
ഇന്ത്യയിലെ രണ്ടാമത്തെ വലിയ സമ്പന്നനും ലോകത്തെ ഏറ്റവും വലിയ ശതകോടീശ്വരന്മാരിൽ 20-ാം റാങ്കുകാരനുമാണെങ്കിലും അദാനി ഗ്രൂപ്പ് (Adani Group) ചെയർമാൻ ഗൗതം അദാനിക്ക് (Gautam Adani) ശമ്പളം പക്ഷേ, ഈ രംഗത്തെ മറ്റു പ്രമുഖരേക്കാൾ നന്നേ കുറവ്. അദാനിക്കും മകൻ കരൺ അദാനിക്കും (Karan Adani) ഗ്രൂപ്പിലെ മറ്റ് ചീഫ് എക്സിക്യൂട്ടീവുകളേക്കാളും ഏറെ കുറഞ്ഞ ശമ്പളവുമാണുള്ളതെന്ന് കമ്പനിയുടെ വാർഷിക കണക്കുകൾ വ്യക്തമാക്കുന്നു.
വൈദ്യുതി, തുറമുഖം, അടിസ്ഥാനസൗകര്യം, വിമാനത്താവളം, പ്രതിരോധം, കൽക്കരി, എഫ്എംസിജി തുടങ്ങിയ വൈവിധ്യമേഖലകളിൽ സാന്നിധ്യമുള്ള അദാനി ഗ്രൂപ്പിന് കീഴിലെ ലിസ്റ്റഡ് കമ്പനികളിൽ രണ്ടെണ്ണത്തിൽ നിന്നുമാത്രമാണ് ഗൗതം അദാനി (62) കഴിഞ്ഞ സാമ്പത്തികവർഷം (2024-25) ശമ്പളം കൈപ്പറ്റിയത്. അദ്ദേഹം കഴിഞ്ഞവർഷം നേടിയ ആകെ വേതനം 10.41 കോടി രൂപ.
2023-24ലെ 9.26 കോടി രൂപയേക്കാൾ 12% അധികം. ഗ്രൂപ്പിലെ മുഖ്യകമ്പനിയായ അദാനി എന്റർപ്രൈസസിൽ നിന്ന് 2.26 കോടി രൂപ അടിസ്ഥാന ശമ്പളം, മറ്റ് ആനുകൂല്യങ്ങളായി 28 ലക്ഷം രൂപ എന്നിങ്ങനെയാണ് ലഭിച്ചത്.
ആകെ 2.54 കോടി രൂപ. മുൻവർഷത്തെ 2.46 കോടി രൂപയേക്കാൾ ഉയർന്നു.
അദാനി പോർട്സിൽ നിന്നാണ് അദ്ദേഹം ബാക്കി വേതനം നേടിയത്. 2023-24ലെ 6.8 കോടി രൂപയിൽ നിന്ന് വേതനം 7.87 കോടി രൂപയായി ഉയർന്നു.
ഇതിൽ 1.8 കോടി രൂപ അടിസ്ഥാന ശമ്പളവും ബാക്കി 6.07 കോടി രൂപ കമ്മിഷനുമാണ്. എതിരാളികൾ ബഹുദൂരം മുന്നിൽ ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും സമ്പന്നനും ലോക സമ്പന്ന പട്ടികയിൽ 17-ാം റാങ്കുകാരനുമായ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് ശമ്പളമില്ല.
കോവിഡിന് മുമ്പ് 15 കോടി രൂപ വാർഷിക വേതനം അദ്ദേഹത്തിനുണ്ടായിരുന്നത്, കോവിഡ് കാലത്ത് വേണ്ടെന്നുവയ്ക്കുകയായിരുന്നു. അതേസമയം, ഭാരതി എയർടെൽ മേധാവി സുനിൽ ഭാരതി മിത്തലിന് 2023-24 പ്രകാരം 32.27 കോടി രൂപയും ബജാജ് ഓട്ടോ മേധാവി രാജീവ് ബജാജിന് 53.75 കോടി രൂപയും ഹീറോ മോട്ടോകോർപ്പ് ചെയർമാൻ പവൻ മുഞ്ജലിന് 109 കോടി രൂപയും വേതനമുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം എൽ ആൻഡ് ടി ചെയർമാൻ എസ്.എൻ.
സുബ്രഹ്മണ്യൻ കൈപ്പറ്റിയത് 76.25 കോടി രൂപ. ഇൻഫോസിസ് സിഇഒ സലിൽ പരേഖ് നേടിയത് 80.62 കോടി രൂപ.
എക്സിക്യൂട്ടീവുകൾക്ക് കൂടുതൽ വേതനം അദാനി ഗ്രൂപ്പിലെ മുതിർന്ന എക്സിക്യൂട്ടീവുകൾക്ക് ഗൗതം അദാനി, മകൻ കരൺ അദാനി എന്നിവരേക്കാൾ വൻ ശമ്പളമുണ്ട്. അദാനി പോർട്സിനെ നയിക്കുന്ന കരൺ അദാനിയുടെ വേതനം 7.09 കോടി രൂപ മാത്രമായിരുന്നു.
എന്നാൽ സിഇഒ അശ്വനി ഗുപ്ത നേടിയത് 10.34 കോടി രൂപ. ഗൗതം അദാനിയുടെ ഇളയ സഹോദരൻ രാജേഷ്, അദാനി എന്റർപ്രൈസസിൽ നിന്ന് 7.45 കോടി രൂപ ശമ്പളം കൈപ്പറ്റി.
Gautam Adani and Son Karan Adani (Image : adani.com)
അദാനി ഗ്രീൻ എനർജി എംഡി വിനീത് ജെയിൻ 11.23 കോടി രൂപ, ഗ്രൂപ്പ് സിഎഫ്ഒ ജുഗഷീന്ദർ സിങ് 10.4 കോടി രൂപ, അദാനി ടോട്ടൽ ഗ്യാസ് സിഇഒ സുരേഷ് പി. മംഗലാനി 8.21 കോടി രൂപ, അദാനി പവർ സിഇഒ എസ്ബി ഖയാലിയ 9.16 കോടി രൂപ, അദാനി എന്റർപ്രൈസസ് സിഇഒ വിനയ് പ്രകാശ് 69.34 കോടി രൂപ എന്നിങ്ങനെ നേടിയപ്പോൾ ഗൗതം അദാനിയുടെ അനന്തരവൻ സാഗർ അദാനി അദാനി ഗ്രീൻ എനർജിയിൽ നിന്ന് കരസ്ഥമാക്കിയത് 7.50 കോടി രൂപ.
ലോക സമ്പന്ന പട്ടികയും അദാനിയും ബ്ലൂംബെർഗിന്റെ ആഗോള ശതകോടീശ്വര പട്ടികയിൽ 8,370 കോടി ഡോളർ (ഏകദേശം 7.15 ലക്ഷം കോടി രൂപ) ആസ്തിയുമായി 20-ാം സ്ഥാനത്താണ് ഗൗതം അദാനി. 17-ാം സ്ഥാനത്തുള്ള മുകേഷ് അംബാനിയുടെ ആസ്തി 10,500 കോടി ഡോളർ (8.98 ലക്ഷം കോടി രൂപ).
മുകേഷിന്റെ ആസ്തി 2025ൽ ഇതുവരെ 35.10 കോടി ഡോളർ (3,000 കോടി രൂപ) ഉയർന്നപ്പോൾ 124 കോടി ഡോളറിന്റെ (10,600 കോടി രൂപ) വർധനയാണ് അദാനിയുടെ ആസ്തിയിലുണ്ടായത്. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business (Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]