
സ്വർണാഭരണം (gold) വാങ്ങുന്നവരെ കടുത്ത നിരാശയിലാഴ്ത്തി വീണ്ടും വിലയുടെ (gold rate today) കുതിച്ചോട്ടം. സംസ്ഥാനത്ത് (Kerala gold price) ഇന്ന് ഗ്രാമിന് 55 രൂപ വർധിച്ച് വില 9,130 രൂപയായി. 440 രൂപ ഉയർന്ന് 73,040 രൂപയാണ് പവൻ (എട്ട് ഗ്രാം) വില. പവൻ വീണ്ടും 73,000 രൂപ ഭേദിച്ചത് രണ്ടാഴ്ചത്തെ ഇടവേളയ്ക്കുശേഷം. കഴിഞ്ഞ 4 ദിവസത്തിനിടെ മാത്രം പവന് 3,000 രൂപ വർധിച്ചു; ഗ്രാമിന് 375 രൂപയും. 18 കാരറ്റ് സ്വർണവിലയും ഇന്ന് ഗ്രാമിന് 40 രൂപ ഉയർന്ന് 7,535 രൂപയായി.
വെള്ളിവില ഗ്രാമിന് 108 രൂപയിൽ തന്നെ മാറ്റമില്ലാതെ നിൽക്കുന്നു. കേരളത്തിൽ ചില കടകളിൽ ഇന്നു 18 കാരറ്റ് സ്വർണം ഗ്രാമിന് വില 7,495 രൂപയാണ്. ഇന്നു കൂടിയത് 40 രൂപ. സ്വർണവില നിർണയത്തിൽ അസോസിയേഷനുകൾ തമ്മിലെ ഭിന്നതയാണ് വില ഇത്തരത്തിൽ വേറിട്ടുനിൽക്കാൻ കാരണം.
രാജ്യാന്തര വിലയുടെ കരകയറ്റമാണ് കേരളത്തിലെ വിലയെയും സ്വാധീനിച്ചത്. ഇന്നലെ ഔൺസിന് 3,384 ഡോളറായിരുന്ന രാജ്യാന്തര വില, ഇന്നൊരുഘട്ടത്തിൽ 3,412 ഡോളറിലെത്തിയിരുന്നു. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 3,398 ഡോളറിൽ.
യുഎസിന്റെ സാമ്പത്തികഭാവി ഏറക്കുറെ മോശമായിരിക്കുമെന്ന് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ (US Fed) ചെയർമാൻ ജെറോം പവൽ (Jerome Powell) അഭിപ്രായപ്പെട്ടത് സ്വർണത്തിന് പ്രധാന നേട്ടമായി. പ്രസിഡന്റ് ട്രംപിൽ നിന്നുള്ള കനത്ത സമ്മർദത്തെയും വകവയ്ക്കാതെ പവൽ അധ്യക്ഷനായ ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (FOMC) അഥവാ പണനയ നിർണയ സമിതി അടിസ്ഥാന പലിശനിരക്ക് 4.25-4.5 ശതമാനത്തിൽ തന്നെ നിലനിർത്തിയതും സ്വർണത്തിന് തിരിച്ചുകയറാനുള്ള ഊർജമായി.
ആശങ്കവിതച്ച് പവലിന്റെ വാദങ്ങൾ
ട്രംപിന്റെ (Donald Trump) താരിഫ് നയങ്ങൾ മൂലം യുഎസിൽ പണപ്പെരുപ്പം (Inflation) കൂടുമെന്നും ജിഡിപി വളർച്ചനിരക്ക് താഴുമെന്നും തൊഴിലില്ലായ്മനിരക്ക് ഉയരുമെന്നും പറഞ്ഞ പവൽ, സാമ്പത്തികരംഗത്ത് ഇനിവരുന്നത് അനശ്ചിതാവസ്ഥയുടെ (Economic Uncertainty) കാലമാണെന്നും സൂചിപ്പിച്ചതും സ്വർണവിലയെ മുന്നോട്ട് നയിച്ചു. ‘‘പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപം’’ (safe-haven demand) എല്ലാക്കാലത്തും സ്വർണത്തിനുണ്ട്. സ്വർണാഭരണങ്ങൾക്കല്ല, ഭൗതിക സ്വർണത്തിൽ തന്നെ അധിഷ്ഠിതമായ ഗോൾഡ് ഇടിഎഫ് (Gold ETFs) നിക്ഷേപങ്ങളിലേക്കാണ് വൻതോതിൽ നിക്ഷേപമൊഴുകുക. ഇതു വില കൂടാനിടയാക്കും.
രൂപയുടെ കരകയറ്റം
യുഎസും ചൈനയും (US-China) തമ്മിലെ താരിഫ് സമവായ ചർച്ചകളിലേക്കാണ് ഇപ്പോൾ ഏവരുടെയും ഉറ്റുനോട്ടം. സമവായത്തിന് ഇരുപക്ഷവും തയാറായാൽ അതു സ്വർണ വിലക്കുതിപ്പിന്റെ ആക്കംകുറയാൻ സഹായിക്കും.
ഇന്ന് ഇന്ത്യൻ റുപ്പി (rupee) ഡോളറിനെതിരെ 19 പൈസ ഉയർന്നാണ് വ്യാപാരം ആരംഭിച്ചത്. രൂപ കരുത്താർജ്ജിച്ചില്ലായിരുന്നെങ്കിൽ ഇന്നു കേരളത്തിൽ സ്വർണവില ഇതിലുമേറെ കൂടുമായിരുന്നു. കഴിഞ്ഞമാസം 22ന് രേഖപ്പെടുത്തിയ ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയുമാണ് കേരളത്തിലെ റെക്കോർഡ്.
പൊന്നിന്റെ പണിക്കൂലി
സ്വർണാഭരണം വാങ്ങുമ്പോൾ ജിഎസ്ടി (3%), ഹോൾമാർക്ക് ഫീസ് (53.10 രൂപ), പണിക്കൂലി എന്നിവയും ബാധകമാണ്. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് ഓരോ ജ്വല്ലറിയിലും വ്യത്യാസപ്പെട്ടിരിക്കും. ഇതു 3 മുതൽ 35 ശതമാനം വരെയൊക്കെയാകാം. ബ്രാൻഡഡ്/ഡിസൈനർ ആഭരണങ്ങൾക്കാണ് കൂടുതൽ പണിക്കൂലി ഈടാക്കുന്നത്.
സ്വർണവില കുതിപ്പ് തുടരുമോ?
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിന്റെ സാമ്പത്തികസ്ഥിതി (US Economy) അത്ര ശോഭനമായിരിക്കില്ലെന്ന സൂചനയാണ് അവരുടെ തന്നെ കേന്ദ്രബാങ്കിന്റെ ചെയർമാനായ ജെറോം പവൽ നൽകിയത്. ഇത്, ആഗോള സമ്പദ്വ്യവസ്ഥയ്ക്കു തന്നെ അത്ര നല്ല വാർത്തയല്ല. യുഎസിന്റെ തളർച്ച ലോക സാമ്പത്തികമേഖലയെ തന്നെ സ്വാധീനിച്ചേക്കാം.
പുറമെ, യുക്രെയ്ൻ-റഷ്യ യുദ്ധം ശമിക്കാതിരിക്കുകയും ഇന്ത്യ-പാക്കിസ്ഥാൻ ബന്ധം കൂടുതൽ വഷളാവുകയും ചെയ്യുന്നതും സ്വർണത്തിന് തന്നെ ഗുണം ചെയ്യും. മാത്രമല്ല, ഇന്ത്യയുടെ റിസർവ് ബാങ്ക് (RBI) ഉൾപ്പെടെ ലോകത്തെ പ്രധാന കേന്ദ്രബാങ്കുകളെല്ലാം ഡോളറിനെ കൈവിട്ട് (de-Dollarisation) കരുതൽ ശേഖരത്തിലേക്ക് കൂടുതലും സ്വർണമാണ് ഇപ്പോൾ വാങ്ങിച്ചേർക്കുന്നത്. ഇതും സ്വർണവിലക്കുതിപ്പിന് വളമാകുന്നു.
സ്വർണവില നിലവിലെ ട്രെൻഡ് തുടർന്ന് 3,430 ഡോളർ ഭേദിച്ചാൽ, ആ മുന്നേറ്റം 3,500 ഡോളറിന് മുകളിലേക്കും നീങ്ങിയേക്കാമെന്നാണ് നിരീക്ഷക പ്രവചനങ്ങൾ. അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവില നികുതിയും പണിക്കൂലിയും കൂടാതെ തന്നെ 75,000 രൂപയും കടന്ന് കുതിച്ചേക്കും.