
ഹരിയാനയിൽ ബിജെപിക്ക് വിജയം സമ്മാനിച്ച തിരഞ്ഞെടുപ്പ് ട്വിസ്റ്റിൽ മിന്നി കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും അദാനി ഗ്രൂപ്പിന്റെയും ഓഹരികൾ. ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിന് കീഴിലെ എല്ലാ കമ്പനികളുടെയും ഓഹരികളും മികച്ച നേട്ടത്തിലാണ്. ഹരിയാനയിൽ വോട്ടെണ്ണലിന്റെ തുടക്കത്തിൽ പിന്നാക്കമായിരുന്ന ബിജെപി പിന്നീട് തിരിച്ചുകയറി, അധികാരത്തിൽ ഹാട്രിക് നേട്ടം ഉറപ്പാക്കിയതോടെയാണ് പൊതുമേഖലാ കമ്പനികളുടെയും അദാനിക്കമ്പനികളുടെയും ഓഹരികൾ നേട്ടത്തിന്റെ ട്രാക്ക് പിടിച്ചത്.
റെയിൽവേ, പ്രതിരോധ രംഗത്തെ കമ്പനികളുടെ ഓഹരികൾക്കാണ് കൂടുതൽ നേട്ടം. റെയിൽ വികാസ് നിഗം (ആർവിഎൻഎൽ), ഹഡ്കോ, പിഎഫ്സി, ഇർകോൺ, എച്ച്എഎൽ, ഭാരത് ഇലക്ട്രോണിക്സ് (ബെൽ), മാസഗോൺ ഡോക്ക്, കേരളക്കമ്പനിയായ കൊച്ചിൻ ഷിപ്പ്യാർഡ് എന്നിവ 4-8 ശതമാനം നേട്ടത്തിലേറി.
അദാനി ഗ്രൂപ്പിന് കീഴിലെ എല്ലാ കമ്പനികളും മികച്ച നേട്ടമുണ്ടാക്കി. അദാനി എനർജി സൊല്യൂഷൻസ് 7.49 ശതമാനവും അദാനി പോർട്സ് 4.33 ശതമാനവും ഉയർന്നു. അദാനി ഗ്രൂപ്പ് കമ്പനികളുടെ സംയോജിത വിപണിമൂല്യം 56,700 കോടി രൂപയോളം വർധിച്ച് 16.40 ലക്ഷം കോടി രൂപയുമായി. അദാനി എന്റർപ്രൈസസ് 3.94%, എൻഡിടിവി 3.29%, അദാനി ഗ്രീൻ എനർജി 2.55%, അദാനി ടോട്ടൽ ഗ്യാസ് 2.38%, അദാനി പവർ 2.18%, അദാനി വിൽമർ 1.93% എന്നിങ്ങനെ നേട്ടത്തിലാണ്. എസിസി, അംബുജ സിമന്റ് എന്നിവ 0.7-1.15 ശതമാനവും ഉയർന്നിട്ടുണ്ട്.
തിരിച്ചുകയറി ഓഹരി വിപണി
ഇറാൻ-ഇസ്രയേൽ സംഘർഷം, ചൈനീസ് വിപണിയിലേക്കുള്ള വിദേശ നിക്ഷേപകരുടെ കൂടുമാറ്റം തുടങ്ങിയ പ്രതിസന്ധികൾ മൂലം കഴിഞ്ഞ വ്യാപാര സെഷനുകളിൽ ചോരപ്പുഴയായി മാറിയ ഇന്ത്യൻ ഓഹി വിപണിയിൽ ഇന്ന് കാറ്റ് മാറി വീശുകയാണ്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിൽ താഴെപ്പോയ സെൻസെക്സും നിഫ്റ്റിയും പിന്നീട് നേട്ടത്തിന്റെ പാത തിരികെപ്പിടിച്ചു.
ചൈന പ്രഖ്യാപിച്ച ഉത്തേജക പദ്ധതികൾ ഇന്ത്യക്ക് ദീർഘകാല ഭീഷണിയാവില്ലെന്ന വിലയിരുത്തൽ ശക്തമാണ്. നിക്ഷേപകരെ പൂർണമായി തൃപ്തിപ്പെടുത്താൻ ഉത്തേജക പദ്ധതികൾക്ക് കഴിഞ്ഞിട്ടില്ലെന്ന നിരീക്ഷണവുമുണ്ട്. ഹോങ്കോങ് ഓഹരി വിപണി 9 ശതമാനത്തിലധികം ഇടിഞ്ഞത് ഇതിന്റെ സൂചനയായാണ് കാണുന്നത്. 16 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്.
ഇന്ത്യയിൽ കഴിഞ്ഞ ദിവസങ്ങളിലെ വീഴ്ച മുതലെടുത്ത് നിരവധി കമ്പനികളുടെ ഓഹരികളിൽ ഇന്ന് വാങ്ങൽ താൽപര്യമുണ്ടായതും ഓഹരി വിപണിക്ക് നേട്ടമായി. നാളെ റിസർവ് ബാങ്ക് പണനയം പ്രഖ്യാപിക്കാനിരിക്കേ നിക്ഷേപകർക്കിടയിൽ ജാഗ്രതയും പ്രകടമാണ്. ലിസ്റ്റഡ് കമ്പനികൾ ഇക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിട്ടു തുടങ്ങുന്നു എന്നതും നിക്ഷേപകരെ ജാഗ്രതയിലാക്കുന്നുണ്ട്.
ബിജെപിക്കരുത്തിൽ ഉണർവ്
ഹരിയാനയിൽ ആദ്യം തോറ്റെന്ന് കരുതിയയിടത്തു നിന്നാണ് ബിജെപി വിജയത്തിലേക്ക് തിരിച്ചുകയറിയത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ നിറംമങ്ങിയ വിജയത്തിന്റെ നിരാശ മറക്കാമെന്നത് മാത്രമല്ല, ഹരിയാനയിലെ കർഷകരുടെ പിന്തുണ കൂടി കിട്ടിയെന്ന വാദവും ഇനി ബിജെപിക്ക് ഉന്നയിക്കാമെന്നതാണ് പ്രസക്തി. കേന്ദ്രം ഭരിക്കുന്ന പാർട്ടി സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നത് ഓഹരി വിപണിക്ക് പൊതുവേ കരുത്താകാറുമുണ്ട്.
New Delhi: Prime Minister Narendra Modi waves at supporters as he, along with BJP President Amit Shah, arrives at the party headquarters to celebrate the party’s victory in the 2019 Lok Sabha elections, in New Delhi, Thursday, May 23, 2019. (PTI Photo/Ravi Choudhary) (PTI5_23_2019_000463B)
ഇന്ന് തുടക്കത്തിൽ ബിജെപി പിന്നിലായിരുന്ന ഘട്ടത്തിൽ ഓഹരി വിപണിയും താഴ്ചയിലായിരുന്നു. പിന്നീടാണ് മികച്ച നേട്ടത്തിലേക്ക് ഉയർന്നത്. ടാറ്റാക്കമ്പനിയായ ട്രെന്റ്, അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, ബെൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയാണ് 2.6-7.44% ഉയർന്ന് നിഫ്റ്റി50ൽ നേട്ടത്തിൽ മുന്നിൽ. ചൈനീസ് ഉത്തേജക പാക്കേജിന്റെ പശ്ചാത്തലത്തിൽ സ്റ്റീൽ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലായി. ടാറ്റാ സ്റ്റീലാണ് 3.24% താഴ്ന്ന് നിഫ്റ്റി50ൽ നഷ്ടത്തിൽ ഒന്നാമത്. എസ്ബിഐ ലൈഫ്, ടൈറ്റൻ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ എന്നിവയാണ് 3.22% വരെ ഇടിഞ്ഞ് തൊട്ടുപിന്നാലെയുള്ളത്.
ബോംബെ സ്റ്റോക് എക്സ്ചേഞ്ച് (File Photo: IANS)
ലാബ് നിർമിത വജ്രങ്ങളുടെ (എൽജിഡി) പുതിയ ബ്രാൻഡായ പോം (Pome) അവതരിപ്പിക്കാനുള്ള നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് ട്രെന്റ് ഓഹരികൾ ഇന്ന് മുന്നേറുന്നത്. ഓഹരിവില 8 ശതമാനത്തിലധികം മുന്നേറി എക്കാലത്തെയും ഉയരമായ 8,073 രൂപവരെ ഉയർന്നു. 2.86 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം. വസ്ത്ര വിൽപനരംഗത്തെ തരംഗമായി മാറിയ സുഡിയോ ബ്രാൻഡിന് സമാനമായാണ് പോമിനെയും നിരീക്ഷകർ വിലയിരുത്തുന്നത്. ”ജ്വല്ലറി രംഗത്തെ സുഡിയോ” എന്നാണ് വിശേഷണവും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]