
ഇന്ത്യൻ ഓഹരി വിപണിയിലെ ശ്രദ്ധേയ സ്വർണ (gold) ജ്വല്ലറി ബ്രാൻഡുകളായ കല്യാൺ ജ്വല്ലേഴ്സ് (Kalyan Jewellers), ടൈറ്റൻ (Titan Company), തങ്കമയിൽ ജ്വല്ലറി (Tangamayil Jewellery) തുടങ്ങിയവയ്ക്ക് തമിഴ്നാട്ടിൽ നിന്നൊരു പുതിയ എതിരാളി വരുന്നു.
ദക്ഷിണേന്ത്യയിൽ 56ഓളം ഷോറൂമുകളുള്ള ലളിതാ ജ്വല്ലറിയാണ് (Lalithaa Jewellery) 1,700 കോടി രൂപ ഉന്നമിട്ടുള്ള പ്രാരംഭ ഓഹരി വിൽപനയ്ക്ക് (IPO) ഒരുങ്ങുന്നത്. ഇതിനായുള്ള അപേക്ഷ (DRHP) ഇക്കഴിഞ്ഞ ദിവസം കമ്പനി ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യക്ക് (SEBI) സമർപ്പിച്ചു.
ഐപിഒയിൽ 1,200 കോടി രൂപയുടേത് പുതിയ ഓഹരികൾ (fresh issue) ആയിരിക്കും. ബാക്കി 500 കോടി രൂപയുടേത് നിലവിലെ ഓഹരി ഉടമയായ കിരൺ കുമാർ ജെയിൻ (Kiran Kumar Jain) ഓഫർ-ഫോർ-സെയിൽ (OFS) വഴി വിറ്റഴിക്കുന്നതുമാണ്. നിലവിലെ ഓഹരി ഉടമകൾ കൈവശമുള്ള നിശ്ചിത ഓഹരികൾ വിറ്റഴിക്കുന്ന മാർഗമാണ് ഒഎഫ്എസ്.
തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, പുതുച്ചേരി എന്നിവിടങ്ങളിൽ സാന്നിധ്യമുള്ള കമ്പനിയാണ് ലളിതാ ജ്വല്ലറി. 2021-22 മുതൽ 2023-24 വരെയുള്ള കാലയളവിൽ 43.62% ശരാശരി വാർഷിക വളർച്ച (CAGR) പ്രവർത്തന വരുമാനത്തിൽ കുറിച്ച സ്ഥാപനമാവുമാണിത്.
2023-24ൽ ലാഭം (profit) 51% ഉയർന്ന് 359.8 കോടി രൂപയും വരുമാനം (revenue) 26 ശതമാനം ഉയർന്ന് 16,788 കോടി രൂപയുമാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. 2024 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം ലാഭം 262.3 കോടി രൂപയും വരുമാനം 12,594.7 കോടി രൂപയുമാണ്.
പിസി ജ്വല്ലർ, പിഎൻ ഗാഡ്ഗിൽ ജ്വല്ലേഴ്സ്, സെൻകോ ഗോൾഡ്, ത്രിഭൊവൻദാസ് ഭീംജി ഝവേരി എന്നിവയും വിപണിയിലെ എതിരാളികളാണ്. 1985ലാണ് ലളിതാ ജ്വല്ലറിയുടെ തുടക്കം. ഐപിഒ വഴി സമാഹരിക്കുന്ന തുകയിൽ 1,015 കോടിരൂപയോളം പുതിയ 12 ഷോറൂമുകൾ സ്ഥാപിക്കാനായി ഉപയോഗിച്ചേക്കും. ബാക്കിത്തുക മറ്റ് മൂലധനപ്രവർത്തനങ്ങൾക്കും വിനിയോഗിക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)