ജിഎസ്ടി ഇളവുകൾ അഴിച്ചുവിട്ട പ്രതീക്ഷകളുടെ കൊടുങ്കാറ്റ് ഓഹരി വിപണിയിൽ ഇതുവരെ എത്തിയിട്ടില്ല.
ഇളവുകൾ വരുന്നതോടെ ഓട്ടോ, എഫ്എംസിജി, ഇൻഷുറൻസ്, ഹെൽത്ത് കെയർ, കൺസ്യൂമർ ഡ്യൂറബിൾസ്, വൈറ്റ് ഗുഡ്സ്, എൻബിഎഫ്സി എന്നീ മേഖലകൾ കുതിക്കുമെന്നും മാസങ്ങളായി തളർന്നു കിടക്കുന്ന ഓഹരി വിപണിയെ പുതിയ ഉയരത്തിൽ എത്തിക്കുമെന്നുമാണ് സർക്കാരും ധനശാസ്ത്രജ്ഞരും നയരൂപീകരണ വിദഗ്ധരും കണക്കുകൂട്ടുന്നത്. പ്രധാനപ്പെട്ട
ഓട്ടമൊബീൽ കമ്പനികളെല്ലാം വില കുറച്ച് രംഗത്തെത്തിയിട്ടുണ്ട്. ജനറിക് മരുന്നുകൾക്ക് താരിഫ് ഉണ്ടാകില്ലെന്നതുൾപ്പെടെ ഡോണൾഡ് ട്രംപ് നടത്തിയ പുതിയ പ്രഖ്യാപനങ്ങളും വിപണി ഉറ്റുനോക്കുന്നുണ്ട്.
ജിഎസ്ടി കൗൺസിൽ ഇളവുകൾ പ്രഖ്യാപിച്ചതിന്റെ അടുത്ത രണ്ടു വ്യാപാര ദിനങ്ങളിലും ഈ മേഖലകളിലെ ചില കമ്പനികളുടെ ഓഹരികൾ ഉയർന്നതല്ലാതെ വലിയ കുതിപ്പ് വിപണിയിലുണ്ടായിട്ടില്ല.
ഉയർന്ന ഓഹരികളുണ്ടാക്കിയ നേട്ടമാകട്ടെ, വ്യാപകമായ ലാഭമെടുപ്പിലേക്കും നയിച്ചു. അതുകൊണ്ടുതന്നെ സെൻസെക്സും നിഫ്റ്റിയും നിന്നിടത്തു നിന്നുതിരിഞ്ഞതല്ലാതെ മുകളിലേക്കു കയറിയില്ല.
കുറെ നാളുകളായി വിപണി ഇറക്കത്തിലായതിനാൽ ഓഹരികൾ ന്യായവിലയിൽ എത്തിയിട്ടുണ്ടെന്നാണ് വിപണി നിരീക്ഷകർ പറയുന്നത്.
എന്നിട്ടും ലാഭമെടുപ്പ് വിപണിയെ വേട്ടയാടുന്നുണ്ടങ്കിൽ ട്രംപ് തുറന്നു വിട്ട ഇരട്ടത്തീരുവ ഭൂതത്തെ വിപണി വല്ലാതെ ഭയപ്പെടുന്നുണ്ട്.
അതിനെ മെരുക്കാൻ സർക്കാർ കളത്തിലിറക്കിയ നികുതി ഇളവുകളുടെ ശക്തിയെക്കുറിച്ച് വിപണിക്ക് ഇതുവരെ ബോധ്യമായിട്ടില്ലെന്നു വേണം അനുമാനിക്കാൻ.
മുൻനിര നിക്ഷേപകർ അവർ വാങ്ങുന്ന ഓഹരികൾ അധികനാൾ സൂക്ഷിക്കാതെ ലാഭമെന്നു തോന്നുന്ന നിമിഷം വിറ്റൊഴിയുകയാണ്. ഈ ലാഭമെടുപ്പ് നാളുകളായി തുടരുന്നതിനാൽ, വിപണി ഏതാണ്ട് ഒരേ നിലയിൽ തുടരുന്നു.
ഈ നില വരും ദിവസങ്ങളിലും തുടരാൻ സാധ്യതയുള്ളതുകൊണ്ടും വിൽപനയും വാങ്ങലും ഏതാണ്ട് തുല്യമായി പോകുന്നതുകൊണ്ടും ഈ ആഴ്ചയിലും വിപണിയിൽ വലിയ കയറ്റത്തിനോ ഇറക്കത്തിനോ സാധ്യതയില്ല.
വെള്ളിയാഴ്ച 24,741ൽ ക്ലോസ് ചെയ്ത നിഫ്റ്റി 25,000ൽ എത്തിയാലേ വിപണി കരടി പിടിയിൽ നിന്ന് സ്വതന്ത്രമായെന്നു പറയാനാകൂ. അവിടെയെത്തിയാൽ മുന്നേറ്റത്തിനു സാധ്യതയുണ്ടന്നാണ് വിപണി വിദഗ്ധർ പറയുന്നു.
നികുതി ഇളവുകൊണ്ടു വിചാരിച്ച ഫലം ഉണ്ടാവുകയും ട്രംപ് ഉയർത്തുന്ന തീരുവ ഭീഷണി മറികടക്കുകയും ചെയ്താലേ വിപണിക്ക് മുന്നോട്ടു നീങ്ങാൻ കഴിയൂ.
ഇന്ത്യയിൽ അതിവേഗം വളരുന്ന മധ്യവർഗം, നികുതിയിളവു നിലവിൽ വരുന്നതോടെ നിത്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലുമുള്ള അവരുടെ വാങ്ങൽ വർധിപ്പിക്കുമെന്നും ഇതു വിൽപന വ്യാപ്തി ( വോളിയം ഓഫ് സെയിൽസ്) കൂട്ടുമെന്നും അങ്ങനെ വിപണി വലുപ്പം ( മാർക്കറ്റ് സൈസ്) കൂടുമെന്നുമാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.
ഇതു യുക്തിഭദ്രമെന്നു തോന്നാമെങ്കിലും സ്വതന്ത്ര ധനശാസ്ത്രജ്ഞന്മാർ ഈ യുക്തിയിൽ ഒരു നുള്ള് ഉപ്പും ചേർത്തു കഴിക്കണമെന്ന അഭിപ്രായമുള്ളവരാണ്. നികുതി ഇളവുകൊണ്ട് പ്രയോജനം കിട്ടുമെന്നു പ്രതീക്ഷിക്കുന്ന മേഖലയിൽ സ്വാഭാവിക വളർച്ചയ്ക്കപ്പുറം, തീരുവ പ്രതിസന്ധി മറികടക്കാനുള്ള വളർച്ച അവർ പ്രതീക്ഷിക്കുന്നില്ല.
നികുതി കുറച്ചതുകൊണ്ട് വിപണിയിലുണ്ടാകുന്ന വളർച്ചയ്ക്ക് നവരാത്രിക്കാലം വരെ കാത്തിരിക്കേണ്ടി വരും.
നികുതി ഇളവിന്റെ ഫലം ജനങ്ങളിലേക്കെത്തുമെന്നോയുള്ള സന്ദേഹത്തിനും മറുപടി കിട്ടണം. കഴിഞ്ഞ കാലങ്ങളിലെ പല ഇളവുകളും ജനങ്ങളിൽ എത്തിയിട്ടില്ല എന്ന വിമർശനം ബാക്കിയാണ്.
ആഗോളീകരണത്തോടെ ഇതിൽ ഇടപെടാനുള്ള സർക്കാരിന്റെ ശക്തി ക്ഷയിച്ചു പോയി. സ്വതന്ത്ര വിപണിയിൽ സർക്കാർ ഇടപെട്ടാൽ, അവിടെ നിക്ഷേപം നടത്താൻ വിദേശ കമ്പനികൾ മടിക്കും.
അമേരിക്കൻ വിപണിയുടെ വാതിൽ ഏതാണ്ട് കൊട്ടിയടച്ചതോടെ ഇപ്പോൾ ഇന്ത്യയുടെ നോട്ടം ചൈനീസ് വിപണിയാണ്.
ചൈന എന്ന ലോകത്തെ ഏറ്റവും വലിയ വിതരണ ശൃംഖലയിലേക്കു നമുക്ക് എന്ത് കയറ്റിയയയ്ക്കാൻ കഴിയുമെന്നുള്ളതിന് വ്യക്തതയില്ല. തന്നെയുമല്ല, ഒരു വ്യപാരക്കരാറിൽ എത്തിച്ചേരാൻ വർഷങ്ങളെടുക്കും.
ഇന്ത്യ വ്യാപാര ഭൂപടം മാറ്റിവരയ്ക്കാൻ ശ്രമിക്കുകയാണ്. അതു പൂർത്തീകരിക്കാൻ വർഷങ്ങൾ വേണ്ടിവരും.
അപ്പോഴേക്കും നമ്മുടെ വ്യവസായ, വാണിജ്യ മേഖലകളുടെ ചിത്രം എന്തായിരിക്കുമെന്നതാണ് പ്രസക്തമായ ചോദ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]