ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിന് കീഴിലുള്ള ലിസ്റ്റഡ് കമ്പനികളുടെ ഓഹരികൾ ഇന്ന് നടത്തിയത് വൻ മുന്നേറ്റം. അദാനി ഗ്രീൻ എനർജി 11.95% ഉയർന്ന് നേട്ടത്തിൽ മുന്നിലെത്തി.
അദാനി എനർജി സൊല്യൂഷൻസ് 9% മുന്നേറി.
മുഖ്യകമ്പനിയായ അദാനി എന്റർപ്രൈസസിന്റെ നേട്ടം 8.68%. എസിസി 5.23%, അദാനി പോർട്സ് 5.23%, അദാനി പവർ 3.76%, അദാനി ടോട്ടൽ ഗ്യാസ് 7.79%, അംബുജ സിമന്റ് 6.23% എന്നിങ്ങനെയും ഉയർന്നു.
കമ്പനികളുടെ സംയോജിത വിപണിമൂല്യത്തിൽ ഒരുലക്ഷം കോടി രൂപയ്ക്കടുത്ത് വർധനയും ഇന്നുണ്ടായി.
3 പ്രധാന കാരണങ്ങൾ
അദാനി ഓഹരികളുടെ മുന്നേറ്റത്തിന് ഇന്ന് സഹായിച്ചത് 3 പ്രധാന കാരണങ്ങൾ:
1) 2024ൽ ആയിരുന്നു അദാനിക്കെതിരെ ‘ഹിൻഡൻബർഗ്’ തൊടുത്തതിനേക്കാൾ വമ്പൻ ആരോപണവുമായി യുഎസ് രംഗത്തെത്തിയത്. യുഎസ് മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന്റേതായിരുന്നു (എസ്ഇസി) ഗുരുതര ആരോപണം.
അതിങ്ങനെ: ‘‘ഇന്ത്യയിലെ ചില സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി വൈദ്യുതി വിതരണ കരാറുകൾ സ്വന്തമാക്കാൻ അദാനി ശ്രമിച്ചു.
ഇക്കാര്യം മറച്ചുവച്ചും തെറ്റിദ്ധരിപ്പിച്ചും യുഎസ് നിക്ഷേപകരിൽ നിന്ന് നിക്ഷേപം നേടി’’.
അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, അനന്തരവൻ സാഗർ അദാനി എന്നിവർക്കെതിരെയായിരുന്നു ആരോപണം. അദാനി ഗ്രൂപ്പ് ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു.
കൈക്കൂലിക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് കോടതിയെ അദാനി ഗ്രൂപ്പ് സമീപിച്ചിട്ടുണ്ട്. കേസിന്മേൽ ‘പ്രീ-മോഷൻ കോൺഫറൻസ്’ അനുവദിക്കണമെന്ന അദാനിയുടെ ആവശ്യം ജഡ്ജി അംഗീകരിച്ചത് നേട്ടമായി.
അദാനിയുടെ വാദങ്ങൾ അനൗദ്യോഗികമായി കേൾക്കാൻ ജഡ്ജി സമയം അനുവദിക്കുന്നതാണിത്.
2) ബ്രോക്കറേജ് സ്ഥാപനമായ മക്വയറി ലക്ഷ്യവില (ടാർജറ്റ് പ്രൈസ്) 1320 രൂപയായി ഉയർത്തിയതും ഓഹരിക്ക് ശോഭനമായ ഭാവി പ്രവചിച്ചതും ഓഹരിയുടെ മുന്നേറ്റത്തിന് കൂടുതൽ ഊർജമായി.
3) യുഎസും ഇറാനും തൽക്കാലത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്ന് പൊതുവേ ഓഹരി വിപണി കാഴ്ചവച്ച വൻ മുന്നേറ്റത്തിന്റെ ആവേശം അദാനി ഓഹരികൾക്കും നേട്ടമായി.
∙ എന്നാൽ, സംഘർഷം ഒഴിവാകുന്നത് അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പോർട്സിന് കൂടുതൽ ആശ്വാസം സമ്മാനിച്ചു. ചരക്കുനീക്കം വീണ്ടും സജീവമാകുമെന്നത് മാത്രമല്ല, ഇസ്രയേലിലെ ഹൈഫ തുറമുഖത്തിന്റെ നിയന്ത്രണവും അദാനിക്കാണെന്നതും ശ്രദ്ധേയമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

