ന്യൂഡൽഹി∙ വാഹന വിൽപനയിൽ റെക്കോർഡ് നേട്ടവുമായി മാരുതി സുസുക്കി ഇന്ത്യ. ഓഗസ്റ്റിൽ 3,60,897 യൂണിറ്റുകളാണ് വിറ്റത്. കമ്പനിയുടെ ചരിത്രത്തിൽ ഏതെങ്കിലും മാസത്തെ ഏറ്റവും ഉയർന്ന വിൽപനയാണ് ഇതെന്നു സീനിയർ എക്സിക്യൂട്ടീവ് ഓഫിസർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 3,55,400 വാഹനങ്ങൾ വിറ്റ റെക്കോർഡാണ് തകർന്നത്. ഗ്രാൻഡ് വിറ്റാര, ബ്രെസ, ജിംനി എന്നിവയുൾപ്പെടുന്ന എസ്യുവി വിഭാഗത്തിലാണ് ഗംഭീര വിൽപന നടന്നത്. എസ്യുവി വിൽപനയിൽ മാരുതി ഒന്നാമത് എത്തിയതായി ശ്രീവാസ്തവ പറഞ്ഞു. രാജ്യത്ത് ഉത്സവ വിൽപനയ്ക്കു തുടക്കമാകുന്ന ഓണക്കാലത്തെ നേട്ടം
ഈ വർഷത്തെ വലിയ തുടക്കമായാണ് വാഹന നിർമാതാക്കൾ കാണുന്നത്. കേരളത്തിൽ ഓണം പ്രമാണിച്ച് 25% വിൽപന വർധനയാണ് മാരുതി നേടിയത്. മാരുതിക്കു പുറമേ ഹ്യുണ്ടായ് മോട്ടർ ഇന്ത്യ, മഹിന്ദ്ര ആൻഡ് മഹിന്ദ്ര, ടൊയോട്ട കിർലോസ്കർ മോട്ടർ എന്നിവയും വാഹന വിൽപനയിൽ നേട്ടം കൊയ്തു. എന്നാൽ മുൻനിര നിർമാതാക്കളിൽ ടാറ്റ മോട്ടോഴ്സിനു മാത്രം വിൽപനയിൽ ഇടിവുണ്ടായി. 3.5% ഇടിവോടെ 45,513 വാഹനങ്ങളാണ് ടാറ്റ വിറ്റത്.
ഇരുചക്ര വാഹന വിപണിയിൽ സമ്മിശ്ര പ്രതികരണമാണ്. വാണിജ്യ വാഹനങ്ങളടക്കം ബജാജ് ഓട്ടോയുടെ വിൽപനയിൽ 15% ഇടിവുണ്ടായി. വിൽപന: 3,41,648 യൂണിറ്റ്. ടിവിഎസ് മോട്ടർ 4% വർധന നേടി; 3,45,848 യൂണിറ്റ്. റോയൽ എൻഫീൽഡ് 11% വർധനയോടെ 77,583 വാഹനങ്ങളും വിറ്റു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
Content Highlight: Automotive industry, Car Sale