യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച കനത്ത തീരുവയും ഇന്ത്യയെ തളർത്തില്ലെന്ന് സൂചിപ്പിച്ച് ലോകബാങ്ക്. ഇന്ത്യയുടെ നടപ്പു സാമ്പത്തിക വർഷത്തെ (2025-26) പ്രതീക്ഷിത വളർച്ചനിരക്ക് നേരത്തേ വിലയിരുത്തിയ 6.3 ശതമാനത്തിൽ നിന്ന് 6.5 ശതമാനത്തിലേക്ക് ലോകബാങ്ക് ഉയർത്തുകയും ചെയ്തു.
2026-27ലെ വളർച്ചാപ്രതീക്ഷ 6.5ൽ നിന്ന് 6.7 ശതമാനമായും കൂട്ടി.
ഇന്ത്യ ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സാമ്പത്തികശക്തിയായി (ഫാസ്റ്റസ്റ്റ് ഗ്രോവിങ് മേജർ ഇക്കണോണി) തുടരുമെന്നും ലോകബാങ്ക് വ്യക്തമാക്കി. ആഭ്യന്തര ഉപഭോക്തൃവിപണി കാഴ്ചവയ്ക്കുന്ന കരുത്തുറ്റ വളർച്ചയാണ് ഇന്ത്യയ്ക്ക് നേട്ടമാവുക.
കാർഷിക ഉൽപാദനവും ഗ്രാമീണമേഖലയിലെ വേതനവർധനയും കരുത്താവും. ട്രംപ് 50% തീരുവ പ്രഖ്യാപിച്ചത് തിരിച്ചടിയാണെങ്കിലും മുൻനിര രാജ്യങ്ങളുമായുള്ള വ്യാപാരക്കരാറുകളിലൂടെ ആഘാതം കുറയ്ക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്നും ലോകബാങ്ക് വിലയിരുത്തുന്നു.
വ്യാപാരക്കരാറുകൾ വഴി സ്വകാര്യനിക്ഷേപം, വ്യാപാരംഗത്തെ മത്സരക്ഷമത, തൊഴിലവസരങ്ങൾ എന്നിവ കൂട്ടാനും ഇന്ത്യയ്ക്കാകുമെന്ന് ലോകബാങ്ക് വ്യക്തമാക്കി.
യുഎസുമായി ഇപ്പോഴും ഭിന്നതയിൽ തുടരുന്ന ചൈനയുടെ വളർച്ചാപ്രതീക്ഷയും ലോകബാങ്ക് കൂട്ടിയിട്ടുണ്ട്. നേരത്തേ വിലയിരുത്തിയ 4ൽ നിന്ന് 4.8 ശതമാനത്തിലേക്കാണ് ഈ വർഷത്തെ വളർച്ചാഅനുമാനം തിരുത്തിയത്.
ഷി ഗവൺമെന്റ് നടപ്പാക്കുന്ന ഉത്തേജക പദ്ധതികൾ ചൈനയ്ക്ക് കരുത്താവുമെന്ന് റിപ്പോർട്ട് പറയുന്നു.
ലോക വ്യാപാരത്തിന് ട്രംപാഘാതം 2026ൽ
ട്രംപിന്റെ തീരുവയുദ്ധത്തിന്റെ പശ്ചാത്തലത്തിലും രാജ്യാന്തര വ്യാപാരരംഗം 2025ൽ 2.4% വളരുമെന്ന് ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) അഭിപ്രായപ്പെട്ടു. ഓഗസ്റ്റിൽ വളർച്ച വെറും 0.9% ആയിരുന്നു.
2024ൽ 2.8 ശതമാനവും. എന്നാൽ, തീരുവ വർധനയുടെ ആഘാതം ദൃശ്യമാകുന്ന പൂർണവർഷം 2026 ആയിരിക്കും.
വളർച്ചനിരക്ക് 2026ൽ 2.6 ശതമാനത്തിലേക്ക് താഴുമെന്ന മുന്നറിയിപ്പും ഡബ്ല്യുടിഒ നൽകി. ഉയർന്ന തീരുവ പ്രാബല്യത്തിലാകുംമുൻപ് വിവിധ രാജ്യങ്ങൾ കയറ്റുമതി ഉഷാറാക്കിയതാണ് 2025ൽ കാര്യമായ പരുക്കേൽക്കാതിരിക്കാൻ കാരണം. അതുകൊണ്ടുതന്നെ, താരിഫ് പ്രഹരത്തിന്റെ ആഘാതം പ്രതിഫലിക്കുക 2026ൽ ആയിരിക്കുമെന്നും സംഘടനയുടെ റിപ്പോർട്ട് പറയുന്നു.
അതേ നാണയത്തിൽ തിരിച്ചടി!
യൂറോപ്യൻ യൂണിയനിൽ നിന്നുള്ള സ്റ്റീലിന് 50% തീരുവ ഏർപ്പെടുത്തിയ ട്രംപിന്റെ തീരുമാനത്തെ, അതേ നാണയത്തിൽ തിരിച്ചടിക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചത് വൻ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
50% തീരുവമൂലമുണ്ടാകുന്ന ആഘാതം മറികടക്കാൻ യൂറോപ്യൻ യൂണിയനിലേക്ക് എത്തുന്ന സ്റ്റീലിനും അതേ തീരുവ ഏർപ്പെടുത്താനാണ് തീരുമാനം. അധികരിച്ച ഉൽപാദനമുള്ള ചൈനയിൽ നിന്നുള്ള അമിതമായ ഇറക്കുമതിക്ക് തടയിടുകയാണ് ലക്ഷ്യമെന്ന് യൂറോപ്യൻ യൂണിയൻ വാദിക്കുന്നുണ്ടെങ്കിലും, തിരിച്ചടിയേൽക്കുക ബ്രിട്ടനായിരിക്കുമെന്നാണ് വിലയിരുത്തൽ.
കാരണം, യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങളിലേക്ക് ഏറ്റവുമധികം സ്റ്റീൽ എത്തുന്നത് നിലവിൽ ബ്രിട്ടനിൽ നിന്നാണ്. തീരുവ കൂട്ടിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ബ്രിട്ടീഷ് കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
അല്ലെങ്കിൽ ക്വോട്ട അടിസ്ഥാനത്തിൽ തീരുവ ഇളവ് നൽകണമെന്നും ബ്രിട്ടൻ ആവശ്യപ്പെടുന്നു.
താഴ്ചയിലേക്ക് ഓഹരി?
യുഎസിൽ ഷട്ട്ഡൗൺ പ്രതിസന്ധി അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ ഓഹരി വിപണികൾ നഷ്ടത്തിലായി.
എസ് ആൻഡ് പി500 സൂചിക 0.38%, നാസ്ഡാക് 0.67%, ഡൗ ജോൺസ് 0.20% എന്നിങ്ങനെ താഴ്ന്നു. ഫ്യൂച്ചേഴ്സ് വിപണിയിൽ നേട്ടം 0.07% വരെ മാത്രമാണ്.
കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ഇന്നു പുറത്തുവരുന്ന കഴിഞ്ഞ പണനയ നിർണയ യോഗത്തിന്റെ മിനിറ്റ്സിലേക്കാണ് ഏവരുടെയും ഉറ്റുനോട്ടം. പലിശനിരക്കിന്റെ ദിശ സംബന്ധിച്ച് ഫെഡ് അംഗങ്ങൾ രേഖപ്പെടുത്തിയ അഭിപ്രായ പ്രകടനങ്ങൾ ഓഹരിയെയും സ്വർണത്തെയും സ്വാധീനിക്കും.
∙ ഏഷ്യയിൽ റെക്കോർഡ് നേട്ടത്തിന്റെ ട്രാക്കിൽ നിന്ന് ജാപ്പനീസ് നിക്കേയ് താഴെവീണെങ്കിലും പിന്നീട് തിരിച്ചുകയറി.
നിലവിൽ 0.12% ഉയർന്നാണ് വ്യാപാരം.
∙ ചൈനയിൽ ഷാങ്ഹായ് സൂചിക 0.52% കയറി; ഹോങ്കോങ് സൂചിക 1.12% ഇടിഞ്ഞു.
∙ ഫ്രാൻസിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അയവില്ല. പ്രസിഡന്റ് ഇമ്മാനുവൽ മക്രോ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
അതേസമയം, യൂറോപ്യൻ ഓഹരികൾ പൊതുവേ നേട്ടത്തിലേറി. ഡാക്സ് 0.03%, എഫ്ടിഎസ്ഇ 0.05% എന്നിങ്ങനെ ഉയർന്നു.
ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റി നെഗറ്റീവ്
ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 20 പോയിന്റ് താഴ്ന്ന് വ്യാപാരം ചെയ്തു.
എന്നാൽ, കഴിഞ്ഞദിവസങ്ങളിൽ ഇതുഗൗനിക്കാതെ നേട്ടത്തിലാണ് സെൻസെക്സും നിഫ്റ്റിയും വ്യാപാരം പൂർത്തിയാക്കിയത്. ഇരു സൂചികകളും ഇന്നലെ 0.17% വരെ മാത്രം നേട്ടം രേഖപ്പെടുത്തി.
∙ കോർപറേറ്റ് കമ്പനികളുടെ സെപ്റ്റംബർപാദ പ്രവർത്തനഫലം സംബന്ധിച്ച ആശങ്കയും ആകാംക്ഷയുമാകും ഓഹരി വിപണിയെ പ്രധാനമായും ഇനി സ്വാധീനിക്കുക.
∙ ദീപാവലി ഉത്സവകാല ഡിമാൻഡ് കരുത്താകുമെന്നും പ്രതീക്ഷിക്കുന്നു.
∙ രൂപ ഇന്നലെ ഡോളറിനെതിരെ 3 പൈസ താഴ്ന്ന് 88.77ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഡോളർ ഇൻഡക്സ് ഉയരുന്നത് തിരിച്ചടിയാണ്. ക്രൂഡ് വില വർധനയും സമ്മർദമാകുന്നു.
∙ ക്രൂഡ് ഓയിൽ വില ഡബ്ല്യുടിഐ ബാരലിന് 0.83% ഉയർന്ന് 62.24 ഡോളറായി.
ബ്രെന്റ് വില 0.75% ഉയർന്ന് 65.94 ഡോളറും. ഉൽപാദനം കൂട്ടാൻ ഒപെക് പ്ലസ് തീരുമാനിച്ചെങ്കിലും പ്രതീക്ഷിച്ച വർധന ഇല്ലാത്തതാണ് വില കൂടാൻ പ്രധാന കാരണം.
റെക്കോർഡ് തകർത്ത് സ്വർണ മുന്നേറ്റം
രാജ്യാന്തര സ്വർണവില ചരിത്രത്തിലാദ്യമായി ഔൺസിന് 4,000 ഡോളർ ഭേദിച്ചു.
സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ഗോൾഡ് ഇടിഎഫുകൾക്ക് കിട്ടുന്ന വൻ സ്വീകാര്യതയാണ് നിലവിലെ വിലക്കുതിപ്പിന് മുക്യകാരണം. 54 ഡോളർ ഉയർന്ന് 4,006.16 ഡോളറിലാണ് ഇന്നുരാവിലെ വിലയെത്തിയത്.
കേരളത്തിൽ ഇന്നു പവൻവില 90,000 രൂപ കടക്കുമെന്ന് ഏറക്കുറെ ഉറപ്പായി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]