തിരുവനന്തപുരം∙ ചില്ല്, പ്ലാസ്റ്റിക് കുപ്പികൾക്കു പുറമേ മദ്യം ടെട്രാ പായ്ക്കിലാക്കി വിൽക്കാനുള്ള പദ്ധതിയുമായി ബവ്റിജസ് കോർപറേഷൻ. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുകയും 375 മില്ലി ലീറ്റർ (പൈന്റ്) വിഭാഗത്തിൽ കൂടി സ്വന്തം ബ്രാൻഡ് വിപണിയിലെത്തിക്കുകയുമാണു ലക്ഷ്യം. പ്ലാന്റ് നിർമിക്കാൻ 17 കോടി രൂപ ചെലവിടേണ്ടിവരും.

 എക്സൈസ് വകുപ്പിന്റെ അനുമതിയാണു പ്രധാനം. ബോട്‌ലിങ് സംബന്ധിച്ച ചട്ടങ്ങളിൽ മാറ്റം വേണ്ടിവരും. ബവ്കോയ്ക്ക് അനുമതി ലഭിച്ചാൽ മറ്റു മദ്യക്കമ്പനികളും ആ വഴിക്കു തിരിഞ്ഞേക്കാം. കുപ്പി മാത്രം കണ്ടു ശീലിച്ച കേരളത്തിലെ മദ്യവിപണിയിൽ ഇത് അടിമുടി മാറ്റമുണ്ടാക്കും. 

പ്ലാസ്റ്റിക് കുപ്പികളിലാണു കേരളത്തിൽ ഏറ്റവുമധികം മദ്യം വിൽക്കുന്നത്. ഏറ്റവുമധികം വിൽപന 375 മില്ലി ലീറ്റർ(പൈന്റ്) കുപ്പികളും. ബവ്കോയുടെ സ്വന്തം ബ്രാൻഡ് ആയ ജവാൻ നിലവിൽ 750 എംഎൽ, 1000 ലീറ്റർ കുപ്പികളിൽ മാത്രമേ വിപണിയിലുള്ളൂ. പാലക്കാട്ടെ മലബാർ ഡിസ്റ്റിലറിയിൽ കൂടി മദ്യ ഉൽപാദനം തുടങ്ങുന്ന സാഹചര്യത്തിലാണു സ്വന്തം ബ്രാൻഡുകൾ ടെട്രാ പായ്ക്കിലേക്കു കൂടി മാറ്റാനുള്ള ബവ്കോയുടെ ആലോചന. 

‘വെള്ളം പാടില്ല, മദ്യമെങ്കിൽ പ്ലാസ്റ്റിക്കിന് നോ പ്രോബ്ലം’

തിരുവനന്തപുരം ∙ അര ലീറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം വിൽക്കുന്നതു നിരോധിച്ച സർക്കാർ ഉത്തരവ് മദ്യക്കുപ്പികൾക്കു ബാധകമല്ലെന്നു നികുതി വകുപ്പ്. 

എക്സൈസ് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു തീരുമാനം.  പ്ലാസ്റ്റിക് പെറ്റ് ബോട്ടിലിനു ബാധകമായ 2019ലെ ഉത്തരവ് മദ്യക്കുപ്പികൾക്കും ബാധകമാക്കണമെന്നാവശ്യപ്പെട്ട ഹർജിയിൽ രണ്ടു മാസത്തിനകം  തീരുമാനമെടുക്കാൻ ഹൈക്കോടതി സർക്കാരിനോടു കഴിഞ്ഞ ഏപ്രിലിൽ നിർദേശിച്ചിരുന്നു. പരാതിക്കാരൻ, മലിനീകരണ നിയന്ത്രണ ബോർഡ്, ബവ്കോ, മദ്യക്കമ്പനികൾ എന്നിവരുടെ വാദം കേട്ട ശേഷമാണ് എക്സൈസ് കമ്മിഷണർ റിപ്പോർട്ട് നൽകിയത്. 

2019 ലെ ഉത്തരവ് വെള്ളം വിൽക്കുന്നതിനു മാത്രമാണു ബാധകമെന്ന് ഇതിനുശേഷം ഉത്തരവിലൂടെ തന്നെ പലവട്ടം വ്യക്തത വരുത്തിയിട്ടുണ്ടെന്നു മലിനീകരണ നിയന്ത്രണബോർഡും മദ്യക്കുപ്പികൾക്കു ബാധകമാക്കുന്നത് ഈ വ്യവസായത്തെ തകർക്കുമെന്നു ബവ്കോയും ചൂണ്ടിക്കാട്ടി. പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരിച്ചെടുക്കുന്നുണ്ടെന്നു നിർമാതാക്കൾ ഉറപ്പാക്കുന്നുണ്ടെന്നും എന്നാൽ, ചില്ലു കുപ്പികൾ ഉപേക്ഷിക്കപ്പെടുകയാണു ചെയ്യുന്നതെന്നും മദ്യക്കമ്പനികളും വാദിച്ചു. 

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: https://www.manoramaonline.com/business.html

English Summary:

Liquor in tetra pack aims to reduce plastic usage. The Kerala State Beverages Corporation plans to sell liquor in tetra packs in addition to glass and plastic bottles, investing ₹17 crore in a new plant.