കൊച്ചി: കൊച്ചിയിൽ നിന്നും ബാങ്കോക്കിലേക്കുള്ള വിമാന സർവീസുകൾക്ക് തുടക്കമിട്ട് എയർ ഇന്ത്യ എക്സ്പ്രസ്. ഒക്ടോബർ 25 മുതൽ കൊച്ചി–ബാങ്കോക്ക്–കൊച്ചി റൂട്ടിൽ പുതിയ സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ആഴ്ചയിൽ നാല് ദിവസങ്ങളിലായിട്ടായിരിക്കും സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഞായർ, ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലാണ് വിമാന സർവീസ് ഉണ്ടാവുക.
കൊച്ചിയിൽ നിന്ന് രാത്രി 10.15ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 3.55ന് ബാങ്കോക്കിൽ എത്തിച്ചേരും. തുടർന്ന് മടക്കയാത്രയായി ബാങ്കോക്കിൽ നിന്ന് പുലർച്ചെ 4.55ന് പുറപ്പെട്ട് രാവിലെ 7.40ന് കൊച്ചിയിൽ തിരിച്ചെത്തുന്ന രീതിയിലാണ് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.
ഈ സർവീസുകൾക്കായി ബോയിങ് 737 വിമാനമാണ് കമ്പനി ഉപയോഗിക്കുന്നത്. നിലവിൽ എയർ ഏഷ്യ, തായ് ലയൺ എയർ എന്നീ വിമാനക്കമ്പനികളും കൊച്ചിയിൽ നിന്ന് ബാങ്കോക്കിലേക്ക് സർവീസുകൾ നടത്തുന്നുണ്ട്.
ഇതോടൊപ്പം എയർ ഇന്ത്യ എക്സ്പ്രസിന്റെ കാബിൻ ക്രൂ അംഗങ്ങൾക്കായി പുതിയ യൂണിഫോമും പുറത്തിറക്കിയിട്ടുണ്ട്. നെറ്റ്വർക്കിലുടനീളമുള്ള കാബിൻ ക്രൂവിനും ഫ്രണ്ട്ലൈൻ സ്റ്റാഫുകൾക്കുമാണ് പുതിയ യൂണിഫോം ഏർപ്പെടുത്തിയിരിക്കുന്നത്.
എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘ടെയ്ൽസ് ഓഫ് ഇന്ത്യ’ ക്യാംപെയ്നിന് അനുസൃതമായാണ് പുതിയ മാറ്റം. ഇന്ത്യയിലെ തനത് വസ്ത്ര നിർമാണ പാരമ്പര്യത്തെയും പരമ്പരാഗത കരകൗശല വിദ്യകളെയും അടിസ്ഥാനമാക്കിയാണ് ഈ പുതിയ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്.
സ്ഥാപനത്തിന്റെ ഇൻ-ഹൗസ് ഡിസൈനറായ പൂജ കൃഷ്ണൻ ആണ് ഈ യൂണിഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിലെ കാഞ്ചീവരം, ഹിമാചൽ പ്രദേശിലെ പട്ടു, ഗുജറാത്തിലെ പടോല, അസമിലെ ഗമോസ, മധ്യപ്രദേശിലെ ബാഗ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലെ തനതായ ഡിസൈൻ ഘടകങ്ങൾ പുതിയ യൂണിഫോമിൽ സമന്വയിപ്പിച്ചിരിക്കുന്നു.
സുഖകരമായ യാത്രാനുഭവത്തിനായി ബനാന ക്രേപ്പ് തുണിയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

