചാട്ടമുണ്ടായാലും ഹ്രസ്വകാലത്തേക്കും ഇടക്കാലത്തേക്കും സ്വര്‍ണ വില ശക്തമായി തുടരും എന്നാണ് വിശ്വസിക്കുന്നത്. കുറഞ്ഞ പലിശ നിരക്കു സാഹചര്യം, ആഗോള സാമ്പത്തിക രംഗത്തെ അനിശ്ചിതത്വം തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ സുരക്ഷിത ആസ്തി എന്ന നിലയിലാണിത്.
ഡോളറും സ്വര്‍ണവും
വന്‍ തോതില്‍ ഡോളര്‍ ആസ്തികളുള്ള കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങി തങ്ങളുടെ ആസ്തികള്‍ക്ക് പിന്തുണ നല്കാന് ആഗ്രഹിച്ചാല്‍ അത് വില പിടിച്ചുയര്‍ത്തും. റിസര്‍വ് കറന്‍സിയായി ഡോളര്‍ എന്നതിനെതിരായ ആശയമുള്ളവര്‍ സ്വര്‍ണ ആസ്തികള്‍ വാങ്ങാന്‍ താല്പര്യം കാട്ടുന്നുണ്ട്. ഇവയെല്ലാം സ്വര്‍ണത്തിലെ നിക്ഷേപത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്ന സുപ്രധാന ഘടകങ്ങളില്‍ ചിലതാണ്.
ലേഖിക ടാറ്റാ അസറ്റ് മാനേജ്മെന്റിന്റെ പ്രൊഡക്ട് വിഭാഗം മേധാവിയാണ്